India - 2024

സഭാശുശ്രൂഷകര്‍ ദൈവകരുണയുടെ വക്താക്കളാകണം: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 12-12-2019 - Thursday

കൊച്ചി: രക്ഷകനായ ഈശോയുടെ കാരുണ്യത്തിന്റെ വക്താക്കളായി ദൈവജനത്തിനും ലോകത്തിനും എളിമയുടെ ശുശ്രൂഷ ചെയ്യുക എന്നതാണ് ഓരോ സഭാ ശുശ്രൂഷകന്റെയും ഉത്തരവാദിത്തമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന വിവിധ സീറോ മലബാര്‍ സിനഡല്‍ കമ്മിഷന്‍ സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റ സ്വാതന്ത്രത്തിനായി നിസ്വാര്‍ത്ഥ പരിശ്രമം നടത്തിയ മഹാത്മാ ഗാന്ധിയെപ്പോലെ സേവന വഴികളിലെ പ്രതിസന്ധികളില്‍ തളരാതെ പരിശുദ്ധാത്മപ്രചോദിതരായി ഏകതാഭാവത്തില്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യണമെന്നും അദ്ദേഹം സമ്മേളനത്തെ ഓര്‍മ്മിപ്പിച്ചു. സഭയുടെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ വിവിധ കമ്മീഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും സുഗമവും ക്രിയാത്മകവുമായ നടത്തിപ്പിനും സഹായകരമായ പങ്കുവയ്ക്കലുകളും ചര്‍ച്ചകളും നടന്നു.

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എം.സി.ബി.എസ്്., എ.കെ.സി.സി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ലെയിറ്റി കമ്മിഷന്‍ കണ്‍വീനര്‍ അഡ്വ. ജോസ് വിതയത്തില്‍, മാതൃവേദി ഭാരവാഹികളായ ഡോ. റീത്താമ്മ കെ.വി., റോസിലി പോള്‍ തട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.പുഷ്പം എം.എസ്.ജെ., സി .നയന എം.എസ്.ജെ., സി. റോസ്മിന്‍ എം.എസ്.ജെ. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


Related Articles »