News - 2025

ഫ്രാൻസിസ് പാപ്പയുടെ പ്രാര്‍ത്ഥന യാചിച്ച് അമേരിക്കന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 12-02-2025 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന പശ്ചാത്തലത്തില്‍ ബിഷപ്പുമാർക്കു ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തിന് പ്രതികരണവുമായി യുഎസ് ബിഷപ്പ് കോൺഫറൻസ് പ്രസിഡൻ്റ്. മനുഷ്യൻ്റെ അന്തസ്സ് സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും കുടിയേറ്റത്തിൻ്റെ മനുഷ്യത്വപരമായ ഒരു സംവിധാനം കെട്ടിപ്പടുക്കുന്നതിൻ്റെ ലക്ഷ്യവും ഊന്നിപറഞ്ഞാണ് പ്രതികരണം.

യുഎസിലെ സൈനിക സേവനങ്ങൾക്കായുള്ള വിഭാഗത്തിന്റെ അധ്യക്ഷനും അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റുമായ ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ ഫ്രാൻസിസ് മാർപാപ്പയുടെ “പ്രാർത്ഥനാപരമായ പിന്തുണ”ക്ക് നന്ദി അര്‍പ്പിച്ചു. യുഎസിന്റെ കുടിയേറ്റ സംവിധാനം മെച്ചപ്പെടുത്തുന്നതിനും മനുഷ്യരുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നും പരിശുദ്ധ പിതാവിനോട് മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.

എല്ലാവരുടെയും അന്തസ്സ് കാത്തുസൂക്ഷിക്കുന്നതോടൊപ്പം സമൂഹങ്ങളെ സംരക്ഷിക്കുന്ന, കൂടുതൽ മാനുഷികമായ ഒരു കുടിയേറ്റ സംവിധാനം കെട്ടിപ്പടുക്കാൻ ഒരു രാഷ്ട്രമെന്ന നിലയിൽ ധൈര്യം കണ്ടെത്തുന്നതിന് പാപ്പയുടെ തുടർച്ചയായ പ്രാർത്ഥനകൾക്കായി യാചിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് ബ്രോഗ്ലിയോ എഴുതി. ഫ്രാൻസിസ് മാർപാപ്പയുടെ ഫെബ്രുവരി 10-ന് അയച്ച കത്തിന് മറുപടിയായാണ് കത്ത്. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടത്തുന്ന കൂട്ട നാടുകടത്തൽ പരിപാടികളോട് പാപ്പ തൻ്റെ ഉറച്ച വിയോജിപ്പ് പ്രകടിപ്പിച്ചിരിന്നു. അമേരിക്കയുടെ നയങ്ങളുടെ നീതിയെ മാനുഷിക അന്തസ്സിൻ്റെ വെളിച്ചത്തിൽ വിലയിരുത്താനും കുടിയേറ്റക്കാരുടെ അന്തസ്സ് ഉയർത്തിക്കാട്ടാനും പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടിരിന്നു.


Related Articles »