India - 2024

സഭാവിരുദ്ധ സമ്മേളനങ്ങളില്‍ പങ്കെടുക്കരുത്: അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ

പ്രവാചകശബ്ദം 21-12-2024 - Saturday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ അച്ചടക്കം സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി നിയമാനുസൃതമായി കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്തു സഭയിലെ വൈദികരെയും സന്യസ്‌തരെയും അല്‌മായരെയും തെറ്റിദ്ധരിപ്പിച്ചു ചില വ്യക്തികൾ തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ ഇടവകകളിൽ വിളിച്ചുകൂട്ടുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്ന് വൈദിക, സന്യസ്‌ത, അല്‌മായ സമൂഹങ്ങളോട് അതിരൂപത അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ആവശ്യപ്പെട്ടു.

ഇത്തരം പ്രതിഷേധ സമ്മേളനങ്ങൾ, അതോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയർപ്പണം തുടങ്ങിയവ സഭയുടെ നിയമാനുസൃതമായ സംവിധാനത്തിനെതിരേയാണെന്നത് അവർ പ്രചരിപ്പിക്കുന്ന നോട്ടീസിൽനിന്നു വ്യക്തമാണ്. സഭയെ സ്നേഹിക്കുന്ന വൈദികർ, സന്യസ്‌തർ, അല്‌മായ വിശ്വാസികൾ എല്ലാവരും സഭാകൂട്ടായ്മയ്ക്കു വിഘാതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ഇത്തരം തെറ്റായ സമ്മേളനങ്ങളുടെയും സംഗമങ്ങളുടെയും ഭാഗമാകരുതെന്നും അപ്പസ് തോലിക് അഡ്മിനിസ്ട്രേറ്റർ ഓർമിപ്പിച്ചു.


Related Articles »