Meditation. - April 2024

ഉയിര്‍പ്പ് കാലം- സമാധാനത്തിന്റെയും പുത്തന്‍ പ്രതീക്ഷകളുടെയും സമയം.

സ്വന്തം ലേഖകന്‍ 12-04-2016 - Tuesday

"നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടത്തേണ്ടതിനാണ് ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു" (യോഹന്നാൻ 16: 33).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-13

ഉത്ഥിതനായ യേശുവിന്‍റെ സമാധാനം ഈ കാലഘട്ടത്തിലെ ജനങ്ങളിലേയ്ക്ക് എത്തട്ടെയെന്നാണ് ഈ വചനം നമ്മോടു സംസാരിക്കുന്നത്. മരണത്തില്‍ നിന്നും ഉത്ഥിതനായ ക്രിസ്തു വഴിയായി, ദൈവം ലോകത്തെ ജയിച്ചിരിക്കുന്നു. മനുഷ്യനു പാപത്തിനു മേൽ വിജയം നേടാനും പാപത്തിന്റെ അനന്തര ഫലങ്ങളെ മറികടക്കുവാനും അവിടുത്തെ ഉത്ഥാനത്തിലൂടെ സാധിച്ചു. മരണത്തെ അതിജീവിച്ച ഏക വ്യക്തി യേശുവാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

മനുഷ്യര്‍ തമ്മിൽ പരസ്പര സാഹോദര്യത്തിലും, സന്തോഷത്തിലും ജീവിക്കുന്ന ഒരു കാലത്തിനായി- നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ ഉത്ഥിതനായ ക്രിസ്തുവിനെ സ്വീകരിക്കേണ്ടിയിരിക്കുന്നു. 'സമ്പത്ത് കൊണ്ട് എല്ലാം നേടാം അല്ലെങ്കിൽ വാങ്ങാം' എന്ന തെറ്റായ വിശ്വാസത്തിൽ ആയിരിക്കുന്ന എല്ലാ സമ്പന്ന രാഷ്ട്രങ്ങളിലും സ്നേഹം വെറുപ്പിനെ കീഴടക്കട്ടെ! മാനസികവും ശാരീരികവുമായി വേദനായനുഭവിക്കുന്ന ദുർബ്ബലരായ മനുഷ്യരുടെ, സംരക്ഷണത്തിനും ദാരിദ്ര്യത്തിൽ നിന്നുള്ള മോചനത്തിനും യേശുവിനെ സ്വീകരിക്കുന്നത് കാരണമായി തീരട്ടെ.

മത-രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ ഏറെയുണ്ടായ ബൽക്കാനിലും, കൌക്കാസസിലും, ആഫ്രിക്കയിലും, ഏഷ്യയിലും സമാധാന ദാതാവായ- ഉത്ഥിതനായ യേശു, പ്രദാനം ചെയ്യുന്ന സമാധാനം ലഭിക്കട്ടെ. ആയുധത്തിന്റെ മർമര സീൽക്കാര ശബ്ദങ്ങൾ മുഴങ്ങുന്ന എല്ലാ രാജ്യങ്ങളിലും, ദേശീയബോധം അപകടകരമായ തലത്തിലേയ്ക്ക് വളരുന്ന എല്ലാ പ്രദേശങ്ങളിലും അവിടുത്തെ സമാധാനം കൊണ്ട് നിറയാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം.

ക്രിസ്തു പകരുന്ന ജീവന്റെ പ്രകാശം, മരണത്തെ ചിതറിച്ച് പുതുജീവൻ പകരുമെന്ന സത്യം- നാം ഈ ഉയിര്‍പ്പ് കാലത്ത് ചിന്തിക്കേണ്ടിയിരിക്കുന്നു. സമാധാനത്തിന്റെയും പുതിയ പ്രതീക്ഷകളുടെയും സമയമായ ഈ ഉയിര്‍പ്പ് കാലഘട്ടം, നമ്മുക്ക് ഏറ്റവും ഫലദായകമാക്കി മുന്നേറാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.4.94)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »