India - 2025

പാലക്കാട് പുൽക്കൂടും അലങ്കാരവിളക്കുകളും അടിച്ചു തകര്‍ത്തു

പ്രവാചകശബ്ദം 24-12-2024 - Tuesday

തത്തമംഗലം (പാലക്കാട്): നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിൽ ക്രിസ്‌തുമസ് ആഘോഷം തടഞ്ഞ വി‌എച്ച്‌പി പ്രവര്‍ത്തകരുടെ അതിക്രമം നടന്ന് 3 ദിവസങ്ങള്‍ക്കകം തത്തമംഗലം ഗവ. ബേസിക് അപ്പർ പ്രൈമറി സ്‌കൂളിൽ ഒരുക്കിയ പുൽക്കൂടും അലങ്കാരവിളക്കുകളും സാമൂഹ്യവിരുദ്ധർ അടിച്ചു നശിപ്പിച്ചു. സ്കൂ‌ളിലെ പൂട്ടിയ ഇരുമ്പുഗ്രിൽ തകർക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതോടെ തെങ്ങിൻ പട്ടയും കമ്പും ഉപയോഗിച്ച് പുൽക്കൂട് തകർക്കുകയായിരുന്നു.

വെള്ളിയാഴ്ച സ്‌കൂളിൽ ക്രിസ്‌തുമസ് ആഘോഷത്തിൻ്റെ ഭാഗമായി മുറിയിൽ വിപുലമായ രീതിയിൽ പുൽക്കൂട് ഒരുക്കിയിരുന്നു. ഇരുമ്പു ഗ്രില്ലിട്ടു പൂട്ടിയ മുറിയിലായിരുന്നു പുൽക്കൂട്. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ അധ്യാപകർ മുറി അലങ്കോലപ്പെട്ടുകിടക്കുന്നതുകണ്ട് പ്രധാനാധ്യാപകൻ തങ്കരാജിനെ അറിയിച്ചു. തുടർന്ന് ചിറ്റൂർ പോലീസിൽ പരാതി നൽകി. പാലക്കാട് പോലീസ് മേധാവി ആർ. ആനന്ദ്, ചിറ്റൂർ ഡിവൈഎസ്‌പി കൃഷ്ണദാസ്, എസ്എച്ച്ഒ ഇൻസ്പെക്ടർ മാത്യു ഉൾപ്പെടെ ഉള്ളവർ സ്‌കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി.

പാലക്കാട്ടുനിന്നു പോലീസ് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിദഗ്‌ധർ എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പുനടത്തി. വിവരമറിഞ്ഞ് മന്ത്രി കെ. കൃഷ്‌ണൻകുട്ടി സ്‌കുളിലെത്തിയിരുന്നു. അധ്യാപക രക്ഷാ കർതൃസമിതി അംഗങ്ങളും നാട്ടുകാരും സാമൂഹ്യവിരുദ്ധരുടെ അതിക്രമത്തെ അപലപിച്ചു. സ്‌കൂളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »