India - 2024

കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരില്‍ ബിഷപ്പുമാരുടെയും വൈദികരുടെയും ഉപവാസ സമരം

03-12-2019 - Tuesday

കണ്ണൂര്‍: ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് കളക്ടറേറ്റിനു മുന്നില്‍ ബിഷപ്പുമാരും വൈദികരും ഉപവാസ സമരം നടത്തി. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതസഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവരും തലശേരി, കണ്ണൂര്‍, കോട്ടയം രൂപതകളിലെ ഇരുന്നൂറ്റമ്പതോളം വൈദികരുമാണ് ഉപവസിച്ചത്. ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാമൂഹിക, സാംസ്‌കാരിക, വ്യാപാര മേഖലകളിലെ പ്രമുഖരും ഒഴുകിയെത്തി.

ഇന്നലെ രാവിലെ 10ന് കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലെ ഗാന്ധിപ്രതിമയില്‍ പുഷ്പമാല്യം അര്‍പ്പിച്ചശേഷം പ്രകടനമായാണ് ബിഷപ്പുമാരും വൈദികരും കളക്ടറേറ്റിനു മുന്നിലെ ഉപവാസ വേദിയിലെത്തിയത്. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി അനുഗ്രഹഭാഷണം നടത്തി. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ആമുഖപ്രഭാഷണം നടത്തി.

ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭസമിതി ചെയര്‍മാന്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവിയും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സ്വന്തം കവിത ചൊല്ലി ആശംസ അറിയിച്ചു. എംപിമാരായ കെ. സുധാകരന്‍, ജോസ് കെ. മാണി, എംഎല്‍എമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, ജയിംസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »