India - 2024
ലവ് ജിഹാദ് നിയമപ്രകാരം നിര്‍വചിക്കണം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആഭ്യന്തര മന്ത്രാലയത്തോട്
06-02-2020 - Thursday
ന്യൂഡല്‍ഹി: ലവ് ജിഹാദ് നിയമപ്രകാരം നിര്‍വചിക്കണമെന്നും ലവ് ജിഹാദ് തടയാനാവശ്യമായ നിയമ നിര്‍മാണം നടത്തണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ലവ് ജിഹാദ് എന്ന വാക്ക് നിയമപ്രകാരം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ മറുപടി നല്‍കിയ പശ്ചാത്തലത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടല്‍. ലോക് സഭയില്‍ കഴിഞ്ഞ ദിവസം ലവ് ജിഹാദിനെ പറ്റി ഉന്നയിച്ച ചോദ്യം പല സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അഭിപ്രായ പ്പെട്ടു. ചോദ്യങ്ങള്‍ രൂപപ്പെടുത്തിയത് ഒരു പ്രത്യേക ഉത്തരം കിട്ടാന്‍വേണ്ടിയാണെന്ന് വ്യക്തമാണെന്നും ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന്‍ കുറ്റപ്പെടുത്തി.
ഇത്തരം നീക്കങ്ങള്‍ പുകമറ ഉണ്ടാക്കുന്നതിനു മാത്രമേ ഉപകരിക്കൂ. ഈ ചോദ്യം സീറോ മലബാര്‍ സഭാ സിനഡിന്റെ ലവ് ജിഹാദ് പ്രമേയത്തെ തമസ്‌കരിക്കാന്‍ വേണ്ടിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും ജോര്‍ജ് കുര്യന്‍ ആരോപിച്ചു. ചാലക്കുടി എംപി ബെന്നി ബെഹനാനാണ് വിവാദ ചോദ്യം സഭയില്‍ ഉന്നയിച്ചത്. ലവ് ജിഹാദിനെപ്പറ്റി ഹൈക്കോടതി 2009ലാണ് പരാമര്‍ശം നടത്തിയത്. അതിനുശേഷം 2016ല്‍ 21 പേരാണ് ഇസ്ലാമിക സ്‌റ്റേറ്റില്‍ ചേരാനായി കേരളത്തില്‍ നിന്നു പോയത്. ഇതില്‍ പകുതി പേരോളം ക്രൈസ്തവരില്‍ നിന്ന് മതം മാറ്റപ്പെട്ടവരാണെന്നാണ് സിനഡിന്റെ പ്രമേയത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇന്ത്യയില്‍ ഒരു കോടതിയോ ഏജന്‍സിയോ ഇതിനെ തീവ്രവാദ പ്രവര്‍ത്തനം അല്ലെന്നു പറഞ്ഞിട്ടില്ല. ഇങ്ങനെ തീവ്രവാദത്തിലേക്ക് മതം മാറ്റുന്ന പ്രവൃത്തിക്കാണ് ലവ് ജിഹാദെന്ന് പറയുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുക മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്നു. ഇതിനാലാണ് ലവ് ജിഹാദിനെ വ്യക്തമായി നിര്‍വചിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടത്.