Faith And Reason

റോമൻ തെരുവിലൂടെ നിശബ്ദനായി പാപ്പയുടെ പ്രാര്‍ത്ഥന യാത്ര: ചിത്രം വൈറല്‍

സ്വന്തം ലേഖകന്‍ 16-03-2020 - Monday

വത്തിക്കാന്‍ സിറ്റി: കൊറോണ ഭീകരമായ വിധത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥനയുമായി റോമിലെ രണ്ട് പ്രമുഖ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു. റോമിലെ മേരി മേജർ ബസിലിക്ക, സെൻറെ മർച്ചല്ലോ ദേവാലയം എന്നിവ സന്ദര്‍ശിച്ചാണ് ലോക വ്യാധിയില്‍ നിന്ന് വിടുതലിനായി പാപ്പ പ്രാര്‍ത്ഥന നടത്തിയത്. ഇന്നലെ വൈകീട്ട് നാല് മണികഴിഞ്ഞ് വത്തിക്കാനിൽ നിന്നും റോമിലെ മേരി മേജർ ബസിലിക്കയിൽ എത്തിയ പാപ്പ റോം ജനതയുടെ സംരക്ഷക (Salus Populi Romani) എന്നു പേരുളള പരിശുദ്ധ അമ്മയുടെ രൂപത്തിന് മുൻപിൽ പ്രാര്‍ത്ഥനയോടെ ഏതാനും സമയം ചെലവഴിച്ചു.

പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് വെനീസ് ചത്വരത്തിന്റെ മുൻപിലുളള വിയ ഡെല്‍ കോര്‍സോ വഴിയിലൂടെ സെൻറെ മർച്ചല്ലോ ദേവാലയത്തിലെത്തിയത്. ഒരു തീർത്ഥാടകനെപോലെ ഒറ്റയ്ക്കു നടക്കുന്ന പാപ്പയുടെ ചിത്രം നവമാധ്യമങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 1522-ൽ റോമിൽ പൊട്ടിപുറപ്പെട്ട വലിയ പകർച്ചവ്യാധിയെ തടയാൻ സെൻറെ മർച്ചല്ലോ ദേവാലയത്തില്‍ അന്ന് അവിടെ എത്തിച്ച അത്ഭുത കുരിശിന്റെ മുന്‍പിലാണ് പാപ്പ പ്രാര്‍ത്ഥിച്ചത്.

ഇറ്റലിയെയും ലോകം മുഴുവനെയും ബാധിച്ച കൊറോണ രോഗബാധയുടെ അവസാനത്തിനു വേണ്ടിയും, രോഗികളുടെ സൌഖ്യത്തിനു വേണ്ടിയും മരണമടഞ്ഞവരുടെ ആത്മശാന്തിക്കും, അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആശ്വാസം ലഭിക്കുന്നതിനായും പാപ്പ പ്രാർത്ഥിച്ചു. ഇന്നലെ വത്തിക്കാന്‍ അപ്പസ്തോലിക കൊട്ടാരത്തിന് മുകളില്‍ നിന്ന്‍ പാപ്പ ആശീര്‍വ്വാദം നല്കിയപ്പോള്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയര്‍ വിജനമായ ചിത്രം പുറത്തുവന്നിരിന്നു. ഇത് രോഗത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരിന്നു. അതേസമയം ഇറ്റലിയില്‍ കൊറോണ രോഗബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 1800 പിന്നിട്ടു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »