India - 2025

മോണ്‍. ജോസഫ് കണ്ടത്തിലിനെ ദൈവദാസനായി പ്രഖ്യാപിച്ചു

07-02-2020 - Friday

ചേര്‍ത്തല: എറണാകുളംഅങ്കമാലി അതിരൂപതാ വൈദികനും അമലോത്ഭവ മാതാവിന്റെ അസീസി സഹോദരികള്‍ (എഎസ്എംഐ) എന്ന സന്യാസിനി സഭയുടെയും ഗ്രീന്‍ ഗാര്‍ഡന്‍സ് സ്ഥാപനങ്ങളുടെയും സ്ഥാപകന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ ഇനി ദൈവദാസന്‍. നാമകരണ നടപടിക്കു തുടക്കം കുറിക്കുന്ന ദൈവദാസ പദവിയുടെ പ്രഖ്യാപനം ചേര്‍ത്തല മതിലകം ഗ്രീന്‍ഗാര്‍ഡന്‍സില്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ എന്നിവര്‍ ഗ്രീന്‍ഗാര്‍ഡന്‍സിലിലെ കണ്ടത്തിലച്ചന്റെ കല്ലറയില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

തുടര്‍ന്ന് പ്രാര്‍ത്ഥനാ ഹാളില്‍ നടന്ന ചടങ്ങില്‍ നാമകരണനടപടിക്കു തുടക്കം കുറിച്ച് കര്‍ദ്ദിനാള്‍ ദീപം തെളിച്ചു. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയ അനുമതിപത്രം എറണാകുളം അങ്കമാലി അതിരൂപത ചാന്‍സലര്‍ റവ.ഡോ.ജോസ് പൊള്ളയില്‍ വായിച്ചു. നാമകരണത്തിനായുള്ള അതിരൂപതാതല അന്വേഷണത്തിനായി ആര്‍ച്ച്ബിഷപ് രൂപവത്കരിക്കുന്ന പ്രത്യേക െ്രെടബ്യൂണലിലെ അംഗങ്ങളില്‍ എപ്പിസ്‌കോപ്പല്‍ പ്രതിനിധിയായി ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍, പ്രമോട്ടര്‍ ഓഫ് ജസ്റ്റീസ് ആയി ഫാ. ആന്റണി വാഴക്കാല, നോട്ടറിമാരായി സിസ്റ്റര്‍ നൈസി എംഎസ്‌ജെ, സിസ്റ്റര്‍ റോഷി തെരേസ് എഫ്‌സിസി, എന്നിവരും പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ സെബസ്റ്റീനാ മേരിയും ഹിസ്‌റ്റോറിക്കല്‍ കമ്മീഷനിലെ അംഗങ്ങളായി ഫാ. ഫ്രാന്‍സീസ് തോണിപ്പാറ സിഎംഐ, സിസ്റ്റര്‍ അലക്‌സ് ഫ്രാന്‍സീസ് എന്നിവരും കോപ്പിസ്റ്റ് ആയി സിസ്റ്റര്‍ മെല്‍ബി ഫ്രാന്‍സിസും സത്യപ്രതിജ്ഞ ചെയ്തു.

മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണ് നാമകരണ നടപടികളുടെ അന്വേഷണ കാര്യാലയം പ്രവര്‍ത്തിക്കുക. ജീവിതം മുഴുവന്‍ അപരനുവേണ്ടി എരിഞ്ഞുതീര്‍ന്ന സന്യാസവര്യനാണ് അദ്ദേഹമന്നും സ്വയം ശൂന്യവത്കരണത്തിലൂടെ സുവിശേഷവത്കരണം സാധ്യമാക്കിയ പുണ്യാത്മാവാണ് മോണ്‍.ജോസഫ് കണ്ടത്തിലെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ ആലഞ്ചേരി പറഞ്ഞു.