News - 2024

കൊളംബിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 05-10-2019 - Saturday

ബൊഗോട്ട: കൊളംബിയയിൽ സായുധ സംഘങ്ങളുടെ പോരാട്ട വേദിയായ കൗക്കാ പ്രവിശ്യയിൽ കത്തോലിക്കാ വൈദികനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വില്ലാവിസൻസിയോ ഗ്രാമത്തിലെ ജീസസ് ഡി ലാ മിസറികോർഡിയ ഇടവക ദേവാലയത്തിന്റെ ചുമതല വഹിച്ചിരുന്ന ഫാ. ജോണി റാമോസ് എന്ന വൈദികനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദേവാലയത്തിനു സമീപമുള്ള പള്ളിവക താമസസ്ഥലത്താണ് കൈകളും, കാലുകളും കൂട്ടികെട്ടിയ നിലയിൽ വൈദികന്റെ ശരീരം കാണപ്പെട്ടത്. മോഷണ ശ്രമത്തിനിടെ കള്ളന്മാർ അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കാനാണ് സാധ്യതയെന്ന്‍ പോലീസ് നിരീക്ഷിച്ചു.

നേരത്തെ വില്ലാവിസൻസിയോ രൂപതയുടെ മോൺസിഞ്ഞോർ ഓസ്കർ ഉർബീന ഒർട്ടഗയാണ് കൊലപാതക വിവരം പുറം ലോകത്തെ അറിയിച്ചത്. ശരീരത്തിൽ നടത്തിയ പരിശോധനയിൽ മൂർച്ചയില്ലാത്ത എന്തോ വസ്തു ഉപയോഗിച്ച് തലയിൽ മാരകമായ മുറിവ് ഉണ്ടാക്കിയിട്ടുണ്ടെന്നും ശേഷം ശ്വാസംമുട്ടിയാണ് വൈദികൻ മരിച്ചിരിക്കുന്നതന്നും പരിശോധന തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി. വൈദികൻ പ്രസ്തുത ദേവാലയത്തിന്റെ ഉത്തരവാദിത്വം ചുമതലയേറ്റിട്ട് നാല് മാസം മാത്രം ആയിട്ടുള്ളൂവെങ്കിലും വിശ്വാസികൾക്ക് ഇടയില്‍ അദ്ദേഹം പ്രിയങ്കരനായിരുന്നു.

ഈ വർഷം കൊളംബിയയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. ജോണി. കൗക്കാ പ്രവിശ്യയിൽ ദീർഘ നാളായി സൈനികരും, ഗൊറില്ല വിഭാഗവും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. പഴയതും പുതിയതുമായ സായുധ സംഘങ്ങൾ പ്രദേശത്ത് മേൽക്കോയ്മ നേടാൻ ശ്രമിക്കുന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം. മയക്കുമരുന്ന് ചെടികൾ വളർത്തി വിൽപ്പന നടത്തുന്നതും ഇവിടെ പതിവാണ്. പ്രദേശത്ത് സർക്കാരിന്റെ സാന്നിധ്യവും വികസനവും വേണമെന്നാണ് കാലാകാലങ്ങളായി കത്തോലിക്കാസഭ ആവശ്യപ്പെടുന്നത്. വിവിധ വിഭാഗങ്ങളും, ഭരണകൂടവും തമ്മിൽ സമാധാന ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കാനായി സഭയെയാണ് സർക്കാർ ആശ്രയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.


Related Articles »