Life In Christ - 2025
ജീവന്‍ ദൈവത്തിന്റെ ദാനം, അബോര്‍ഷന്‍ തടയാന്‍ ശ്രമം തുടരും: ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍ 23-01-2020 - Thursday
വാഷിംഗ്ടണ്‍ ഡിസി: ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും ഗര്‍ഭഛിദ്രം മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്ന പ്രചരണം ഇല്ലാതാക്കുവാന്‍ തന്റെ ഭരണകൂടം അന്താരാഷ്ട്ര തലത്തില്‍ ശ്രമം തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മനുഷ്യജീവന്റെ പവിത്രതയ്ക്കായുള്ള ദേശീയ ദിനം (ജനുവരി 22) പ്രഖ്യാപിച്ചുകൊണ്ടു പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ട്രംപ് തന്റെ പ്രോലൈഫ് ചിന്താഗതി ഒരിക്കല്‍ കൂടി പരസ്യമാക്കിയത്. ജീവന്റെ സംരക്ഷണത്തിനുവേണ്ടിയും എളുപ്പത്തില്‍ ക്ഷതമേല്‍ക്കുന്നവരുടെ രക്ഷയ്ക്കായും അസംഖ്യം അമേരിക്കക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇവരെയെല്ലാം നന്ദിയോടെ സ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ, നമ്മുടെ രാജ്യത്ത് ഗർഭഛിദ്രത്തിന്റെ ആകെ എണ്ണത്തിലും ഗർഭച്ഛിദ്ര നിരക്കിലും കുറവുണ്ടായി. 2007-2016 കാലഘട്ടത്തിലെ ഏറ്റവും പുതിയ വിശകലന പ്രകാരം, ഗർഭഛിദ്രത്തിന്റെ നിരക്കില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. കൗമാരക്കാർക്കിടയിലെ ഗര്‍ഭഛിദ്ര നിരക്കിനും കുറവ് വന്നിട്ടുണ്ട്. ഇത്തരത്തില്‍ വന്ന കുറവിനെ അമേരിക്കന്‍ ജനത ആഘോഷിക്കേണ്ടിയിരിക്കുന്നു. പ്രസിഡന്‍റെന്ന നിലയില്‍ ജീവന്റെ സംരക്ഷണത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അത്തരത്തിലുള്ള നയം വരും നാളുകളില്‍ നടപ്പിലാക്കുമെന്നും ട്രംപ് സന്ദേശത്തില്‍ വ്യക്തമാക്കി.
1984ല്‍ പ്രസിഡന്റ് റോണള്‍ഡ് റെയ്ഗനാണ് മനുഷ്യജീവന്റെ പവിത്രതയ്ക്കായുള്ള ദേശീയ ദിനം ആദ്യമായി പ്രഖ്യാപിച്ചത്. അമേരിക്കന്‍ ചരിത്രത്തില്‍ ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച നേതാക്കളിലൊരാളാണ് ട്രംപ്. പ്രോലൈഫ് സംഘടനകള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രസിഡന്റിന്റെ ഓരോ തീരുമാനങ്ങളെയും സ്വീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രോലൈഫ് റാലിയായ മാര്‍ച്ച് ഫോര്‍ ലൈഫില്‍ ഇത്തവണ ട്രംപും പങ്കെടുക്കുന്നുണ്ട്. 47 വർഷത്തെ ചരിത്രത്തിൽ മാർച്ച് ഫോർ ലൈഫ് റാലിയിൽ പങ്കെടുക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റെന്ന ഖ്യാതിയോടെയാണ് ട്രംപ് റാലിയിൽ പങ്കുചേരുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക