News
'കാപ്പ' ധരിച്ച് ഓടിയ അജ്ഞാതന്‍? വൈറല്‍ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്...!
പ്രവാചകശബ്ദം 10-02-2025 - Monday
ചങ്ങനാശ്ശേരി: വിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് കൂദാശകള്‍ക്കും വൈദികര്‍ ഉപയോഗിക്കുന്ന തിരുവസ്ത്രമായ 'കാപ്പ' ധരിച്ച് ഓടിയ അജ്ഞാതന്റെ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്ത്. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ നടന്ന സംഭവത്തിന്റെ സത്യാവസ്ഥ വിവരിച്ച് ഇടവക വികാരി ഫാ. ജോസ് വരിക്കപ്പള്ളിലാണ് രംഗത്തെത്തിയിരിക്കുന്നത്. ഇടവകയില്‍ അഭയം നല്കിയിരിക്കുന്ന മാനസിക രോഗമുള്ള ഒരു യുവാവാണ് ഇത് ചെയ്തതെന്നും സംഭവത്തില്‍ പരാതികള്‍ ഒന്നുമില്ലായെന്നും യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെന്നും ഫാ. ജോസ് വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് ഇടവക വികാരി പറയുന്നത് ഇങ്ങനെ;
സങ്കീര്‍ത്തിയില്‍ പ്രവേശിച്ച് കാപ്പ ധരിച്ച് ഓടി കയറിയ യുവാവിനും പിതാവിനും പള്ളിയില്‍ കുറച്ചു നാളായി അഭയം നല്‍കിയിരിന്നു. അപ്പന് വിവിധങ്ങളായ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അമ്മയ്ക്കും മകനും വിവിധ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്, ഈ വരുന്ന ഫെബ്രുവരി 16നു ഇവര്‍ക്ക് പുതിയ ഭവനം കൈമാറാന്‍ ഇരിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം ഈ യുവാവിന് അസുഖം കൂടുതലായിരിന്നു. ഇത് അദ്ദേഹത്തിന്റെ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിന്നു. സങ്കീര്‍ത്തി തുറന്നുകിടക്കുന്നതു കണ്ട മാനസികാസ്വസ്ഥ്യമുള്ള ഈ ചെറുപ്പക്കാരന്‍ അവിടെ പ്രവേശിച്ച് ഗ്ലോബ് കത്തിച്ച് പ്രാര്‍ത്ഥിച്ചു. ശേഷം സങ്കീര്‍ത്തിയില്‍ സൂക്ഷിച്ച 'കാപ്പ' ധരിച്ച് കുരിശുമായി ഓടുകയായിരിന്നു. ദേവാലയത്തോട് ചേര്‍ന്നുള്ള ടൈല്‍ ഷോപ്പില്‍ ഉണ്ടായിരിന്ന ആരോ ഒരാളാണ് വൈറലായ വീഡിയോ പ്രചരിപ്പിച്ചത്.
'കാപ്പ' ധരിച്ച് ഓടുന്ന കണ്ട ഉടനെ തന്നെ, യുവാവില്‍ നിന്നു കാപ്പയും കുരിശും തിരികെ വാങ്ങി. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പോലീസില്‍ അറിയിച്ചു. കേസാക്കുക എന്നതായിരിന്നില്ല ലക്ഷ്യം. മറിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ പോകുന്നതിന് തടസ്സം ഉന്നയിച്ചാല്‍ അതിന് സമ്മര്‍ദ്ധം നല്‍കുക എന്നത് മാത്രമായിരിന്നു ലക്ഷ്യം. തുടര്‍ന്നു കുറിച്ചി ഹോമിയോ ആശുപത്രിയോട് അനുബന്ധിച്ചുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് യുവാവിനെ മാറ്റി. തങ്ങള്‍ക്ക് യാതൊരു പരാതിയുമില്ല. അടുത്ത ദിവസം ഇവര്‍ക്ക് പുതിയ ഭവനം സമ്മാനിക്കാനിരിക്കെയാണ് സംഭവം നടന്നതെന്നും സമൂഹ മാധ്യമങ്ങളില്‍ വിവിധ വ്യാഖ്യാനങ്ങളോടെ നടക്കുന്നതു വ്യാജ പ്രചരണമാണെന്നും ഫാ. ജോസ് വരിക്കപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
![](/images/close.png)