News
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 08-02-2025 - Saturday
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഈശോയ്ക്കുണ്ടായ പ്രലോഭനം, ആദ്യ ശിഷ്യന്മാരെ വിളിക്കുന്നു തുടങ്ങീയ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ക്രിസോസ്‌തോം, മഹാനായ വിശുദ്ധ ഗ്രിഗറി, വിശുദ്ധ ബീഡ്, വിശുദ്ധ ജറോം, വിശുദ്ധ എവുസേബിയൂസ്, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ബേസില്‍, ഒരിജന്‍, തെര്‍ത്തുല്യന്‍ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ വചനഭാഗം: ഈശോയ്ക്കുണ്ടായ പ്രലോഭനം - മര്‍ക്കോസ് 1: 12-13 (മത്താ 4,1-11) (ലൂക്കാ 4,1-13)
12 ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. 13 സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു.
****************************************************************
➤ വിശുദ്ധ ക്രിസോസ്‌തോം:
അരൂപി അവനെ നഗരത്തിലേക്കോ മൈതാനത്തിലേക്കോ അല്ല, മരുഭൂമിയിലേക്കാണ് നയിച്ചത്. അവിടത്തെ നിര്‍ജനതയില്‍ ഈശോയെ പരീക്ഷിക്കാന്‍ സാത്താന് ഒരവസരം അനുവദിക്കപ്പെട്ടു. അവിടെവച്ച് വിശപ്പിനാല്‍ മാത്രമല്ല ഏകാന്തതയാലും അവന്‍ പരീക്ഷിക്കപ്പെട്ടു. എന്തെന്നാല്‍, ഏകാന്തതയിലാണ് സാത്താന്‍ നമ്മെ മുഖ്യമായും വേട്ടയാടുന്നത്. ഒരിക്കല്‍ അവന്‍ ഹവ്വായെ നേരിട്ടതും വീഴ്ത്തിയതും അവള്‍ ഭര്‍ത്താവില്‍ നിന്നകന്ന് ഏകാന്തതയിലായിരുന്നപ്പോഴാണ് (The Gospel of St. Matthew, Homily 13.1).
➤ മഹാനായ വിശുദ്ധ ഗ്രിഗറി:
പ്രേരണ, ആനന്ദം, സമ്മതം എന്നീ പടികളിലൂടെയാണ് പ്രലോഭനം തന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്. ഇച്ഛയിലൂടെയും സമ്മതത്തിലൂടെയുമാണ് നാം പ്രലോഭനത്തില്‍ വീഴുന്നത്. നമ്മുടെ ഉള്ളിലുള്ള ജഡികാശകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു. എന്നാല്‍ കന്യകയുടെ ഉദരത്തില്‍ അവതരിച്ച ദൈവം പാപമെന്യേ ഭൂലോകജാതനായതിനാല്‍ സംഘര്‍ഷരഹിതനാണ്. അവിടുന്ന് പ്രേരണയാല്‍ പ്രലോഭിതനായേക്കാമെങ്കിലും ആസ്വാദ്യതയുടെ പാപം അവിടുത്തെ മനസ്സിനെ സ്പര്‍ശിക്കുന്നില്ല. ഇപ്രകാരം സാത്താന്റെ ഈ പ്രലോഭനങ്ങള്‍ ഈശോയുടെ ഉള്ളില്‍ പ്രവേശിച്ചില്ല; പുറമേ നിന്ന് പോരാടിയതേയുള്ളൂ (On the Gospel of the Sunday Sermon 16).
➤ വിശുദ്ധ ബീഡ്:
തന്റെ സ്‌നാനം കഴിഞ്ഞയുടനെ നമ്മുടെ കര്‍ത്താവ് നാല്‍പ്പതുദിസം സ്വമനസ്സാ ഉപവസിച്ചു. മാമ്മോദീസയില്‍ പാപങ്ങളുടെ മോചനം നേടുന്നവര്‍ ജാഗരണം, ഉപവാസം, പ്രാര്‍ത്ഥന, ആത്മീയഫലം പുറപ്പെടുവിക്കുന്ന മറ്റ് പ്രവൃത്തികള്‍ തുടങ്ങിയവയില്‍ ശ്രദ്ധ ചെലുത്തണമെന്ന് ഈശോ മാതൃകവഴി പഠിപ്പിച്ചു. അല്ലെങ്കില്‍ നമ്മള്‍ അലസരും ജാഗ്രതയില്ലാത്തവരുമായിത്തീരുകയും മാമ്മോദീസാ വേളയില്‍ നമ്മുടെ ഹൃദയത്തില്‍നിന്നു ബഹിഷ്‌കൃതമാകുന്ന അശുദ്ധാരൂപികള്‍ തിരിച്ചുവരികയും ചെയ്യും. ആത്മീയ ധനമില്ലാത്തവരായി അവ നമ്മെ കണ്ടെത്തുകയും ഏഴ് കൊടിയ വ്യാധികളാല്‍ നമ്മെ ഞെരുക്കുകയും നമ്മുടെ അവസാനസ്ഥിതി ആദ്യത്തേക്കാള്‍ മോശമാവുകയും ചെയ്യും (മത്താ 12,43-45).
