Social Media - 2024

വിശുദ്ധ ദിനങ്ങൾ ദുഃഖ ദിനങ്ങൾ അല്ല

ജോസ് കുര്യാക്കോസ് 10-04-2020 - Friday

നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിൽ, ആരാധനക്രമ ജീവിതത്തോട് ചേർന്നു ഏറ്റവും പ്രാധാന്യമർഹിക്കുന്ന ദിനങ്ങളിലൂടെ നാം കടന്നു പോവുകയാണ്. ചിലപ്പോഴെങ്കിലും ഈ ദിനങ്ങളും അനുഷ്ഠാനങ്ങളും എല്ലാം ഉപരിപ്ലവമായ ആചാരങ്ങൾ മാത്രം ആകാൻ സാധ്യതയുണ്ട്. മലയാളഭാഷയിൽ നാമുപയോഗിക്കുന്ന ദുഃഖവെള്ളിയും ദുഃഖശനിയും യഥാർത്ഥത്തിൽ ഈ ദിനങ്ങളുടെ യഥാർത്ഥമായ സൗന്ദര്യം നശിപ്പിക്കുന്നവയാണ്. ക്രിസ്തീയ ജീവിതത്തിൻറെ സ്വാതന്ത്ര്യത്തിലേക്കും അധികാരത്തിലേക്കും പ്രവേശിക്കുവാൻ ഈ തലക്കെട്ടുകൾ നമ്മേ സഹായിക്കുന്നില്ല.

ക്രൈസ്തവജീവിതം ദുഃഖ പൂർണമാണ് എന്ന തെറ്റായ സന്ദേശവും ഇത് നൽകുവാൻ സാധ്യതയുണ്ട്. എന്നാൽ ഇംഗ്ലീഷ് ഭാഷയിലുള്ള ഗുഡ് ഫ്രൈഡേ, ഹോളി സാറ്റർഡേ തുടങ്ങിയ പദങ്ങൾ ഏറെ അർത്ഥപൂർണ്ണം ആണ്. ലോകചരിത്രത്തിലെ ഒരേയൊരു വെള്ളി എങ്ങനെ സന്തോഷ്ത്തിൻറെ വെള്ളി ആയതിനെ കുറിച്ച് ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. ലിങ്ക്

വിശുദ്ധവാര ശുശ്രൂഷകൾ യഥാർത്ഥത്തിൽ നമ്മെ വഴി നടത്തേണ്ട, ആവർത്തിച്ച് ഓർമിപ്പിച്ച് ഒരു ജീവിതശൈലി ആയി മാറേണ്ട അനേകം മേഖലകളുണ്ട്.ഏതാനും മേഖലകൾ നമുക്ക് ധ്യാനിക്കാം.

1. ‍യേശു തൻറെ മരണത്തിലൂടെ പിശാചിനെയും മരണ ഭയത്തെയും നശിപ്പിച്ചു

മക്കള്‍ ഒരേ മാംസത്തിലും രക്‌തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയില്‍ ഭാഗഭാക്കായി. അത്‌ മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തന്‍െറ മരണത്താല്‍ നശിപ്പിച്ച്‌ മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്‌ഷിക്കുന്നതിനുവേണ്ടിയാണ്‌ (ഹെബ്രായര്‍ 2 : 14-15). പിശാചിനെയും മരണത്തെയും ഭയപ്പെടാതെ ആത്മാവിലുള്ള സ്വാതന്ത്ര്യത്തിൽ ജീവിക്കുവാൻ വിശുദ്ധവാരം നമ്മെ ഓർമിപ്പിക്കുന്നു.ഓരോ പീഡാനുഭവ വെള്ളിയിലും പിശാചിനെ നശിപ്പിച്ചതിന് ഓർത്ത് നാം ആനന്ദിക്കുന്നു.മരണത്തെ നശിപ്പിച്ചതിന് ഓർത്ത് ആനന്ദിക്കണം.

നവീനവും സനാതനവുമായ സ്വർഗീയ പാത തുറന്നതിനു ഓർത്ത് കയ്യടികൾ ഉയരണം.പിശാചിനെ ഭയപ്പെടാതെ( ഭയപ്പെടാതിരിക്കുക മാത്രമല്ല പൈശാചിക ശക്തികളുടെ മേൽ അധികാരം പ്രയോഗിക്കണം) മരണത്തെ ഭയപ്പെടാതെ, ആത്മാവിലുള്ള സ്വാതന്ത്ര്യത്തിന്റെ ജീവിതത്തിലേക്ക് വിശുദ്ധവാരം നമ്മെ ക്ഷണിക്കുന്നു.

