Social Media - 2020

പാപ്പ ഇന്നലെ പ്രാര്‍ത്ഥിച്ച 'റോമിലെ ജനങ്ങളുടെ സംരക്ഷക' എന്ന മരിയൻ ചിത്രത്തിന്റെ ചരിത്രം

ഫാ. ജെയ്സണ്‍ കുന്നേല്‍ 28-03-2020 - Saturday

റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എ‌ഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദൈവാലയം നിർമ്മിച്ചത്. ഐതീഹ്യമനുസരിച്ച് റോമിലുള്ള പ്രഭുകുടുബംഗമായ ജോണിനും ഭാര്യക്കും മക്കളുണ്ടായിരുന്നില്ല. അവരുടെ കാലശേഷം സ്വത്തുവകകൾ ഇഷ്ടദാനം നൽകാൻ ഒരു അനന്തര അവകാശിയെ നിയോഗിച്ചു തരണമെന്ന് പരിശുദ്ധ മാതാവിനോട് ജോണും ഭാര്യയും അപേക്ഷിച്ചു. ആഗസ്റ്റ് മാസം അഞ്ചിന് രാത്രി പരി. മാതാവ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ ബഹുമാനത്തിനായി റോമിലെ എസ്ക്വിലിന്‍ കുന്നിൽ ഒരു ദൈവാലയം പണിയാൻ ആവശ്യപ്പെട്ടു. പള്ളി പണിയേണ്ട യഥാർത്ഥ സ്ഥലം മഞ്ഞു പെയ്യിച്ച് കാണിച്ചു തരാമെന്ന് പരി. കന്യാമറിയം വാഗ്ദാനം കൊടുത്തു.

അതികഠിനമായ ഒരു വേനൽ രാത്രി എസ്ക്വിലിന്‍ കുന്നിൽ ബസിലിക്കാ പണിയേണ്ട സ്ഥലത്ത് അത്ഭുതകരമായി മഞ്ഞു പെയ്തു. ലിബേരിയൂസ് മാർപാപ്പയ്ക്കും ആ രാത്രി മാതാവിന്റെ സ്വപ്നദർശനം ഉണ്ടാവുകയും അത്ഭുതകരമായി മഞ്ഞു പെയ്തത്‌ കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ആഗസ്റ്ററ്റ്‌ മാസത്തിലെ അസാധരണമായ മഞ്ഞു വീഴ്ച കാണാൻ ധാരാളം ജനങ്ങൾ വന്നു ചേർന്നു. ലിബേരിയൂസ് പാപ്പായും ജോണും ഭാര്യയും അത്ഭുത മഞ്ഞു കാണാൻ നേരത്തെതത്തിയിരുന്നു. മഞ്ഞു പെയ്ത സ്ഥലത്തു പള്ളി പണി ആരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ ദൈവാലയ നിർമതി പൂർത്തിയാക്കി ലിബേരിയൂസ് മാർപാപ്പ തന്നെ ദൈവാലയം കൂദാശ ചെയ്തു. ഈ ദൈവാലയ നിർമ്മതിക്ക് ലിബേരിയൂസ് പാപ്പ നേതൃത്വം നൽകിയതിനാൽ ബസിലിക്ക ലിബെരിയാന എന്നും ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ അറിയപ്പെടുന്നു. എഡി 431ലെ എഫേസൂസ് കൗൺസിൽ പരി. കന്യാകാമറിയത്തെ ദൈവമാതാവായി (Theotokos) പ്രഖ്യാപിച്ചപ്പോൾ സിക്റ്റൂ്സ് മൂന്നാമൻ പാപ്പ (432-440) ബസിലിക്കാ നവീകരിക്കയും മോടിപിടിപ്പിക്കുകയും ചെയ്തു.

ഏഴാം നൂറ്റാണ്ടു മുതൽ ഈ ബസലിക്ക സെന്‍റ് മേരി ദ ഗ്രേറ്റ് ഓര്‍ മേജര്‍എന്നറിയപ്പെടുന്നു. അത്ഭുതകരമായ മഞ്ഞ് പെയ്ത്തിൽ നിന്ന് ഉദയം ചെയ്തതിനാൽ ഈ ബസിലിക്കാ ഔര്‍ ലേഡി ഓഫ് ദി സ്നനോസ് എന്നും അറിയപ്പെടുന്നു. ഈ ബസിലിക്കയുടെ മുഖവാരം പണികഴിപ്പിച്ചത് എവുഗിൻ മൂന്നാമൻ പാപ്പായാണ് (Pope Eugene III (1145-1153).

വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഈ ദൈവാലയത്തിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. മഹാനായ ഗ്രിഗറി മാർപാപ്പായുടെ കാലത്ത് (Pope St. Gregory the Great 590-604) റോമിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി ഗ്രിഗറി മാർപാപ്പ പ്രദിക്ഷണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാധ്യസ്ഥം യാചിക്കുകയും തൽഫലമായി റോമാ പട്ടണം പ്ലേഗിൽ നിന്നു പൂർണ്ണമായി മുക്തമാവുകയും ചെയ്തു.

1837-ല്‍ ഗ്രിഗറി പതിനാറാമൻ മാർപാപ്പ (Pope Gregory XVI (1830-1846) റോമിൽ കോളറ പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി വീണ്ടും പ്രദിക്ഷണം നടത്തുകയും മാതാവിന്റെ സഹായം അപേക്ഷിക്കുകയും ചെയ്തു. വളരെ പെട്ടന്നു തന്നെ റോമാ നഗരം പകർച്ചവ്യാധിയിൽ നിന്നു രക്ഷ നേടി. ആഗസ്റ്റ് മാസത്തിലെ അത്ഭുതകരമായ മഞ്ഞു വീഴ്ചയുടെ ഓർമ്മ പുതുക്കി എല്ലാ വർഷവും ആഗസ്റ്റ് അഞ്ചാം തീയതി ബസിലിക്ക ഓഫ് സെന്‍റ് മേരി മേജറിന്റെ സമർപ്പണ തിരുനാൾ ആഗോള കത്തോലിക്ക സഭ ആഘോഷിക്കുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »