News - 2025
ക്രൈസ്തവരുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന് വിരുദ്ധമായ സാക്ഷ്യം: കർദ്ദിനാൾ റോബർട്ട് സാറ
പ്രവാചകശബ്ദം 28-02-2024 - Wednesday
നെയ്റോബി: ക്രിസ്തുവിൻറെ പിൻഗാമികളുടെ ഇടയിലെ അനൈക്യം സുവിശേഷ സന്ദേശത്തിനും, സുവിശേഷവത്കരണത്തിനും വിരുദ്ധമായ സാക്ഷ്യം ആണെന്ന് കൂദാശകൾക്കും, ആരാധനയ്ക്കും വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘത്തിൻറെ മുൻ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. നാം ഒന്നല്ലെങ്കിൽ, നാം വിഘടിച്ചു നിന്നാൽ, നമ്മുടെ ക്രിസ്തു സാക്ഷ്യവും വിഘടിച്ചു പോവുകയും ലോകം സുവിശേഷത്തിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകും. ക്രൈസ്തവരുടെ ഇടയിലെ അനൈക്യം മറ്റുള്ളവർക്ക് മുതലെടുപ്പിനുള്ള സാധ്യത തുറക്കുമെന്ന് ടങ്കാസ യൂണിവേഴ്സിറ്റി കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് തിയോളജി ഓഫ് കെനിയ നടത്തിയ 2024 തിയോളജിക്കൽ സിമ്പോസിയത്തിലാണ് കര്‍ദ്ദിനാള്‍ സാറയുടെ മുന്നറിയിപ്പ്.
ക്രൈസ്തവ വിശ്വാസ തത്വങ്ങൾക്ക് ഗോത്ര, ദേശീയ വ്യക്തിത്വങ്ങൾ അടക്കമുള്ളവയേക്കാൾ വില ലഭിക്കുവാൻ സുവിശേഷ സന്ദേശത്തിന് പ്രാധാന്യം നൽകാനായി ആഫ്രിക്കയിലെ യേശുക്രിസ്തുവിന്റെ പിൻഗാമികൾ ശ്രമിക്കണമെന്ന് സിമ്പോസിയത്തിന്റെ രണ്ടാമത്തെ ദിവസമായിരുന്ന ഫെബ്രുവരി 22നു കർദ്ദിനാൾ സാറ പറഞ്ഞു. ക്രൈസ്തവ വിശ്വാസികളുടെ ഇടയിലുള്ള ഐക്യത്തിനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും അതിനു ശേഷം രാജ്യത്തുള്ളവരുമായും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ളവരുമായും ഐക്യം സൃഷ്ടിക്കാമെന്നും കർദിനാൾ സാറ വിശദീകരിച്ചു.
സുവിശേഷ സന്ദേശത്തിന് സാക്ഷ്യം നൽകാനും, സുവിശേഷവത്കരണം നടത്താനുമുള്ള ദൗത്യത്തിന് വരുന്ന പ്രതിബന്ധങ്ങൾ പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും ദൈവത്തിങ്കലേക്ക് തിരിയുന്നത് വഴി മറികടക്കാൻ സാധിക്കുമെന്ന് കർദ്ദിനാൾ റോബർട്ട് സാറ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ളാമിക അധിനിവേശത്തിനെതിരെ പ്രവാചകശബ്ദമായി നിലക്കൊണ്ട വ്യക്തിയാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായിരിന്നു ലഭിച്ചുകൊണ്ടിരിന്നത്. ആരാധന ക്രമ വിഷയങ്ങളിലും ക്രിസ്തീയ ധാര്‍മ്മിക വിഷയങ്ങളിലും തിരുസഭ പാരമ്പര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തി കൂടിയായിരിന്നു കര്‍ദ്ദിനാള്‍ സാറ.