India - 2024

ദൈവസഹായം പിള്ള വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്നതില്‍ സന്തോഷമറിയിച്ച് കെ‌സി‌ബി‌സി

23-02-2020 - Sunday

കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി ദൈവസഹായം പിള്ള വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്നതിലുള്ള അതിയായ സന്തോഷം ഭാരതത്തിലെ എല്ലാ ക്രൈസ്തവരോടും ദൈവവിശ്വാസികളോടുമായി പങ്കുവയ്ക്കുന്നുവെന്നു കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നമ്മുടെ നാട്ടിലെ മതസൗഹാര്‍ദത്തിനും ജനങ്ങളുടെ ഐക്യത്തിനും ദൈവസഹായംപിള്ള എന്നും ശക്തിപകരുമെന്നതില്‍ സംശയമില്ല. കന്യാകുമാരി ജില്ലയില്‍ 14 വര്‍ഷം തക്കല രൂപതാമെത്രാനായി ശുശ്രൂഷചെയ്ത ആളെന്ന നിലയ്ക്ക് ദേവസഹായംപിള്ളയുടെ ജീവിതസാക്ഷ്യം തനിക്കു സുവിദിതമാണെന്ന് അദ്ദേഹം പറഞ്ഞു.

കന്യാകുമാരി ജില്ലയുടെ വീരപുത്രനാണ് നാകരണം ചെയ്യപ്പെടുന്ന ദൈവസഹായംപിള്ള. തമിഴിന്റെയും മലയാളത്തിന്റെയും ഹൈന്ദവ ധര്‍മത്തിന്റെയും ക്രിസ്തീയ വിശ്വാസത്തിന്റെയും ഇഴയടുപ്പം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുണ്ട്. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള ഐക്യത്തിന്റെയും വ്യത്യസ്ത സംസ്‌കാരങ്ങള്‍ തമ്മിലുള്ള താദാത്മീകരണത്തിന്റെയും വലിയൊരു മാതൃക അദ്ദേഹത്തിന്റെ ജീവിതത്തില്‍ നമുക്കു കാണാം. ഭാരതത്തിലെ സഭ ജന്മംകൊടുത്ത ഈ ധന്യാത്മാവിനെ നമ്മുടെ ജീവിതങ്ങളിലേക്കു നമുക്ക് ഏറ്റുവാങ്ങാം. ദൈവവിശ്വാസത്തിലും രാജ്യസ്‌നേഹത്തിലും ഒരുപോലെ വളരാന്‍ ദൈവസഹായംപിള്ളയുടെ ജീവിതം നമുക്കു പ്രചോദനമാകട്ടെയെന്നും മാര്‍ ആലഞ്ചേരി ആശംസിച്ചു.


Related Articles »