Meditation. - April 2024

ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നാം പക്വത പ്രാപിച്ചിട്ടുണ്ടോ?

സ്വന്തം ലേഖകന്‍ 17-04-2023 - Monday

"പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം" (1 തെസ്സ. 5:8).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-17

തന്റെ ലേഖനങ്ങളിൽ ഒന്നിൽ പത്രോസ് ശ്ലീഹ നമ്മുടെ ശ്രദ്ധയെ ഇങ്ങനെ ക്ഷണിക്കുന്നു. "ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍" (1 പത്രോസ് 3:15). ഇന്നത്തെ ദൃശ്യ മാധ്യമങ്ങളില്‍ സഭ പ്രബോധനങ്ങളെ പറ്റി, ക്രൈസ്തവരുടെ ആദ്ധ്യാത്മികതയെ പറ്റി നിരവധി തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. അത് നമ്മളെ വഴിതെറ്റിക്കുകയോ ആശയകുഴപ്പത്തിൽ ആക്കുകയോ ചെയ്യുന്നുവെങ്കില്‍ ഒരു കാര്യം മനസ്സിലാക്കുക. യേശുവുമായുള്ള നമ്മുടെ ബന്ധത്തിന് പക്വത കൈവന്നിട്ടില്ല.

അതേ സമയം ക്രിസ്തുവിനും അവിടുത്തെ മൌതിക ശരീരമായ സഭക്കെതിരെയും വരുന്ന ആരോപണങ്ങളില്‍ അടിപതറാത്ത വിശ്വാസവുമായി നാം മുന്നേറുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം, നാം വിശ്വാസത്തില്‍ പക്വത പ്രാപിച്ചവരാണെന്നാണ്. വിശ്വാസം എന്ന് പറയുന്നത് കേവലം അന്ധമായ ഒരു വികാരമല്ല. മറിച്ച്, ദൈവീക വിളിയോടുള്ള യാഥാസ്തികമായ പ്രതികരണമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

നാമെല്ലാവരും യേശുവിനാല്‍ വീണ്ടെടുക്കപ്പെട്ട ഒരു ജനമാണ്. ഈ ചിന്ത നമ്മുടെ എല്ലാവരുടെയും മനസ്സിലും, ചിന്തയിലും, ഹൃദയത്തിലും, ബോധമണ്ഡലത്തിലും വളര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്. കാല്‍വരിയിലെ ത്യാഗബലിയാല്‍ നാം ദൈവവുമായി ഐക്യം പ്രാപിച്ചിരിക്കുന്നു. മാനസികമായും ശാരീരികമായും നാം വളരുന്നതിനനുസരിച്ച് ഈ വിശ്വാസവും വളർത്തിയെടുക്കുവാൻ ശ്രമിക്കണം. എങ്കില്‍ മാത്രമേ ആദ്ധ്യാത്മികമായ പക്വത പ്രാപിക്കുവാന്‍ നമ്മുക്ക് സാധിക്കുകയുള്ളൂ. ക്രിസ്തുവിലുള്ള വിശ്വാസത്തിന് പക്വത പ്രാപിച്ചിട്ടുണ്ടോയെന്ന് ഒരു നിമിഷം ആത്മശോധന ചെയ്തു നോക്കുക.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്സ്ബര്‍ഗ്ഗ്, 26.6.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »