India - 2025

'മനുഷ്യരെ സ്‌നേഹിച്ചുകൊണ്ടാണ് ദൈവത്തെ സ്‌നേഹിക്കേണ്ടത്'

08-03-2020 - Sunday

കോക്കമംഗലം: മനുഷ്യരെ സ്‌നേഹിച്ചുകൊണ്ടാണ് ദൈവത്തെ സ്‌നേഹിക്കേണ്ടതെന്നും ജീവിതമാണ് സാക്ഷ്യമെന്നും പ്രവര്‍ത്തനമാണ് പ്രഘോഷണമെന്നുമുള്ള ആധ്യാത്മിക തത്വങ്ങള്‍ തലമുറകള്‍ക്ക് സംഭാവന ചെയ്ത വിശുദ്ധനായ ആചാര്യനായിരുന്നു മോണ്‍. മാത്യു മങ്കുഴിക്കരിയെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. കോക്കമംഗലത്ത് മോണ്‍. മാത്യു മങ്കുഴിക്കരിയുടെ പേരില്‍ നടത്തിവരുന്ന ആധ്യാത്മികസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനസില്‍ സന്തോഷവും ജീവിതത്തില്‍ വിശുദ്ധിയും കണ്ണുകളില്‍ ആര്‍ദ്രതയും നിറഞ്ഞവര്‍ക്കു മാത്രമേ മറ്റുള്ളവരിലേക്കു അവ പകര്‍ന്നു നല്കാനാവൂ. മോണ്‍. മങ്കുഴിക്കരി ഈവിധ ഗുണങ്ങളുടെ നിറകുടമായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.

ഇന്നലെ രാവിലെ കോക്കമംഗലം മാര്‍ത്തോമാ ശ്ലീഹാപ്പള്ളിയില്‍ നടന്ന 16ാമത് ആധ്യാത്മിക സംഗമത്തില്‍ റവ. ഡോ. ജോസ് പുതിയേടത്ത് അധ്യക്ഷത വഹിച്ചു. റവ. ഡോ. സേവ്യര്‍ മാറാമറ്റം, സംപൂജ്യ സ്വാമി അധ്യാത്മാനന്ദസരസ്വതി, സിസ്റ്റര്‍ ജോയിസി സിഎസ്എന്‍, ഫാ. തോമസ് പേരെപ്പാടന്‍, ജോണ്‍ പുളിക്കപ്പറന്പില്‍, കെ.ടി. തോമസ്, വി.എ. തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ റെന്നി എഫ്‌സിസി പ്രാര്‍ഥന നടത്തി. സമ്മേളനവേദിയില്‍ ആധ്യാത്മിക ഗ്രന്ഥരചനയ്ക്കുള്ള ആത്മവിദ്യാ അവാര്‍ഡ് ഷൗക്കത്ത് എ.വി. നിത്യാഞ്ജലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനിച്ചു.


Related Articles »