തീരംതേടിയുള്ള നമ്മുടെ ഈ പുതിയ തീര്‍ത്ഥാടനത്തില്‍ യാനപാത്രം തകര്‍ക്കാനിടയാക്കുന്ന പഴയ ദുരാശകളുടെയും ദുശാഠ്യങ്ങളുടെയും അഗ്നി പുനര്‍ജ്വലിക്കാതിരിക്കാന്‍ കരുതല്‍ വേണം. പറുദീസായുടെ കവാടത്തിലെ അഗ്നികൊണ്ടുള്ള വാള്‍, എത്ര ഭീകരമാണെങ്കിലും ശരി, വിശ്വാസിക്ക് മാമ്മോദീസായുടെ ഉറവയാല്‍ അത് കെടുത്തപ്പെടുന്നു. എന്നാല്‍ അവിശ്വാസിക്കാകട്ടെ, അത് ഭയാനകവും മറികടക്കാനാവാത്തതുമാണ്. മാമ്മോദീസായ്ക്കുശേഷം നിരന്തരം പാപത്തില്‍ മുഴുകുന്ന കപട വിശ്വാസിക്കും അങ്ങനെതന്നെ. അവരെ സംബന്ധിച്ചിടത്തോളം മാമ്മോദീസായില്‍ അണയ്ക്കപ്പെട്ട അഗ്നി വീണ്ടും ജ്വലിപ്പിക്കപ്പെട്ടതുപോലെയാണ് (Homilies on the Gospels 1.12).
--------------------------------------------------------------------------
♦️ വചനഭാഗം: ആദ്യശിഷ്യന്മാരെ വിളിക്കുന്നു - മര്‍ക്കോസ് 1,14-20 (മത്താ 4,12-22) (ലൂക്കാ 4,14-5,11).
14 യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ ഈശോ ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. 15 അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. 16 അവന്‍ ഗലീലിക്കടല്‍ത്തീരത്തുകൂടെ കടന്നുപോകുമ്പോള്‍, ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. മീന്‍ പിടിത്തക്കാരായ അവര്‍ കടലില്‍ വലയെറിയുകയായിരുന്നു. 17 ഈശോ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. 18 ഉടനെ വലയുപേക്ഷിച്ച്, അവര്‍ അവനെ അനുഗമിച്ചു. 19 കുറച്ചുദൂരംകൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുക യായിരുന്നു. 20 ഉടനെ അവന്‍ അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തില്‍ വിട്ട് അവനെ അനുഗമിച്ചു.
****************************************************************
➤ വിശുദ്ധ ജറോം:
വേരിന്റെ കയ്പ്പ് ഫലത്തിന്റെ മധുരത്താല്‍ പരിഹരിക്കപ്പെടുന്നു. ലാഭത്തെക്കുറിച്ചു ള്ള ചിന്ത കടല്‍യാത്രയുടെ മനംപിരട്ടല്‍ മറക്കാന്‍ ഇടയാക്കുന്നു. ആരോഗ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ മരുന്നിന്റെ കയ്പ്പ് സഹിക്കാന്‍ മനുഷ്യനെ സഹായിക്കുന്നു. അകക്കാമ്പ് തേടുന്നവന്‍ പുറംതോട് പൊട്ടിക്കുന്നു. നിര്‍മ്മലമായ മനസ്സാക്ഷിയുടെ ആനന്ദം ആഗ്രഹിക്കുന്നവന്‍ തപശ്ചര്യയുടെ കയ്പ്പ് ഭക്ഷിക്കുന്നു (Commentary on the Gospels).
നിരസിക്കാനാവാത്ത ക്ഷണം
രക്ഷകന്റെ മുഖത്ത് ദൈവികമായ ഒരു തേജോശക്തി ഉണ്ടായിരുന്നിരിക്കണം. അല്ലാ യിരുന്നെങ്കില്‍, തങ്ങള്‍ ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത ഒരുവനെ പിന്തുടരാന്‍ ശിഷ്യന്മാര്‍ മുതിരുകയില്ലായിരുന്നു. പുറമേ, തന്റെ പിതാവിനെക്കാള്‍ ആകര്‍ഷകമായും വ്യത്യസ്തമായും ഒന്നുമില്ലാത്ത ഒരുവനെ അനുഗമിക്കാന്‍വേണ്ടി സ്വപിതാവിനെ വിട്ടുപേക്ഷിക്കാന്‍ ശിഷ്യന്‍ തുനിയുമായിരുന്നോ? അരൂപിപ്രകാരമുള്ള പിതാവിനെ പിന്‍തുടരാന്‍ വേണ്ടി ജഡപ്രകാരമുള്ള പിതാവിനെ അവര്‍ ത്യജിച്ചു. ഒരു പിതാവിനെ വിട്ടകന്നു എന്നതിനെക്കാള്‍ അവര്‍ ഒരു പിതാവിനെ കണ്ടെത്തി എന്നതാണ് സത്യം. ആര്‍ക്കും എതിര്‍ത്തു നില്‍ക്കാനാവാത്ത ചൈതന്യം രക്ഷകന്റെ മുഖത്തുണ്ടായിരുന്നുവെന്നാണ് ഇതിനര്‍ത്ഥം (Homily 83).
➤ വിശുദ്ധ എവുസേബിയൂസ്:
സമൂഹത്തിലെ താഴ്ന്നവരും ദരിദ്രരുമായിരുന്ന മുക്കുവരോട് ചങ്ങാത്തംകൂടിയ സര്‍വ്വശക്തനായ ദൈവത്തിന്റെ പ്രഭാവത്തെയും പ്രകൃതിയെയുംകുറിച്ച് ചിന്തിക്കുവിന്‍. ദൈവികദൗത്യം നിറവേറ്റാന്‍ അവര്‍ നിയോഗിക്കപ്പെട്ടത് എല്ലാ ചിന്താശക്തിയെയും സ്തബ്ധമാക്കുന്നു. തന്റെ പ്രബോധനങ്ങളും കല്‍പ്പനകളും ലോകമെങ്ങും പ്രഘോഷിക്കാനുള്ള പദ്ധതി മെനഞ്ഞപ്പോള്‍, സര്‍വ്വശക്തനായ ഏകദൈവം അതിന് കരുക്കളാകാന്‍ ഏറ്റവും സാധാരണക്കാരെയും ജ്ഞാനികളല്ലാത്തവരെയും തിതരഞ്ഞെടുത്തു. സംസാരപാടവമില്ലാത്തവനെ അദ്ധ്യാപകനായി നിയമിച്ചാല്‍, ഒരുകൂട്ടമാളുകളെയല്ല, ഒരാളെപ്പോലും പഠിപ്പിക്കാന്‍ അയാള്‍ക്ക് എളുപ്പമായിരിക്കില്ല. വിദ്യാഭ്യാസം നേടാത്ത അവര്‍ എങ്ങനെ ജനതകളെ പഠിപ്പിക്കും? അവന്‍ അവരെ തന്റെ അനുയായികളായി വിളിച്ചപ്പോള്‍ ദൈവികശക്തി അവരില്‍ നിശ്വസിക്കുകയും ശക്തിയും ധൈര്യവും അവരില്‍ നിറയ്ക്കുകയും ചെയ്തു.
ദൈവംതന്നെയായ അവിടുന്ന് ദൈവത്തിന്റെ സത്യവചനങ്ങള്‍ തന്റേതായ രീതിയില്‍ അവരോടു സംസാരിക്കുകയും അതുവഴി വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ''എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കാം'' (മര്‍ക്കോ 1,17; മത്താ 4,19) എന്നരുളിച്ചെയ്തുകൊണ്ട് അവര്‍ക്ക് അധികാരവും ശക്തിയും നല്‍കുകയും ബുദ്ധിമാന്‍മാരെയും ചിന്താശീലരെയും പിന്തുടര്‍ന്ന് സ്വാധീനിക്കാന്‍ കഴിവുറ്റവരാക്കുകയും ചെയ്തു. ഇങ്ങനെ ശക്തിപ്പെടുത്തികൊണ്ട് അവരെ വിശുദ്ധിയുടെ പ്രബോധകരും പരിശീലകരുമായി എല്ലാ ജനതകളിലേക്കും അവിടുന്ന് അയച്ചു. തന്റെ പ്രബോധനത്തിന്റെ പ്രഘോഷകരായി അവരെ പ്രഖ്യാപിക്കുകയും ചെയ്തു (Proof of the Gospel 3.7).
ശിഷ്യന്മാരുടെ വൈമനസ്യം
''ഇതു ഞങ്ങള്‍ ക്കെങ്ങനെ ചെയ്യാന്‍ കഴിയും'' എന്ന് ശിഷ്യന്‍മാര്‍ ചോദിച്ചിട്ടുണ്ടാകണം. ''റോമാക്കാരോട് ഞങ്ങള്‍ എങ്ങനെ പ്രസംഗിക്കും? ഈജിപ്തുകാരോട് ഞങ്ങള്‍ എങ്ങനെ ന്യായവാദം നടത്തും? ഞങ്ങള്‍ക്കറിയാവുന്നത് സുറിയാനി (അറമായ) ഭാഷ മാത്രമാണ്. ഗ്രീക്കുകാരോട് ഞങ്ങള്‍ ഏതു ഭാഷയില്‍ സംസാരിക്കും. പേര്‍ഷ്യക്കാര്‍, അര്‍മേനിയക്കാര്‍, കല്‍ദായര്‍, സിഥിയര്‍, ഇന്ത്യാക്കാര്‍ എന്നിവരെയും മറ്റു വിദൂരദേശക്കാരെയും അവരുടെ കുലദേവതകളെ ഉപേക്ഷിക്കാനും എല്ലാറ്റിന്റെയും സ്രഷ്ടാവിനെ ആരാധിക്കാനും പ്രേരിപ്പിക്കാന്‍ ഞങ്ങള്‍ക്കെങ്ങനെ കഴിയും? ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്കെന്ത് പ്രസംഗ വൈദഗ്ദ്ധ്യമുണ്ട്? യുഗയുഗാന്തരങ്ങളായി ജനതകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന, ദേവന്‍മാരെ സംബന്ധിച്ച നിയമങ്ങള്‍ക്ക് നേരേ വിരുദ്ധമായവ പഠിപ്പിച്ചാല്‍ ഞങ്ങള്‍ക്ക് വിജയം പ്രതീക്ഷിക്കാമോ? ഈ സാഹസത്തിനുള്ള ശക്തി ഞങ്ങള്‍ക്കെവിടെനിന്നു ലഭിക്കും''? (The Proof of the Gospel 3.7).
➤ ഒരിജന്‍:
വളരെ ചുരുങ്ങിയ കാലംകൊണ്ട് ക്രിസ്തുമതം വളര്‍ന്നു പന്തലിച്ചു. വിശ്വാസികളനുഭവിച്ച ഞെരുക്കങ്ങളും രക്തസാക്ഷിത്വവും വസ്തുവകകളുടെ കണ്ടുകെട്ടലും മറ്റെല്ലാ ശാരീരിക പീഡനങ്ങളും സഭയുടെ വളര്‍ച്ചയ്ക്കാണ് വഴിവച്ചത്. ഈ മതത്തിന്റെ പ്രഘോഷകര്‍ സമര്‍ത്ഥരോ എണ്ണത്തില്‍ അധികമുള്ളവരോ അല്ലാതിരുന്നതിനാല്‍ ഈ വളര്‍ച്ച പ്രത്യേകം ശ്രദ്ധേയമാണ്. ഈ പ്രതികൂല സാഹചര്യങ്ങള്‍ ക്കിടയിലും വചനം ''ലോകമെങ്ങും പ്രഘോഷിക്കപ്പെട്ടു'' (മത്താ 24,14). ഗ്രീക്കുകാരും അപരിഷ്‌കൃ തരും ജ്ഞാനികളും വിദ്യാവിഹീനരും ക്രിസ്തുമതത്തെ ആശ്ലേഷിച്ചു (റോമാ 1,14). മാനുഷിക ശക്തികൊണ്ടോ ശേഷികൊണ്ടോ അല്ല മിശിഹായുടെ വചനം അധികാരത്തോടും വിശ്വാസ്യതയോടുംകൂടി മനുഷ്യഹൃദയങ്ങളില്‍ തഴച്ചുവളര്‍ന്നതെന്ന് ഇതില്‍നിന്നും വ്യക്തമാണ് (On First Principles 4.1.2).
