Thursday Mirror

സൂക്ഷിക്കുക; പ്രാർത്ഥനയിൽ നിന്ന് പിന്തിരിപ്പിക്കാൻ പിശാച് ഒരുക്കുന്ന നാലു കെണികൾ

സ്വന്തം ലേഖകന്‍ 26-10-2023 - Thursday

പ്രാര്‍ത്ഥിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുക, താത്പര്യം കുറയുക തുടങ്ങി അനേകം പ്രതിബന്ധങ്ങള്‍ നമ്മുടെ ആത്മീയ ജീവിതത്തിന്റെ പോഷണത്തിന് തടസ്സമാകാറുണ്ട്. നമ്മളെ പ്രാർത്ഥനയിൽ നിന്ന് പിന്തിരിപ്പിക്കാൻ പിശാച് വിവിധ കെണികള്‍ ഒരുക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സാത്താന്‍ കൗശലക്കാരനായതിനാൽ മിക്കപ്പോഴും നമ്മൾ അവന്റെ കെണിയിൽ വീണുപോകാറുണ്ട് താനും. പ്രാര്‍ത്ഥനയില്‍ ആഴപ്പെടുന്നതിന്, പിശാച് ഒരുക്കുന്ന കെണികളെ കുറിച്ച് അവബോധം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള നാലു കെണികളെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത്.

1. പ്രാർത്ഥന നിഷ്ഫലമാണ് എന്ന ചിന്ത: ‍ പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ശക്തി ജീവിതത്തില്‍ അനുഭവിച്ച് അറിഞ്ഞവരാണ് നമ്മില്‍ ഭൂരിഭാഗവും. എന്നാല്‍ അവയെ മറന്നുകൊണ്ട് മാനുഷികമായ ചിന്തയിൽ നിന്ന്‍ ഉരുതിരിയുന്ന ഒരു തെറ്റായ ആശയമാണ്- പ്രാർത്ഥന നിഷ്ഫലമാണ് എന്ന ചിന്ത. ക്രൈസ്തവ സന്യാസ ജീവിതം നയിക്കുന്നവരോട് ചിലര്‍ ചോദിക്കുന്ന ചോദ്യവും ഇതാണ്. പ്രാർത്ഥനയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അവർക്ക് എന്ത് പ്രയോജനമാണ് ഉണ്ടാവുന്നത്?. ബാഹ്യമായ കണ്ണുകളിലൂടെ നോക്കുമ്പോള്‍ സന്യാസികളുടെ ജീവിതം പ്രയോജനരഹിതമാണ്. പക്ഷേ ആന്തരിക തലത്തിലോ?

സ്നേഹത്തിന്റെ കണ്ണുകളിലൂടെയല്ല മറിച്ച് ഭൗതിക നേട്ടത്തിന്റെ കണ്ണുകളിലൂടെയാണ് നാം പ്രാർത്ഥനയുടെ ഫലത്തെ നോക്കിക്കാണുന്നത്. അത് മാറ്റിവെച്ച് ആന്തരികമായ ബോധ്യത്തിലൂടെ ചിന്തിക്കാം. അപ്പോള്‍ പ്രാര്‍ത്ഥന ഫലദായകമാണെന്ന വസ്തുത നമ്മള്‍ക്കു അനുഭവിച്ചറിയുവാന്‍ സാധിയ്ക്കും.

2. നിങ്ങൾക്ക് പ്രാർത്ഥിക്കാൻ അറിയില്ല: ‍ പ്രാർത്ഥിക്കുന്നത് സങ്കീര്‍ണ്ണമായ പ്രക്രിയയാണ്, അത് കഴിവുള്ളവരെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്നൊക്കെയുള്ള ചിന്താഗതി ചിലപ്പോള്‍ നമ്മെ അലട്ടാറുണ്ട്. എന്നാല്‍ ഇത് വലിയ ഒരു കെണിയാണ്. പ്രാർത്ഥിക്കുന്നതിന് മുമ്പ് നമുക്ക് പരിശീലനമാവശ്യമുണ്ട് എന്ന ചിന്തയില്‍ പ്രാര്‍ത്ഥന മാറ്റിവെക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചപ്പെടുത്തുക- ഇത് അവന്റെ കെണി മാത്രമാണ്. നമുക്ക് വേണ്ടവിധം പ്രാർത്ഥിക്കാനറിയില്ല എന്നതു ശരിയാണ്. എന്നാല്‍ അവ പ്രാര്‍ത്ഥനക്കുള്ള തടസ്സമായി മാറരുത്.

