Life In Christ - 2024

‘ഡ്രൈവ് ത്രൂ കണ്‍ഫെഷന്‍’: വാഹനത്തിലിരിന്ന് കുമ്പസാരിക്കുവാന്‍ സൗകര്യമൊരുക്കി അമേരിക്കന്‍ വൈദികന്‍

സ്വന്തം ലേഖകന്‍ 17-03-2020 - Tuesday

വാഷിംഗ്‌ടണ്‍ ഡി.സി: കൊറോണ ഭീതിയെ തുടര്‍ന്ന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് വാഷിംഗ്‌ടണ്‍ അതിരൂപത എല്ലാ പൊതു കുര്‍ബാനകളും റദ്ദാക്കിയ സാഹചര്യത്തില്‍, വിശ്വാസികളുടെ സൗകര്യാര്‍ത്ഥം ‘ഡ്രൈവ് ത്രൂ കുമ്പസാര’ത്തിനുള്ള സൗകര്യം ഒരുക്കികൊണ്ട് മറ്റുള്ള വൈദികര്‍ക്ക് മാതൃകയാവുകയാണ് മേരിലാന്‍ഡിലെ ബോവി നഗരത്തിലെ ഫാ. സ്കോട്ട് ഹോമെര്‍. താന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന എല്ലാ ദിവസവും ‘ഡ്രൈവ് ത്രൂ’ കുമ്പസാരം ഉണ്ടായിരിക്കുമെന്ന്‍ അദ്ദേഹം അറിയിച്ചതോടെയാണ് കുമ്പസാരത്തിന് പുതിയ വഴി വിശ്വാസികള്‍ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്.

“നിങ്ങളുടെ ശാരീരിക സുരക്ഷ ഉറപ്പുതരുവാന്‍ കഴിയാത്തതിനാല്‍ പള്ളിയോ ഓഫീസോ തുറന്നു തരുവാന്‍ എനിക്ക് സാധിക്കുകയില്ല. വാഹനത്തിലിരിക്കുന്ന നിങ്ങളുടെ കുമ്പസാരം കേള്‍ക്കുവാനുള്ള ‘ഡ്രൈവ് ത്രൂ കണ്‍ഫഷന്‍’ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ദേവാലയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് 6 അടി ദൂരെ നിന്നുകൊണ്ട് വാഹനത്തിലിരിക്കുന്ന നിങ്ങളുടെ കുമ്പസാരം ഞാന്‍ കേള്‍ക്കുന്നതായിരിക്കും”. ഫാ. ഹോമെറിന്റെ പ്രസ്താവനയില്‍ പറയുന്നു. വിശ്വാസികളെന്ന നിലയില്‍ നമ്മുടെ ജീവിതത്തിന്റെ ഹൃദയം വിശുദ്ധ കുര്‍ബാനയാണെന്നും, കൊറോണ ബാധ കാരണം ഒരുമിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിയാതിരിക്കുന്നത് സങ്കടകരമാണെന്നും തന്റെ പ്രസ്താവനയിലൂടെ അദ്ദേഹം പറയുന്നു.

അയല്‍ക്കാരുടെ ക്ഷേമത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുവാനും, അവര്‍ക്കായി ത്യാഗങ്ങള്‍ ചെയ്യുവാനും ദൈവം തന്ന അവസരമാണിതെന്നും നോമ്പുകാല അനുതാപമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിനാരി വിദ്യാര്‍ത്ഥിയായ ജോസഫ് മക് ഹെന്രിയാണ് ഡ്രൈവ് ത്രൂ കുമ്പസാരത്തിനായി ചുറ്റുമുള്ള ഗതാഗതം നിയന്ത്രിക്കുവാന്‍ നിയുക്തനായിരിക്കുന്നത്. കൊറോണ ഭീതിയില്‍ ഒറ്റപ്പെട്ടു കഴിയുന്ന വിശ്വാസികള്‍ക്ക് ആശ്വാസം പകരുവാനും, തങ്ങളുടെ വൈദികന്‍ ഒപ്പമുണ്ടെന്ന് പ്രതീതി ഉളവാക്കുവാനും ഉതകുന്ന വിധത്തില്‍ മറ്റുള്ള വൈദികര്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഫാ. സ്കോട്ടിന്റെ തീരുമാനം.


Related Articles »