News

പിശാചിന്റെ ഏറ്റവും വലിയ തന്ത്രം അവൻ ഇല്ലെന്ന് ആളുകളെ വിശ്വസിപ്പിക്കുകയെന്നതാണ്: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 25-09-2024 - Wednesday

വത്തിക്കാന്‍ സിറ്റി: പിശാചുമായി ബന്ധപ്പെട്ട വിചിത്ര പ്രതിഭാസത്തിനാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നതെന്നും പിശാചിന്‍റെ ഏറ്റവും വലിയ തന്ത്രം അവൻ ഇല്ലെന്ന് ആളുകളെ വിശ്വസിപ്പിക്കുകയെന്നതാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നു ബുധനാഴ്ച (25/09/24) വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. സാത്താന്‍ നിലവിലില്ലെന്ന്, ഒരു പ്രത്യേക സാംസ്കാരിക തലം വരെ കരുതപ്പെടുന്നുണ്ട്. ചാള്‍സ് ബുദുലെയ് എഴുതിയതു പോലെ, "പിശാചിൻറെ ഏറ്റവും വലിയ തന്ത്രം അവൻ ഇല്ലെന്ന് ആളുകളെ വിശ്വസിപ്പിക്കുക എന്നതാണ്" എന്ന്‍ പാപ്പ പറഞ്ഞു.

അതേസമയം തന്നെ നമ്മുടെ സാങ്കേതികവും മതേതരവുമായ ലോകം മന്ത്രവാദികൾ, മന്ത്രവാദം, ജ്യോതിഷികൾ, മന്ത്രങ്ങളുടെയും മന്ത്രത്തകിടുകളുടെയും വാണിഭക്കാർ, യഥാർത്ഥ സാത്താൻ സേവാ വിഭാഗങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. വാതിലിലൂടെ പുറത്താക്കപ്പെട്ട പിശാച് ജനാലയിലൂടെ തിരിച്ചുകയറിയിരിക്കുന്നു എന്നു പറയാം. നമുക്ക് ചുറ്റും നാം കാണുന്ന തിന്മയുടെയും ദുഷ്ടതയുടെയും അതിതീവ്രവും മനുഷ്യത്വരഹിതവുമായ രൂപങ്ങളിൽ പിശാച് സാന്നിഹിതനും പ്രവർത്തനനിരതനുമാണെന്നത് ശരിയാണ്.

എന്നാൽ, ഓരോ സംഭവത്തിലും ഉള്ളത് യഥാർത്ഥത്തിൽ അവനാണെന്ന് ഉറപ്പിക്കുക പ്രായോഗികമായി അസാധ്യമാണ്. കാരണം അവൻറെ പ്രവർത്തനം എവിടെ അവസാനിക്കുന്നുവെന്നും നമ്മുടെ തിന്മ എവിടെ ആരംഭിക്കുന്നുവെന്നും നമുക്ക് കൃത്യമായി അറിയാൻ കഴിയില്ല. ഇക്കാരണത്താൽ, സഭ, ഭൂതോച്ചാടനത്തിൽ വളരെയധികം വിവേകവും കാർക്കശ്യവും പുലർത്തുന്നു. ഏറ്റക്കുറച്ചിലുകളോടെ, എല്ലാ വിശുദ്ധരും മഹാ വിശ്വാസികളും ഈ ഇരുണ്ട യാഥാർത്ഥ്യത്തോടുള്ള അവരുടെ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നവരുമാണ്.

മരുഭൂമിയിൽ യേശു വിജയിച്ചതുപോലെ, അതായത് ദൈവവചനത്താൽ, തിന്മയുടെ അരൂപിക്കെതിരായ പോരാട്ടം ജയിക്കാം. വിശുദ്ധ പത്രോസ് മറ്റൊരു മാർഗ്ഗം നിർദ്ദേശിക്കുന്നു, അത് യേശുവിന് ആവശ്യമില്ലായെങ്കിലും നമുക്ക് വേണ്ടതാണ്, ജാഗ്രത: "നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു” (1 പത്രോസ് 5:8). വിശുദ്ധ പൗലോസ് പറയുന്നു: "പിശാചിന് ഒരു അവസരം നൽകരുത്" (എഫേ. 4:27).

"ഈ ലോകത്തിൻറെ അധികാരിയുടെ" (യോഹന്നാൻ 12.31) ശക്തിയെ കുരിശിൽ ക്രിസ്തു എന്നെന്നേക്കുമായി പരാജയപ്പെടുത്തി. പിശാചുമായി സംഭാഷണമരുത്. അവനെ തുരത്തുക. ചില പ്രലോഭനങ്ങളുമായി പിശാച് എങ്ങനെ സമീപിക്കുന്നു എന്നതിൻറെ അനുഭവം നമുക്കെല്ലാവർക്കും ഉണ്ട്. പത്ത് കൽപ്പനകളുടെ പ്രലോഭനം: നമുക്ക് ഇത് അനുഭവപ്പെടുമ്പോൾ, നിശ്ചലമായിരിക്കുക, അകലം പാലിക്കുക; ചങ്ങലയിൽ കെട്ടിയിട്ടിരിക്കുന്ന പട്ടിയുടെ അടുത്തുപോകരുത്. സാങ്കേതിക വിദ്യകളിലൂടെ കടന്നു വരുന്ന തിന്മയുടെ അരൂപിയെ കുറിച്ചും പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

ആധുനിക സാങ്കേതികവിദ്യ, സ്തുത്യർഹമായ നിരവധി നല്ല കാര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനു പുറമേ, "പിശാചിന് ഒരു അവസരമൊരുക്കുന്ന എണ്ണമറ്റ മാർഗ്ഗങ്ങളും നൽകുന്നുണ്ട്, പലരും അതിൽ വീഴുന്നു. ഇൻറർനെറ്റിലൂടെയുള്ള അശ്ലീലചിത്രങ്ങളെക്കുറിച്ച് ചിന്തിക്കാം, അതിന് പിന്നിൽ തഴച്ചുവളരുന്ന ഒരു വിപണിയുണ്ട്: നമുക്കെല്ലാവർക്കും അത് അറിയാം. പിശാചാണ് അവിടെ പ്രവർത്തിക്കുന്നത്. ഇത് വളരെ വ്യാപകമായ ഒരു പ്രതിഭാസമാണ്, ഇതിനെതിരെ ക്രൈസ്തവർ അതീവ ജാഗ്രതപുലർത്തുകയും അതിനെ അതിശക്തം നിരാകരിക്കുകയും വേണം.

ചരിത്രത്തിൽ പിശാചിൻറെ പ്രവർത്തനത്തെക്കുറിച്ചുള്ള അവബോധം നമ്മെ നിരുത്സാഹപ്പെടുത്തരുത്. "ഞാൻ കർത്താവിനോടുകൂടെയാണ്, കടന്നുപോകൂ" എന്നു പറയാൻ കഴിയണം. ക്രിസ്തു പിശാചിനു മേല്‍ ജയിച്ചു, അവൻറെ വിജയം നമ്മുടേതാക്കാൻ അവൻ നമുക്ക് പരിശുദ്ധാത്മാവിനെ നൽകി. ദൈവത്തിൻറെ സഹായത്താൽ അതിനെ നമ്മുടെ ശുദ്ധീകരണത്തിന് പ്രയോജനപ്പെടുത്തുന്ന പക്ഷം ശത്രുവിൻറെ പ്രവർത്തനത്തെത്തന്നെ നമുക്കു ഗുണകരമായി മാറ്റാനാകും. പരിശുദ്ധാത്മാവിനോട് സഹായം തേടാനുള്ള ആഹ്വാനത്തോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.


Related Articles »