Social Media

വിശുദ്ധ ജീൻ ഗബ്രിയേൽ: വുഹാനില്‍ രക്തസാക്ഷിത്വം വരിച്ച ചൈനയിലെ ആദ്യ വിശുദ്ധന്‍

സ്വന്തം ലേഖകന്‍ 13-04-2020 - Monday

വുഹാന്‍: ലോകം മൊത്തം പടർന്ന കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനായിരുന്നുവെന്ന് നമുക്കറിയാം. ചൈനയിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധൻ രക്തസാക്ഷിത്വം വരിച്ചതും ഇതേ വുഹാനിൽ നിന്നു തന്നെയായിരുന്നു. ഫ്രാൻസിൽ നിന്നുള്ള മിഷ്ണറി വൈദികനായിരുന്ന ഫാ. ജീൻ ഗബ്രിയേൽ പെർബോറെയാണ് 1840-ല്‍ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി കുരിശില്‍ കൊല്ലപ്പെട്ടത്. വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോറെ സുവിശേഷ പരിശീലനം നൽകിയ ഒരു ചൈനീസ് സ്വദേശി അദ്ദേഹത്തെ പണത്തിനുവേണ്ടി ഒറ്റു കൊടുത്തതിനെ തുടര്‍ന്നായിരിന്നു രക്തസാക്ഷിത്വം വരിച്ചത്.

ഡോ. ആൻറണി ക്ലാർക്ക് എന്ന ചൈനീസ് ചരിത്രകാരൻ, ഗബ്രിയേൽ പെർബോറെയുടെയും, വുഹാനിൽ കൊല്ലപ്പെട്ട മറ്റൊരു രക്തസാക്ഷിയായ വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലറ്റിന്റെയും ജീവിതവുമായി ബന്ധപ്പെട്ട ഗവേഷണം ചെയ്യാനായി വുഹാനിൽ തങ്ങിയിരിന്നു. അദ്ദേഹമാണ് വിശുദ്ധരെ കുറിച്ചുള്ള ചിന്തകള്‍ കഴിഞ്ഞ ദിവസം കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പങ്കുവെച്ചത്. ഇതോടെ കൊറോണയുടെ ഉത്ഭവ സ്ഥാനമെന്ന് മാത്രം കരുതിയിരിന്ന വുഹാന്‍, വിശുദ്ധരുടെ ജീവത്യാഗത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കാനുള്ള കാരണം കൂടി ആയി തീര്‍ന്നിരിക്കുകയാണ്.

കൊറോണ വൈറസ് ബാധിച്ചവർക്ക് ഏറ്റവും ഉത്തമ മധ്യസ്ഥരാണ് വുഹാനിൽ കൊലചെയ്യപ്പെട്ട രണ്ടു വിശുദ്ധരുമെന്ന് ഡോ. ആൻറണി ക്ലാർക്ക് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. "ശ്വാസം കിട്ടാതെയാണ് ഇരുവരും മരിച്ചത്. ഗബ്രിയേൽ പെർബോറെയുടെ പുറത്തിന് താഴെ ശക്തമായി മർദ്ദിക്കുകയും, അദ്ദേഹത്തെ പൊട്ടിയ ഗ്ലാസിനു മുകളിൽ മുട്ടുകുത്തി നിർത്തുകയും ചെയ്തിട്ടുണ്ട്". ശാരീരികമായ വേദന അനുഭവിച്ചതിനാൽ കൊറോണ ബാധിതര്‍ അനുഭവിക്കുന്ന വിഷമം, വിശുദ്ധ പെർബോറെക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും ആശ്വാസം നൽകാൻ വിശുദ്ധന് സാധിക്കുമെന്നും ആൻറണി ക്ലാർക്ക് കൂട്ടിച്ചേർത്തു.

പില്‍ക്കാലത്ത് കത്തോലിക്കാ മിഷ്ണറിമാരുടെ കേന്ദ്രമായിരുന്നു വുഹാൻ. നിരവധി ആശുപത്രികൾ ഇവിടെ നിർമ്മിച്ചിരിന്നു. മാവോയുടെ കാലഘട്ടത്തിലും, ചൈനീസ് വിപ്ലവത്തിന്റെ സമയത്തും നിരവധി പീഡനങ്ങളാണ് ചൈനയിലെ കത്തോലിക്കാ സമൂഹം ഏറ്റുവാങ്ങിയത്. ഇക്കാലയളവില്‍ എല്ലാം വിശുദ്ധരോടുള്ള മാധ്യസ്ഥം വിശ്വാസി സമൂഹം സൂക്ഷിച്ചിരിന്നു. അക്കാലത്തിലെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിന്ന ഒരു സെമിനാരി താൻ സന്ദർശിച്ചിരുന്നുവെന്നും, വിശുദ്ധ കുർബാനയോടും, ചൈനയിലെ മണ്ണിൽ രക്തസാക്ഷികളായി മാറിയ വിൻസെൻഷ്യൻ മിഷ്ണറിമാരോടുള്ള ആദരവുമാണ് തനിക്ക് അവിടുത്തെ ജനങ്ങളിൽ കാണാൻ സാധിച്ചതെന്നും അദേഹം വിശദീകരിച്ചു.

1889ൽ ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് പെർബോറെയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. ലിസ്യുവിലെ വിശുദ്ധ തെരേസക്ക് ഗബ്രിയേൽ പെർബോറെയോട് പ്രത്യേക ഭക്തിയുണ്ടായിരുന്നു. തന്റെ പ്രാർത്ഥനാ പുസ്തകത്തിൽ വിശുദ്ധനോടുള്ള പ്രാർത്ഥന എഴുതിയ ഒരു കാർഡ് തെരേസ സൂക്ഷിച്ചിരുന്നു. 1996-ല്‍ ഗബ്രിയേൽ പെർബോറെയെയും 2000 ഒക്ടോബറില്‍ ഫ്രാൻസിസ് റെജിസ് ക്ലറ്റിനെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയായിരിന്നു. കൊറോണയുടെ ഈ നാളുകളില്‍ ഈ വിശുദ്ധരുടെ മാധ്യസ്ഥ സഹായം നമ്മുക്ക് തേടാം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ ➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  ➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 15