News

ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക യാത്രകളുടെ ലോഗോ പുറത്തുവിട്ടു

പ്രവാചകശബ്ദം 09-05-2024 - Thursday

വത്തിക്കാന്‍ സിറ്റി: സെപ്തംബർ മാസം 3 മുതൽ 13 വരെ ഫ്രാൻസിസ് പാപ്പ നടത്തുന്ന വിവിധ അന്താരാഷ്ട്ര യാത്രകളുടെ അപ്പസ്തോലിക യാത്രകളുടെ ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പുറത്തുവിട്ടു. ഇന്തോനേഷ്യ, പാപ്പുവാ ന്യൂ ഗിനിയ, തിമോർ ഈസ്റ്റ്, സിംഗപ്പൂർ, എന്നീ നാല് രാജ്യങ്ങളിലേക്കാണ് പാപ്പ തൻറെ അപ്പസ്തോലികയാത്ര നടത്തുന്നത്. സെപ്റ്റംബർ മാസം മൂന്നു മുതൽ ആറു വരെയാണ് ഇന്തോനേഷ്യയിൽ പാപ്പ സന്ദർശനം നടത്തുന്നത്. "വിശ്വാസം, സാഹോദര്യം, അനുകമ്പ" എന്നീ മൂന്നു വാക്കുകളാണ് ഇന്തോനേഷ്യയിലെ പാപ്പായുടെ സന്ദർശനത്തിനായുള്ള ആപ്തവാക്യം. പരമ്പരാഗത "ബാറ്റിക്" തുണിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പുനർനിർമ്മിച്ച, ഇന്തോനേഷ്യയുടെ ചിത്രമായ സ്വർണ്ണഗരുഡനു മുൻപിൽ കൈകളുയർത്തി നിൽക്കുന്ന പാപ്പയുടെ ചിത്രമാണ്, യാത്രയുടെ ലോഗോ.

സെപ്തംബർ ആറു മുതൽ ഒൻപതുവരെ പപ്പുവാ ന്യൂ ഗിനിയയിൽ പാപ്പാ സന്ദർശനം നടത്തും. : "കർത്താവേ, പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ" (ലൂക്കാ 11:1) എന്ന ശിഷ്യന്മാരുടെ അഭ്യർത്ഥനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, "പ്രാർത്ഥിക്കുക", എന്ന ആപ്തവാക്യമാണ് പാപ്പായുടെ യാത്രയിൽ ഉൾക്കൊള്ളിച്ചരിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയയുടെ സൂര്യോദയത്തെയും സൂര്യാസ്തമയത്തെയും അനുസ്മരിപ്പിക്കുന്ന നിറങ്ങളിൽ മധ്യത്തിൽ ചിത്രീകരിച്ചിരിക്കുന്ന കുരിശാണ് അടയാളചിഹ്നം. സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കുന്ന അതുല്യമായ ബലിയെ ഇത് പ്രതിനിധീകരിക്കുന്നു. ഒപ്പം പറുദീസയിലേക്കു കടക്കുന്ന ഒരു പക്ഷിയെയും ചിത്രീകരിച്ചിട്ടുണ്ട്.

ഒൻപതാം തീയതി തിമോർ ഈസ്റ്റിൽ എത്തുന്ന പാപ്പ, തുടർന്ന് പതിനൊന്നാം തീയതി വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തും. തിമോർ ജനതയ്ക്ക് ദൈവത്തിൽ നിന്ന് ലഭിക്കുന്ന സംരക്ഷണത്തെ പ്രതീകപ്പെടുത്തുന്ന ഫ്രാൻസിസ് പാപ്പയുടെ ആശീർവദിക്കുന്ന ചിത്രമാണ് അടയാള ചിഹ്നത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഭൂപടവും ഉൾപ്പെടുത്തിയിട്ടുണ്ട്. തിമോർ ജനതയുടെ പാരമ്പര്യങ്ങൾക്കനുസൃതമായി, സംസ്കാരധിഷ്ഠിതമായി വിശ്വാസം ജീവിക്കാനുള്ള ഉദ്ബോധനവും പ്രോത്സാഹനവുമാണ് ആപ്തവാക്യം.

സന്ദർശനത്തിന്റെ അവസാനഘട്ടം സിംഗപ്പൂരിലാണ് പൂർത്തിയാവുന്നത്. പതിനൊന്നുമുതൽ പതിമൂന്നുവരെയാണ് പാപ്പാ രാജ്യത്ത് സന്ദർശനം നടത്തുന്നത്. ഐക്യവും, പ്രത്യാശയുമെന്ന രണ്ടു വചനങ്ങളാണ് ആപ്‌തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. സഭയിലും സമൂഹത്തിലുമുള്ള ഐക്യവും ഈ മേഖലയിലെ ക്രിസ്ത്യാനികൾക്ക് പ്രത്യേകിച്ച് വിവേചനവും പീഡനവും അനുഭവിക്കുന്നവർക്ക് ഈ യാത്ര പ്രത്യാശയും പ്രദാനം ചെയ്യുന്നതാണ് ആപ്തവാക്യം. വത്തിക്കാന്റെയും, സിംഗപ്പൂരിന്റെയും പതാകയുടെ നിറങ്ങളുടെ അടിസ്ഥാനത്തിലാണ് അടയാളചിഹ്നം രൂപകല്പന ചെയ്തിരിക്കുന്നത്.


Related Articles »