ഉദാഹരണമായി, ഒരു പിതാവ് തന്റെ കുഞ്ഞിനെ കൈകളിലെടുത്ത സമയത്ത് കുഞ്ഞ് ശബ്ദമുണ്ടാക്കി എന്നിരിക്കട്ടെ. സംസാരിക്കാൻ പഠിച്ചതിനു ശേഷം മാത്രമേ ഇനി തന്റെ അടുത്ത് വരാൻ പാടുള്ളൂ എന്ന് പിതാവ് കുഞ്ഞിനോട് പറയുമോ? അതിന് ഒട്ടും സാധ്യതയില്ല. കുഞ്ഞിന്റെ ശബ്ദം പിതാവിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. ദൈവ പിതാവിനും ഇതുപോലെതന്നെയാണ്. നമ്മുടെ പ്രാര്‍ത്ഥന ശ്രവിക്കുന്നവനാണ് നമ്മുടെ കര്‍ത്താവ്.

3. സമയം കിട്ടുമ്പോൾ മാത്രം പ്രാർത്ഥിച്ചാൽ മതി: ‍ ഒന്നുറപ്പാണ്. സമയം കിട്ടുമ്പോൾ പ്രാർത്ഥിക്കാൻ വേണ്ടി നമ്മുടെ പ്രാർത്ഥന മാറ്റിവച്ചാൽ, അത് മുന്നോട്ട് നീണ്ടുപോകുമെന്നല്ലാതെ പ്രാര്‍ത്ഥിക്കുവാനുള്ള സാധ്യത വളരെ വിരളമാണ്. നമ്മുടെ മുൻഗണന എന്താണ് എന്നതാണ് പ്രശ്നം. പ്രാർത്ഥന അത്യാവശ്യമാണെന്ന് നാം മനസ്സിലാക്കുകയാണെങ്കിൽ നമ്മുടെ സമയക്രമത്തിൽ പ്രാർത്ഥന ഇടംപിടിക്കും. അതിനാല്‍ പ്രതിസന്ധിയുടെ നേരങ്ങളില്‍ മാത്രം കൂടുതല്‍ പ്രാര്‍ത്ഥിക്കുന്ന പ്രവണത മാറ്റി ഓരോ ദിവസത്തിലെയും കുറച്ചു സമയം എങ്കിലും വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കുള്ള അവസരമാക്കി മാറ്റുക.

4. ‍ജോലിയാണ് പ്രാർത്ഥനയെന്ന തെറ്റായ ചിന്താഗതി: ജോലി ഭാരം നിമിത്തം പ്രാര്‍ത്ഥന ഒഴിവാക്കുന്നവരും കുറവല്ല. പൂർണ്ണമായും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രസ്തുത ജോലി ദൈവത്തിന് സമർപ്പിക്കുകയാണെങ്കിൽ, പ്രാർത്ഥിക്കുന്നതിൽ നിന്ന് നാം ഒഴിവാക്കപ്പെടുമെന്ന ചിന്ത അബദ്ധജടിലമാണ്. ദൈവത്തിന്റെ സാന്നിധ്യത്തിലായിരിക്കാൻ പ്രാർത്ഥന മാത്രമല്ല മാർഗ്ഗമെന്നത് സത്യമാണ്. ജോലിയില്ലാത്ത സമയത്ത് നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കുകയാണെങ്കിൽ ജോലിയുള്ള സമയത്തും നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കും. അതിനുള്ള ജീവിതരീതി നമ്മള്‍ തന്നെ ക്രമപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്.

കേവലം പ്രതിസന്ധി വരുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും അല്ലാത്ത സാഹചര്യങ്ങളില്‍ ആത്മീയ ജീവിതത്തില്‍ നിന്ന്‍ തെന്നിമാറി കഴിയുകയും ചെയ്യുന്ന നമ്മുടെ ബലഹീനമായ അവസ്ഥ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഇന്നു തന്നെ നമ്മുക്ക് തീരുമാനമെടുത്തു കൂടെ? അങ്ങനെ സ്വര്‍ഗ്ഗീയ പിതാവുമായുള്ള സ്നേഹബന്ധം നമ്മുക്ക് കൂടുതല്‍ ഊഷ്മളമാക്കാം.

#Repost


Related Articles »