News - 2025
നിയമത്തിന്റെ പിന്‍ബലത്തില്‍ ദൈവീകസത്യങ്ങളെ തള്ളിപറയുന്നവര്‍ക്ക് ശക്തമായ താക്കീതുമായി ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 13-04-2016 - Wednesday
നിയമത്തെ മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ഹൃദയവികാരങ്ങളേയും, ജീവിത സാഹചര്യങ്ങളെയും കൂടി കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ, വിശ്വാസികളെ ഉത്ബോധിപ്പിച്ചു. തിങ്കളാഴ്ച, കാസാ സാന്താ മാര്‍ട്ടായിലെ തന്റെ പ്രഭാത കുര്‍ബ്ബാനയിലെ പ്രസംഗത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. "ദൈവത്തിനു നേരെയും, പ്രവചനങ്ങള്‍ക്ക് നേരെയും ഹൃദയം കൊട്ടിയടച്ചുകൊണ്ട് വിധികള്‍ പ്രഖ്യാപിക്കാനും നിയമത്തെ മാത്രം ഉയര്‍ത്തിപ്പിടിക്കുവാനുമാണ് ചിലര്‍ ശ്രദ്ധിക്കുന്നത്.
അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍, നിയമജ്ഞര്‍ സ്തേഫാനോസിനെ കുറ്റപ്പെടുത്തുന്ന ഭാഗം കാണാന്‍ സാധിയ്ക്കും. കാരണം അവര്‍ക്ക് “അവന്റെ ജ്ഞാനത്തേയും, അവനിലൂടെ സംസാരിച്ച ആത്മാവിനേയും" എതിർത്തു നിൽക്കാൻ കഴിഞ്ഞില്ല. അവര്‍ തങ്ങളുടെ വാദങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനായി കള്ള സാക്ഷികളെ വരെ ഏര്‍പ്പാടാക്കി. ദൈവീക സത്യങ്ങള്‍ക്ക് നേരെ അവരുടെ ഹൃദയങ്ങള്‍ കൊട്ടിയടച്ചു. അവര്‍ നിയമത്തിൽ മാത്രം മുറുകെ പിടിച്ചു. നിയമത്തിന്റെ ഓരോ വാക്കുകൽ വരെ അവർ കണക്കിലെടുത്തു"
"അവരുടെ പിതാക്കന്‍മാര്‍ പ്രവാചകന്‍മാരെ കൊലപ്പെടുത്തി, എന്നിട്ട് അവരിപ്പോള്‍ ആ പ്രവാചകന്മാര്‍ക്കായി സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നു" നിയമജ്ഞരുടെ ഈ മനോഭാവത്തെ പറ്റി യേശു, കര്‍ക്കശമായ താക്കീത് നല്‍കിയിട്ടുണ്ടെന്ന കാര്യം പാപ്പാ ചൂണ്ടി കാണിച്ചു (cf: Mathew 23:27-36)
"തങ്ങളുടെ പിതാക്കാന്മാരുടെ കാലഘട്ടത്തിലാണ് ഇത് സംഭവിച്ചതെങ്കില്‍ ഞങ്ങള്‍ ഇപ്രകാരം ചെയ്യുമായിരുന്നില്ല എന്ന അവരുടെ പ്രതികരണം, കാപട്യത്തെക്കാള്‍ അധികമായി വിദ്വേഷപരമായിട്ടാണ് തനിക്ക് തോന്നുന്നതെന്ന് പാപ്പാ പറഞ്ഞു. ഇപ്രകാരം “അവര്‍ തങ്ങളുടെ കരങ്ങള്‍ കഴുകുകയും, തങ്ങള്‍ കുറ്റക്കാരല്ലെന്ന് സ്വയം വിധിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വാക്കുകള്‍ക്ക് നേരെ കൊട്ടിയടക്കപ്പെട്ടിരിക്കുന്ന ഹൃദയം, സത്യത്തിനു നേരെയാണ് കൊട്ടിയടക്കപ്പെടുന്നതെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു" പാപ്പാ കൂട്ടിച്ചേര്‍ത്തു.
"യേശുവിനെ ഒറ്റികൊടുത്തതിന് ശേഷം പശ്ചാത്തപ വിവശനായ യൂദാസ്, പ്രധാനപുരോഹിതന്റെ പക്കല്‍ ചെന്നിട്ട് ‘ഞാന്‍ പാപം ചെയ്തു’ എന്ന് പറഞ്ഞുകൊണ്ട് ആ നാണയങ്ങള്‍ തിരികെ നല്‍കുന്നു. 'ഈ നാണയം ഞങ്ങള്‍ക്ക് ആവശ്യമില്ല, ഇതില്‍ ഞങ്ങള്‍ക്കൊരു പങ്കുമില്ല' എന്ന പ്രധാന പുരോഹിതന്‍റെ മറുപടി അവനെ ഞെട്ടിച്ചു കളഞ്ഞു, എന്തു ചെയ്യണമെന്നറിയാതെ നിന്ന അവന് നേരെ, അവര്‍ തങ്ങളുടെ ഹൃദയത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കുകയാണ് ചെയ്യുന്നത്. യൂദാസിന്റെ അനുതാപത്തില്‍ അവര്‍ വിലകല്പിച്ചില്ല. ഒടുവില്‍ അവന്‍ പോയി ആത്മഹത്യ ചെയ്തു. യൂദാസ് അനുതാപിയായി തിരികെ വന്നു. പക്ഷേ നിയമജ്ഞജരെ സംബന്ധിച്ചിടത്തോളം, തങ്ങള്‍ നിര്‍മ്മിച്ചതെന്നു അവര്‍ കരുതുന്ന നിയമപുസ്തകങ്ങളിലെ അക്ഷരങ്ങളായിരുന്നു പ്രധാനം" പാപ്പാ കൂട്ടിച്ചേര്‍ത്തു.
"അപ്പസ്തോലപ്രവര്‍ത്തനങ്ങളിലെ ധീര രക്തസാക്ഷിയായ സ്തേഫാനോസും, യേശുവിനേപോലെയും, മറ്റുള്ള പ്രവാചകരെ പോലെയും മരണം വരിച്ചു. ഇത് ഇന്നും സഭയുടെ ചരിത്രത്തില്‍ തുടരുകയും ചെയ്യുന്നു. നിരപരാധികളാണെങ്കില്‍ പോലും നിരവധി ആളുകള്‍ വിധിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു".
"വിശുദ്ധ ജോവാന്‍ ഓഫ് ആര്‍ക്കിന്റേയും, അദ്ദേഹത്തിന്റെ ഒപ്പം അഗ്നിയില്‍ വെന്തുരുകി രക്തസാക്ഷിത്വം വഹിച്ച മറ്റുള്ളവരെയും നിയമത്തിന് ഏല്‍പ്പിച്ചു കൊടുത്ത പ്രമാണിമാര്‍, ദൈവത്തിന്റെ വാക്കുകള്‍ക്ക് അനുസൃതമായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത് എന്ന കാര്യം മനസ്സിലാക്കാന്‍ സാധിയ്ക്കും. നമ്മുടെ പ്രിയപ്പെട്ടവരുടെ വലുതും ചെറുതുമായ ജീവിതസാഹചര്യങ്ങളെ കാരുണ്യത്തോടു കൂടി നോക്കുവാനുള്ള കൃപക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം". മാർപാപ്പ പറഞ്ഞു.