Life In Christ - 2024

'ക്രിസ്ത്യന്‍ നേതാവായിരിക്കുക' തലക്കെട്ടോടെ പോംപിയോയുടെ ചിത്രം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റില്‍

സ്വന്തം ലേഖകന്‍ 15-10-2019 - Tuesday

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയെ ഒരു ക്രിസ്ത്യന്‍ നേതാവായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റ്. “ഒരു ക്രിസ്ത്യന്‍ നേതാവായിരിക്കുക” (ബിയിങ്ങ് എ ക്രിസ്ത്യന്‍ ലീഡര്‍) എന്ന തലക്കെട്ടോടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റിന്റെ ഹോം പേജില്‍ പോംപിയോയുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചിരിക്കുന്നതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇക്കഴിഞ്ഞ 11ന് ടെന്നസ്സിയിലെ നാഷ്വില്ലേയില്‍ വെച്ച് 'അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ കൗണ്‍സിലേഴ്സി'ന്റെ (AACC) 2019-ലെ വേള്‍ഡ് കോണ്‍ഫറന്‍സില്‍ “ഒരു ക്രിസ്ത്യന്‍ നേതാവായിരിക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ ലിങ്കും ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

തന്റെ ഔദ്യോഗിക ജീവിതത്തില്‍ ബൈബിളിനുള്ള പ്രാധാന്യത്തെക്കുറിച്ച് പോംപിയോ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. തന്റെ മേശപ്പുറത്ത് ഒരു ബൈബിള്‍ തുറന്നു വെച്ചിട്ടുണ്ടെന്നും എല്ലാ ദിവസവും രാവിലെ കുറച്ചു സമയമെങ്കിലും ബൈബിളിനായി ചിലവഴിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പോംപിയോ അന്നു പ്രസ്താവിച്ചു. തന്റെ തീരുമാനങ്ങളേയും, മനോഭാവത്തേയും, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തെയും ബൈബിള്‍ എപ്രകാരം സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ദിവസവും നമ്മോട് ക്ഷമിക്കുകയും, നമ്മെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു പരിപൂര്‍ണ്ണ ദൈവത്തിന്റെ അപൂര്‍ണ്ണരായ സേവകരാണ് നമ്മളെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പോംപിയോയെ ക്രിസ്ത്യന്‍ നേതാവായി ഉയര്‍ത്തിക്കാട്ടിയ നടപടിയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം, യഹൂദ, നിരീശ്വരവാദികള്‍ തുടങ്ങിയ അക്രൈസ്തവരെ രണ്ടാം തരം പൗരന്‍മാരാക്കുന്നതിന് തുല്ല്യമാണ് ഈ നടപടിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതിനു മുന്‍പും പോംപിയോ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമാക്കുകയും, അമിതമായ മതനിരപേക്ഷതയെയും സ്വവര്‍ഗ്ഗവിവാഹം, അബോര്‍ഷന്‍ തുടങ്ങിയ ധാര്‍മ്മിക അധഃപതനങ്ങളെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്.

യേശുക്രിസ്തു നമ്മുടെ രക്ഷകനും, ലോകത്തെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമാര്‍ഗ്ഗവുമാണെന്നു അമേരിക്കയിലെ ഏറ്റവും ഉന്നത നയതന്ത്രജ്ഞന്‍ കൂടിയായ പോംപിയോ ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ജനുവരിയില്‍ ട്രംപ് ഭരണകൂടത്തിന്റെ മധ്യപൂര്‍വ്വേഷ്യയെ സംബന്ധിച്ച നയങ്ങളെക്കുറിച്ച് വിശദീകരിക്കവേ വിശുദ്ധ ഗ്രന്ഥത്തിലുള്ള തന്റെ ആഴമായ വിശ്വാസം പോംപിയോ പരസ്യമാക്കിയിരുന്നു.


Related Articles »