India - 2024

സി‌എസ്‌ഐ ബിഷപ് റവ. സാം മാത്യുവിന്റെ നിര്യാണത്തില്‍ സീറോമലബാര്‍ സഭ അനുശോചനം രേഖപ്പെടുത്തി

അമല്‍ സാബു 20-04-2016 - Wednesday

കൊച്ചി: അന്തരിച്ച സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ അധ്യക്ഷന്‍ ബിഷപ് റവ. സാം മാത്യു, പൊതുസമൂഹത്തിനു മാതൃകയായ വ്യക്തിത്വമായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ആത്മീയത, സഭൈക്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ക്രൈസ്തവ ദര്‍ശനങ്ങളില്‍ അടിയുറച്ച പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്.

ബിഷപ്പ് റവ. സാം മാത്യുവിന്റെ വിയോഗത്തില്‍ സിഎസ്‌ഐ സഭാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ദുഖം പങ്കുവയ്ക്കുകയും ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബിഷപ് റവ.സാം മാത്യുവിന്റെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും അനുശോചനം രേഖപ്പെടുത്തി. നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം ചെയ്ത സ്തുത്യര്‍ഹമായ സേവനങ്ങളും സഭൈക്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ദീര്‍ഘവീക്ഷണങ്ങളും വിസ്മരിക്കാനാവാത്തതാണെന്ന് മാര്‍ മാത്യു അറയ്ക്കല്‍ തന്റെ അനുശോചനക്കുറിപ്പില്‍ സൂചിപ്പിച്ചു.