News - 2025

അബുദാബിയിൽ പുതിയ ക്രൈസ്തവ ദേവാലയത്തിന് നാളെ തറക്കല്ലിടും

സ്വന്തം ലേഖകന്‍ 06-12-2019 - Friday

അബുദാബി: യുഎഇയിലെ അബുദാബിയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കായി പുതിയ ദേവാലയം ഉയരും. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) സഭാ വിശ്വാസികൾക്കായി അബു മുരിയേക്കില്‍ നിര്‍മ്മിക്കുന്ന പുതിയ ദേവാലയത്തിന്റെ തറക്കല്ലിടൽ നാളെയാണ് നടക്കുക. യുഎഇയിലെ ഏറ്റവും പഴയ ആംഗ്ലിക്കൻ ദേവാലയമായ സെന്റ് ആൻഡ്രൂസ് ദേവാലയത്തിലായിരിക്കും തറക്കല്ലിടലിനു മുന്നോടിയായുള്ള പ്രാർത്ഥന ചടങ്ങുകൾ നടക്കുക. യുഎഇയുടെ സഹിഷ്ണുത മന്ത്രി നഹ്യാൻ ബിൻ മുബാറക്കും, നൂറുകണക്കിന് വിശ്വാസികളും സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ നടക്കുന്ന ചടങ്ങിൽ സംബന്ധിക്കും. അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദാണ് ദേവാലയം നിർമ്മിക്കാനായി നാല് ഏക്കറോളം ഭൂമി നൽകിയത്.

1970ൽ അന്‍പതു വിശ്വാസികളുമായി ആരംഭിച്ച സിഎസ്ഐ സഭയിൽ ഇപ്പോൾ രാജ്യത്താകമാനം ഏകദേശം ആറായിരത്തോളം വിശ്വാസികളുണ്ട്. നാല്‍പ്പതു വർഷങ്ങൾക്കു ശേഷം സ്വന്തം ദേവാലയത്തിൽ എഴുന്നൂറ്റിയന്‍പതോളം വരുന്ന മലയാളികൾ ഉൾപ്പെടെയുള്ളയുളള വിശ്വാസികൾക്ക് ഇനി ഇവിടെ പ്രാർത്ഥിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഫുജൈറയിൽ സിഎസ്ഐ സഭയ്ക്ക് ഇപ്പോൾതന്നെ ഒരു ദേവാലയം ഉണ്ട്. ദേവാലയ നിർമ്മാണം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2021-ല്‍ ദേവാലയം ആരാധനയ്ക്കായി തുറന്നു കൊടുക്കാനാണ് പദ്ധതി. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തില്‍ പതിനെട്ടോളം അമുസ്ലിം ആരാധനാലയങ്ങൾക്ക് സർക്കാർ ലൈസൻസ് നല്‍കിയിരിന്നു.


Related Articles »