Life In Christ - 2025
പുടിന്‍ എഫക്ട് തുടരുന്നു: റഷ്യയുടെ ദൈവ വിശ്വാസം ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യും
സ്വന്തം ലേഖകന്‍ 04-03-2020 - Wednesday
മോസ്‌കോ: റഷ്യന്‍ ജനതയ്ക്ക് ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുന്ന വകുപ്പ് ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യും. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പുടിന്‍ ഭരണകൂടത്തിന്റെ നടപടി. സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന വ്യവസ്ഥയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 24 പേജുവരുന്ന രേഖ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ ഇന്നലെ അവതരിപ്പിച്ചു. താന്‍ പ്രസിഡന്‍റ് ആയിരിക്കുന്നിടത്തോളം കാലം റഷ്യയില്‍ സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കില്ലെന്ന് പുടിന്‍ പരസ്യമായി പ്രഖ്യാപിച്ചിരിന്നു.
അതേസമയം മാര്‍ച്ച് പത്തിന് ദ്യൂമ(പാര്‍ലമെന്റ്) പാസാക്കിയശേഷം ഏപ്രില്‍ 22ന് രാജ്യവ്യാപക ഹിതപരിശോധന നടത്തിയശേഷമേ ഭേദഗതികള്‍ പ്രാബല്യത്തിലാവൂ. 27 വര്‍ഷം മുന്‍പ് തയാറാക്കിയ ഭരണഘടനയാണ് ഇപ്പോള്‍ റഷ്യ പിന്തുടരുന്നത്. ജനുവരിയിലെ സ്‌റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തിലാണ് ഭരണഘടനാ ഭേദഗതി സംബന്ധിച്ച് പുടിന്‍ ആദ്യ സൂചന നല്‍കിയത്.
റഷ്യന്‍ ക്രൈസ്തവരിലെ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ശക്തമായ പ്രോലൈഫ് ചിന്താഗതിയുള്ള പുടിന്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും വായ്പാ ഇളവുകളും നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിരിന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ നിരീശ്വര രാജ്യമായിരിന്ന കമ്മ്യൂണിസ്റ്റ് റഷ്യ ഇന്നു ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വിളനിലമാണ്.
ബോള്‍ഷേവിക് വിപ്ലവകാലത്ത് അനേകം ക്രൈസ്തവരുടെ രക്തം റഷ്യന്‍ മണ്ണില്‍ വീണെങ്കിലും ഇതിന്റെ ഫലമെന്നോണമാണ് ഇന്നു റഷ്യ വിശ്വാസ ജീവിതത്തില്‍ മുന്നേറുന്നത്. 2009-ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ പതിനായിരത്തിലധികം ദേവാലയങ്ങളാണ് 2019 ആയപ്പോഴേക്കും റഷ്യയില്‍ വര്‍ദ്ധിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക