News - 2024

ആമസോൺ സിനഡ്: സ്വന്തം പ്രത്യയശാസ്‌ത്രം പ്രചരിപ്പിക്കാനുള്ള ശ്രമം ദൈവനിന്ദയെന്ന് കർദ്ദിനാൾ സാറ

സ്വന്തം ലേഖകന്‍ 12-10-2019 - Saturday

റോം: തങ്ങളുടെ വ്യക്തിപരമായ പദ്ധതികൾ നടപ്പിലാക്കാൻ ആമസോൺ സിനഡിനെ ഉപയോഗിക്കുന്ന പാശ്ചാത്യരായ ചിലർ ദൈവത്തെയും, സഭയ്ക്കു വേണ്ടിയുള്ള ദൈവീക പദ്ധതിയെയും അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. 'കൊറേറി ഡെല്ലാ സേറ' എന്ന ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ റോബർട്ട് സാറ ഇക്കാര്യം സൂചിപ്പിച്ചത്. വിവാഹ ജീവിതം നയിക്കുന്നവർക്ക് പൗരോഹിത്യം നൽകാനുളള ശുപാര്‍ശ, വനിതകൾക്കു വേണ്ടിയുള്ള ഡീക്കൻ പദവി, അൽമായർക്ക് നൽകാനുദ്ദേശിക്കുന്ന അധികാര പരിധി തുടങ്ങിയ വിഷയങ്ങളാണ് പ്രത്യേകമായും സാറ ചൂണ്ടിക്കാട്ടിയത്.

ഇത് സാർവത്രിക സഭയുടെ ഘടനയെ തന്നെ തകർക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സിനഡ് ഒരു പരീക്ഷണശാലയാക്കണമെന്ന് ചില ആളുകൾ പറയുന്നത് താൻ കേട്ടുവെന്നും, ചിലർ സിനഡ് കഴിഞ്ഞ് കാര്യങ്ങളൊന്നും പഴയപടി ആയിരിക്കില്ലായെന്ന് വിശ്വസിക്കുന്നതായും കർദ്ദിനാൾ റോബർട്ട് സാറ പറഞ്ഞു. ഇതെല്ലാം ആത്മാർത്ഥതയില്ലാത്തതും തെറ്റിദ്ധരിപ്പിക്കാൻ ഉതകുന്നവയുമാണെന്നും അദ്ദേഹം പറയുന്നു. വൈദിക ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും കർദ്ദിനാൾ റോബർട്ട് സാറ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. വൈദികരുടെ എണ്ണക്കുറവ് പരിഗണിച്ച് വിവാഹിതരായ പുരുഷന്‍മാര്‍ക്ക് വൈദിക പട്ടം നല്‍കുവാനുള്ള ശുപാര്‍ശയേ അസംബന്ധം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.


Related Articles »