News - 2024

കര്‍ത്താവിന്റെ തിരുപിറവിയുടെ തിരുനാളിനായി ലോകം ഒരുങ്ങി; ദേവാലയങ്ങളില്‍ രാത്രി തിരുക്കര്‍മ്മങ്ങള്‍

പ്രവാചകശബ്ദം 24-12-2024 - Tuesday

തിരുവനന്തപുരം: മാനവ വംശത്തിന്റെ രക്ഷയ്ക്കായി മനുഷ്യാവതാരം ചെയ്ത യേശുവിന്റെ തിരുപിറവിയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കായി ദേവാലയങ്ങൾ ഒരുങ്ങി. പാതിരാ കുർബാനയോടെയാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കുന്ന ആഘോഷങ്ങൾക്കു തുടക്കമാകുക. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പിറവിത്തിരുനാൾ തിരുക്കർമങ്ങൾക്ക് മുന്‍പായി 2025 ജൂബിലിക്ക് ആരംഭം കുറിച്ച് വിശുദ്ധ വാതിൽ, ഫ്രാൻസിസ് മാർപാപ്പ ഇന്നു തുറക്കും. ഇതോടെ ലോകം മുഴുവനും 2025 ജൂബിലി വത്സരത്തിനു തിരി തെളിയും. ഇന്ത്യൻ സമയം രാത്രി പതിനൊന്നരയ്ക്കാണ് കരുണയുടെ വാതിൽ തുറക്കപ്പെടുന്നത്. തുടർന്നു പിറവിത്തിരുനാൾ തിരുക്കർമങ്ങൾക്ക് വി. പത്രോസിൻ്റെ മദേവാലയം സാക്ഷ്യം വഹിക്കും.

സീറോ മലബാര്‍ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തൃശൂർ അതിരൂപതയിലെ പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ ദൈവാലയത്തിൽ ഇന്ന് രാത്രി 11.30ന് തിരുപ്പിറവിയുടെ കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ചങ്ങനാശ്ശേരി അതിരൂപതയിലെ തൃക്കൊടിത്താനം സെന്റ് സേവ്യർ ഫൊറോന ദേവാലയത്തിൽ ഇന്ന് രാത്രി 11.30ന് തിരുപ്പിറവിയുടെ കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.

പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്നു രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്തുമസ് തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുർബാനയും കത്തീഡ്രൽ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്തുമസ് കരോളും ഉണ്ടാകും. പിഎംജി ലൂർദ് ഫൊറോന പള്ളിയിലെ ക്രിസ്‌തുമസ് തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കുന്നതിനായി എത്തിച്ചേരുന്ന കർദ്ദിനാൾ മാർ ജോർജ് കുവക്കാട്ടിന് ഇന്നു രാത്രി 10.30നു പള്ളി അങ്കണത്തിൽ സ്വീകരണം നൽകും.

തുടർന്ന് നടക്കുന്ന ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് ലൂർദ് ഫൊറോന വികാരി ഫാ. മോർളി കൈതപ്പറമ്പിൽ, സഹവികാരിമാരായ ഫാ. റോബിൻ പുതുപ്പറമ്പിൽ, ഫാ. റോൺ പൊന്നാറ്റിൽ എന്നിവർ സഹകാർമികരായിരിക്കും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ഇന്നു രാത്രി 11.30ന് ആരംഭിക്കുന്ന ക്രിസ്തുമസ് തിരുക്കർമങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായിരിക്കും. നാളെ ക്രിസ്തുമസ് ദിനത്തിൽ രാവിലെ ഏഴിനും എട്ടിനും വിശുദ്ധ കുർബാനയുണ്ടാകും. ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ അര്‍ദ്ധരാത്രിയും നാളെ പകലും വിശുദ്ധ കുർബാന അര്‍പ്പണം ഉണ്ടാകും.


Related Articles »