Life In Christ - 2024

മഠമാണ് എന്നില്‍ ക്രിസ്തുവിന്റെ ജ്വാല പകര്‍ന്നത്: ദയാബായ്

സ്വന്തം ലേഖകന്‍ 11-10-2019 - Friday

കൊച്ചി: സന്ന്യാസ രൂപീകരണകാലത്ത് തനിക്കു ലഭിച്ച യേശുദര്‍ശനം ഇന്നും തന്‍റെ ജീവിതത്തില്‍ ജ്വലിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയായ ദയാബായ്. എറണാകുളം പിഒസിയില്‍ നടന്ന 'ക്രിസ്തീയ സന്ന്യാസം പൗരാവകാശവിരുദ്ധമോ?' എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തി സംസാരിക്കുകയായിരുന്നു അവര്‍. തന്‍റെ സന്ന്യാസഭവനത്തില്‍ നിന്ന് ലഭിച്ച സ്നേഹപൂര്‍വകമായ പരിപാലനവും നല്ല പെരുമാറ്റവും തന്നെ ക്രിസ്തു വിശ്വാസത്തില്‍ ഉറപ്പിച്ചുനിറുത്തുന്നതായിരുന്നുവെന്ന്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

"കാലഘട്ടത്തിന്‍റെ പരിമിതികളിലും ആവശ്യങ്ങളിലും ദൈവേഷ്ടം വായിക്കാനാകും എന്ന കാഴ്ചപ്പാട് എനിക്ക് ലഭിച്ചത് ഞാന്‍ അംഗമായിരുന്ന സന്ന്യാസസമൂഹത്തില്‍ നിന്നുമാണ്. ദൈവാലയം ശുദ്ധീകരിക്കുന്ന യേശുവായിരുന്നു സന്ന്യാസജീവിതത്തില്‍ എന്‍റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയത്. മൂര്‍ച്ചയും തീര്‍ച്ചയുമുള്ള ആ ചെറുപ്പക്കാരന്‍ എത്ര അനായാസമാണ് സമൂഹത്തിന്‍റെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്നതും ഏറ്റവും നിസ്സാരരും ദരിദ്രരുമായവരോട് അനുരൂപപ്പെട്ടതും! ലൂക്കായുടെ സുവിശേഷത്തിലെ യേശുവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖ വചനങ്ങളുമാണ് ഇന്നും എന്നെ നയിച്ചുകൊണ്ടിരിക്കുന്നത്. എന്‍റെ സന്ന്യാസഭവനത്തില്‍ നിന്ന് ലഭിച്ച സ്നേഹപൂര്‍വകമായ പരിപാലനവും നല്ല പെരുമാറ്റവും എന്നെ ക്രിസ്തു വിശ്വാസത്തില്‍ ഉറപ്പിച്ചുനിറുത്തുന്നതായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം സന്ന്യാസം 'Nurturing' ആയിരുന്നു, 'Torturing' അല്ലായിരുന്നു. "കുഞ്ഞേ, നീ സമയത്തിനുമുമ്പേ ആണ് നടക്കുന്നത്, എന്നാല്‍ ഒരിക്കല്‍ നീ അനേകര്‍ക്കു വഴികാട്ടിയാകും"എന്നാണ് സന്ന്യാസഭവനം വിട്ട് പാവപ്പെട്ട മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങാനുള്ള എന്‍റെ ആഗ്രഹം അറിയിച്ചപ്പോള്‍ എന്‍റെ നോവിസ് മിസ്ട്രസ് എന്നോടു പറഞ്ഞത്. ഒരു വര്‍ഷത്തെ നോവിഷ്യേറ്റ് പൂര്‍ത്തിയാക്കി പുറത്തേക്കു പോകാന്‍ തീരുമാനിച്ച ഞാന്‍ എന്‍റേതായ രീതിയില്‍ സന്ന്യാസം ജീവിക്കുകയാണ്", അവര്‍ പറഞ്ഞു.

"കാറ്റും മഞ്ഞും മഴയും വെയിലും കൂട്ടാക്കാത്ത ഒരു ജീവിതം" - അതായിരുന്നു സന്ന്യാസ ഭവനം വിട്ടിറങ്ങിയപ്പോള്‍ ഭാവിയെപ്പറ്റിയുള്ള തന്‍റെ കാഴ്ചപ്പാട്. ഇപ്പോള്‍ ചിലര്‍, രണ്ടുവര്‍ഷത്തിനുശേഷം ജോലിയില്‍ നിന്നു വിരമിച്ച് സുരക്ഷിതമായി സാമൂഹ്യസേവനം ചെയ്യാനുള്ള സംവിധാനങ്ങളും സന്നാഹങ്ങളും ജോലിയുടെ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയുമുള്ളപ്പോഴേ സമ്പാദിച്ചുവയ്ക്കുന്നത് സന്ന്യാസജീവിതത്തോടോ പാവങ്ങളുടെ കൂട്ടുകാരനായ യേശുവിനോടോ ഉള്ള അഭിനിവേശം കൊണ്ടാകണമെന്നില്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സന്ന്യാസജീവിതത്തില്‍ വ്യക്തികളുടെ നന്മയും സമര്‍പ്പണവും ഏറെ ആദരണീയമായിരിക്കുമ്പോള്‍ തന്നെ, ഒരു സ്ഥാപനമെന്ന നിലയില്‍ സന്ന്യാസ ഭവനങ്ങളും സമൂഹങ്ങളും നിരന്തരമായ നവീകരണത്തിനു വിധേയമാകുന്നില്ലെങ്കില്‍, അനേകം വ്യക്തികളുടെ നന്മ കെട്ടുപോകുകയും അവരുടെ സമര്‍പ്പണത്തിന്‍റെ നന്മ സമൂഹത്തിനു ലഭിക്കാതെ പോവുകയും ചെയ്യുമെന്ന് ഡോ. മ്യൂസ് മേരി ജോര്‍ജ് പറഞ്ഞു. സംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ളില്‍ വീര്‍പ്പുമുട്ടുന്നവരും സഹിക്കുന്നവരുമുണ്ട്. അവരുടെ പ്രശ്നങ്ങളെയും പ്രയാസങ്ങളെയും കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും ഫലപ്രദമായ സംവിധാനങ്ങളുണ്ടാകണമെന്നും അവര്‍ പറഞ്ഞു.

സിസ്റ്റര്‍ തെരേസ് ആലഞ്ചേരി എസ്എബിഎസ്, ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍, ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി മോഡറേറ്ററായിരുന്നു.


Related Articles »