➤ തെര്‍ത്തുല്യന്‍:
ഉറ്റവരുടെയും ഉടയവരുടെയും ഉപജീവനത്തിനുവേണ്ടി നിങ്ങളേര്‍പ്പെട്ടിരിക്കുന്ന തൊഴിലിനെ വിട്ടുപേക്ഷിക്കാന്‍ നിങ്ങള്‍ വിമുഖരാണോ? എത്ര ഉറ്റ ബന്ധങ്ങളും തൊഴിലും വൈദഗ്ദ്ധ്യവും ആയാലും കര്‍ത്താവിനെപ്രതി ഉപേക്ഷിക്കണമെന്ന് തിരുലിഖിതം പഠിപ്പിക്കുന്നു. യാക്കോബും യോഹന്നാനും മിശിഹായാല്‍ വിളിക്കപ്പെട്ട ഉടനെ പിതാവിനെയും വള്ളത്തെയും വിട്ടുപേക്ഷിച്ചു (മത്താ 4,21-22; മര്‍ക്കോ 1,19-20; ലൂക്കാ 5,10-11). മത്തായി ചുങ്കസ്ഥലത്തോട് വിടപറഞ്ഞു (മത്താ 9,9; മര്‍ക്കോ 2,14; ലൂക്കാ 5,28). വിശ്വാസവുമായി തുലനം ചെയ്യുമ്പോള്‍ പിതാവിനെ സംസ്‌കരിക്കുന്നതുപോലും ഒരടിയന്തിര കാര്യമല്ല (ലൂക്കാ 9,59-60). കര്‍ത്താവ് തിരഞ്ഞെടുത്ത ഒരാള്‍പോലും ''എനിക്കു ജീവിതമാര്‍ഗമില്ല'' എന്നു പറഞ്ഞില്ല (On Idolatory 12).
➤ വിശുദ്ധ ആഗസ്തീനോസ്:
അന്നുമുതല്‍ ഒരിക്കലും വേര്‍പിരിയാത്തവിധം അവര്‍ ഈശോയുടെകൂടെ നടന്നു. നമ്മുടെ ഹൃദയങ്ങളില്‍ അവനുവേണ്ടി ഒരു ഭവനം തീര്‍ക്കുകയും അവന്‍ കടന്നുവന്ന് നമ്മെ പഠിപ്പിക്കുന്നതിനായി ഒരിടമൊരുക്കുകയും ചെയ്യാം (Tractates on John 7.9.2,3).
➤ വിശുദ്ധ ബേസില്‍:
ഭൗതിക വസ്തുക്കളില്‍നിന്നെല്ലാം അതായത്, സ്വത്ത്, സ്ഥാനമാനങ്ങള്‍, സാമൂഹികാന്തസ്സ്, വ്യര്‍ത്ഥാഭിലാഷങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വിട്ടകന്നുകൊണ്ട് കര്‍ത്താവിന്റെ ശിഷ്യര്‍ ചെയ്തതുപോലെ നമുക്കും ഒരു പുതിയ തുടക്കമിടാം. യാക്കോബും യോഹന്നാനും തങ്ങളുടെ പിതാവിനെയും ഏക ഉപജീവനോപാധിയായിരുന്ന വഞ്ചിയും ഉപേക്ഷിച്ചു (മര്‍ക്കോ 1,20). മത്തായി ചുങ്കസ്ഥലത്തുനിന്നെഴുന്നേറ്റ് കര്‍ത്താവിനെ അനുഗമിച്ചപ്പോള്‍ തനിക്കു ലഭിക്കാമായിരുന്ന ലാഭം ഉപേക്ഷിക്കുക മാത്രമല്ല ചെയ്തത്.
ചുങ്കക്കണക്ക് പൂര്‍ണ്ണമല്ലാത്തവിധം കാണപ്പെടുന്നതിനാല്‍ തനിക്കും തന്റെ കുടുംബത്തിനുംമേല്‍ ഭരണാധികാരികളില്‍നിന്നുണ്ടാകാവുന്ന വിപത്തുകളെ കണക്കിലെടുക്കുകയും ചെയ്തില്ല (മത്താ 9,9). ലോകം തനിക്കും താന്‍ ലോകത്തിനും ക്രൂശിതനായിത്തീര്‍ന്നിരിക്കുന്നുവെന്ന് പൗലോസ് പറയുന്നു (ഗലാ 6,14). മിശിഹായെ പിന്‍ചെല്ലാനുള്ള ആഗ്രഹത്താല്‍ ഗ്രസിക്കപ്പെടുന്നവര്‍ക്ക് ഈ ലോകത്തിന്റെ കാര്യങ്ങളില്‍ മുഴുകാനോ കര്‍ത്താവിന്റെ വിളിക്ക് പ്രതിബന്ധമാകത്തക്ക വിധത്തില്‍ ഉറ്റവരുമായുള്ള ബന്ധത്തെ പുല്‍കാനോ കഴിയുകയില്ല (The Long Rules, Question 8).
(....തുടരും).
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | മര്‍ക്കോസ് | ഭാഗം 01
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | ഈശോയുടെ മാമ്മോദീസ | മര്‍ക്കോസ് | ഭാഗം 02
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️