India - 2024

'വധശിക്ഷയെ അനുകൂലിക്കുവാൻ സാധിക്കില്ല'

സ്വന്തം ലേഖകന്‍ 20-03-2020 - Friday

കൊച്ചി: പ്രോലൈഫ് ദർശനം മനസ്സിലുള്ള ആർക്കും വധശിക്ഷയെ അനുകൂലിക്കുവാൻ സാധിക്കില്ലായെന്നും മനുഷ്യന് സൃഷ്ടിക്കുവാൻ കഴിയാത്തതാണ് ജീവനെന്നും അത് ദൈവത്തിന്റെ ദാനമാണെന്നും കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡന്‍റ് സാബു ജോസ്. ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ അതിവേഗം നിയമത്തിന്റെ മുമ്പിൽ എത്തിക്കുകയും, മേലിൽ അവരോ മറ്റുള്ളവരോ അത്തരം കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കുക എന്ന ലക്ഷ്യത്തോടെ ശിക്ഷകൾ ആവശ്യമാണ്. എന്നാല്‍ വധശിക്ഷ അരുതെന്ന കത്തോലിക്ക സഭയുടെ കാഴ്ചപ്പാട് ഫ്രാൻസിസ് പാപ്പ ആവർത്തിക്കുന്നു. ജീവനെ ആദരിക്കുക, സംരക്ഷിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗം ആണ്.

പ്രോലൈഫ് ദർശനം മനസ്സിലുള്ള ആർക്കും വധശിക്ഷയെ അനുകൂലിക്കുവാൻ സാധിക്കില്ല. സുപ്രിം കോടതിലെ മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ കാഴ്ചപ്പാട് നിതിനിർവഹണ മേഖലയിൽ ഉള്ളവർ അടക്കം ചർച്ചചെയ്യണം. "വധശിക്ഷ നടപ്പാക്കിയതുകൊണ്ടു മാത്രം ഇത്തരം സംഭവങ്ങൾ കുറയില്ലെന്നതും മറ്റൊരു വസ്തുതയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ കുറയണമെങ്കിൽ സമൂഹത്തിന്റെ മനോഭാവവും മാറേണ്ടതുണ്ട്. സമൂഹത്തിന് പാഠ മാകണമെങ്കിൽ അവരെ ജയിലിടുന്നതാണ് നല്ലത്. കൂടുതൽ ഫലപ്രദവും, സമൂഹത്തിന് അവരുടെ മരണം വരെ അത് പാഠമായി നിൽക്കും"- ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വാക്കുകൾ പ്രസക്തമാണ്. നിർഭയം നമ്മുടെ നാട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കുവാൻ കഴിയുന്ന സാമൂഹ്യ സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.


Related Articles »