Life In Christ - 2025
രക്ഷയിലേയ്ക്കുള്ള കൂട്ടായ യാത്രയാണ് വിശ്വാസ ജീവിതം: നാമകരണ ചടങ്ങില്‍ പാപ്പ
സ്വന്തം ലേഖകന്‍ 14-10-2019 - Monday
വത്തിക്കാന്‍ സിറ്റി: രക്ഷയിലേയ്ക്കുള്ള കൂട്ടായ യാത്രയാണ് വിശ്വാസ ജീവിതമെന്നും അവിടെ നമ്മുടെ സഹോദരങ്ങളേ വിശിഷ്യ പാവങ്ങളും, പരിത്യക്തരും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരെ ചേര്‍ത്തുപിടിക്കേണ്ടതുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ മറിയം ത്രേസ്യ അടക്കമുള്ള അഞ്ചു പേരുടെ നാമകരണ ചടങ്ങിനിടെ വിശുദ്ധ കുര്‍ബാന മദ്ധ്യേ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ 10 കുഷ്ഠരോഗികള്‍ക്ക് ക്രിസ്തു സൗഖ്യം നല്കിയ സംഭവത്തെ കേന്ദ്രീകരിച്ചായിരിന്നു പാപ്പയുടെ സന്ദേശം.
ദൈവം ആരെയും അകറ്റിനിര്‍ത്തുന്നില്ല. സമുദായം കുഷ്ഠരോഗികള്‍ക്ക് കല്പിച്ച അകല്‍ച്ച ക്രിസ്തുവിന്‍റെ പക്കല്‍ അടുപ്പമായി മാറുന്നു. രോഗികള്‍ സഹായത്തിനായി ക്രിസ്തുവിന്‍റെ പക്കലെത്തി കരയുന്നു. അവിടുന്ന് അവരുടെ കരച്ചില്‍ കേള്‍ക്കുന്നു. ജീവിതത്തില്‍ ഏകാന്തതയും ക്ലേശങ്ങളും അനുഭവിക്കുന്നവരുടെ കരച്ചില്‍ ക്രിസ്തു കേള്‍ക്കും. നമുക്കും ഒരു തരത്തില്‍ അല്ലെങ്കിലും മറ്റൊരു തലത്തില്‍ സൗഖ്യം ആവശ്യമാണ്. നമ്മുടെ ദുശ്ശീലങ്ങളില്‍നിന്നുപോലും ആവശ്യമായ വിടുതലിന്‍റെ സൗഖ്യം ആര്‍ക്കും അനിവാര്യമാണ്. മനുഷ്യന്‍റെ കരച്ചില്‍ പ്രാര്‍ത്ഥനയാണ്. എന്നാല്‍ ക്രിസ്തു രക്ഷകനാണ്. അതിനാല്‍ പ്രാര്‍ത്ഥന മനുഷ്യന് ആവശ്യമാണ്. വിശ്വാസത്തിന്‍റെ വാതിലാണ് പ്രാര്‍ത്ഥന. അത് ഹൃദയത്തിന് ഔഷധവുമാണ്.
സുവിശേഷം വിവരിക്കുന്ന കുഷ്ഠരോഗികളുടെ സൗഖ്യദാനം നടക്കുന്നത് അവരെ ക്രിസ്തു ദേവാലയത്തിലെ പുരോഹിതന്മാരുടെ പക്കലേയ്ക്ക് പറഞ്ഞുവിടുന്ന വഴിക്കുവച്ചാണ്. വിശ്വാസജീവിതം വിശ്വാസയാത്ര ആവശ്യപ്പെടുന്നുണ്ട്. അവിടെ എളിമയുള്ള പ്രായോഗികമായ സ്നേഹവും ആത്മവിശ്വാസവുമുണ്ട്. അവിടെ ക്ഷമയുമുണ്ട്. ഈ എളിമയും സ്നേഹവും ആത്മവിശ്വാസവും ക്ഷമയും രക്ഷാകരമാണ്, രക്ഷ പ്രദാനംചെയ്യുന്നതാണ്. മാത്രമല്ല, കുഷ്ഠരോഗികള്‍ നീങ്ങിയത് ഒരുമിച്ചാണ്. അതിനാല്‍ വിശ്വാസം ഒരുമിച്ചുള്ളൊരു യാത്രയുമാണ്. രക്ഷയിലേയ്ക്കുള്ള കൂട്ടായ യാത്രയാണ് വിശ്വാസജീവിതം. അവിടെ നമ്മുടെ സഹോദരങ്ങളേയും നാം ഹൃദയത്തോടു ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പാവങ്ങളും, പരിത്യക്തരും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരെ.
യാത്രയുടെ അന്ത്യം ലാഭമോ നേട്ടമോ സൗഖ്യമോ അല്ല, അത് ക്രിസ്തുവമായുള്ള കൂടിക്കാഴ്ചയാണ്, നേര്‍ക്കാഴ്ചയാണ്. രക്ഷയെന്നാല്‍ ക്ഷീണം തീര്‍ക്കാന്‍ ദാഹജലം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതുപോലല്ല. അത് സ്രോതസ്സിലേയ്ക്കുള്ള എത്തിപ്പെടലാണ്. ക്രിസ്തുവാണ് സ്രോതസ്സ്. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയില്‍ ഉതിര്‍ക്കൊള്ളുന്ന വികാരമാണ് നന്ദി. അപ്പോള്‍ ക്രിസ്തുമായുള്ള ഒരു കണ്ടുമുട്ടലിനു മാത്രമേ നമ്മെ രക്ഷിക്കാനാവൂ. ജീവന്‍റെ നാഥനെ നാം ആശ്ലേഷിക്കണം. നവവിശുദ്ധന്‍ കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ പ്രസിദ്ധമായ പ്രാര്‍ത്ഥന, 'നിത്യമാം പ്രകാശമേ നയിക്കുക എന്നെ നീ' (lead kindly light) ഉരുവിട്ടുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.