2. നാം ഭയപ്പെടേണ്ട "ഒരു മരണം" വിശുദ്ധ വാരം നമ്മെ ഓർമ്മിപ്പിക്കുന്നു ‍

പാപത്തിന്റെ ശമ്പളമാണ് മരണം (റോമാ 6:22). കുരിശിൻറെ വഴികളും കൈപ്പുനീരും കുരിശുമുത്തൽ എല്ലാം എൻറെ ജീവിതത്തിലെ ഓരോ പാപത്തെയും മരണമായി കണ്ടു അവയോട് NO പറയുവാനുള്ള ശക്തികരണത്തിൻറെ അവസരങ്ങളായി ഈ വിശുദ്ധ ദിനങ്ങൾ മാറണം. യേശുവിൻറെ ക്ലേശങ്ങൾ ഓർത്ത്, വിഷമിക്കാൻ ഉള്ളതല്ല ഈ ദിനങ്ങൾ. (അവന്‍ ദൈവത്തിന്‍െറ നിശ്‌ചിത പദ്‌ധതിയും പൂര്‍വജ്‌ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 23; അവിടുന്നാണ്‌ അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്‌. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍െറ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്‌സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്‍െറ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. ഏശയ്യാ 53 : 10 )

ദൈവത്തിൻറെ സ്നേഹവും കരുണയും സ്വീകരിക്കുവാനും സ്വന്തം പാപങ്ങൾ ഓർത്തു അനുതപിക്കുവാനും ഉള്ള ദിനങ്ങൾ. യേശുവിനെ അംഗീകരിക്കുന്നതും സ്വന്തം ആക്കുന്നതും യേശുവിന്റെതായി മാറുന്നതും ആണ് യഥാർത്ഥ മാനസാന്തരം.

3. ആത്മാവിൽ നിറഞ്ഞ ജീവിതം ‍

യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു (ലൂക്കാ 23 : 46) തിരുനാളിന്‍െറ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്‌ദമുയര്‍ത്തിപ്പറഞ്ഞതും ഈ ആത്മാവിനെപ്പറ്റി ആണ് (യോഹന്നാന്‍ 7 : 37). ലൂക്കാ സുവിശേഷത്തിൽ യേശുവിന്റെ അവസാനവാക്ക്."ഇതാ, എന്‍െറ പിതാവിന്‍െറ വാഗ്‌ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്‌ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്‌തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍" (ലൂക്കാ 24 : 49). നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്‌ധാത്‌മാവിനാല്‍ സ്‌നാനം ഏല്‍ക്കും. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 5).

പരിശുദ്ധാത്മാവിൽ നിറഞ്ഞ ജീവിതമാണ് ക്രിസ്ത്യാനിയുടെ ജീവിതം. എത്രയെത്ര വിശുദ്ധ വാരങ്ങൾ കഴിഞ്ഞിട്ടും ആത്മാവിലുള്ള ജീവിതത്തിലേക്ക് നാം പ്രവേശിച്ചിട്ടുണ്ടോ?? ( റോമാ ലേഖനം എട്ടാം അധ്യായം വായിക്കുക) ഇന്ന് അനേകായിരങ്ങൾ നാമമാത്ര ക്രിസ്ത്യാനികളായി ജീവിക്കുന്നു. ഹിന്ദുമതത്തിൽ ജനിച്ചവർ അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് പോലെയും മുസ്ലിം മതത്തിൽ ഉള്ളവർ അവരുടെ നിയമങ്ങൾ പാലിക്കുന്നത് പോലെയും ക്രൈസ്തവ കുടുംബത്തിൽ ജനിച്ചത് കൊണ്ട് ഏതാനും ക്രൈസ്തവ രീതികൾ ചെയ്യുന്നു എന്ന അർത്ഥത്തിൽ ജീവിക്കുന്ന അനേകരുണ്ട്. പരിശുദ്ധാത്മ ശക്തിയാൽ ജഡിക പ്രവണതകളെ തോൽപ്പിക്കുന്ന ജീവിതവും, പരിശുദ്ധാത്മ നിറവിൽ യേശു കർത്താവാണ് എന്ന് ഏറ്റു പറയുവാനും സാധിക്കാത്തവർ.

യേശുവിനെ മറന്ന് അനുഷ്ഠാനങ്ങളുടെ പേരിൽ തമ്മിൽ തല്ലുന്നവരും നിയമങ്ങളുടെ ആവൃതിക്കുള്ളിൽ ക്രിസ്തുവിനെ തളച്ചിടാൻ പരിശ്രമിക്കുന്നവരും , കൊറോണയുടെ ഈ നാളുകളിൽ തിരിച്ചറിവുകളിലേക്കും മാനസാന്തരത്തിലേക്കും വഴി നടക്കുമെങ്കിൽ, ആത്മാവിൻറെ ആനന്ദത്തിലും സ്വാതന്ത്ര്യത്തിലും ആരാധനകൾ അർപ്പിക്കുന്ന യഥാർത്ഥ ദൈവജനത്തിൻറെ ആഘോഷങ്ങൾ ലോകത്തിനു കാണുവാൻ സാധിക്കും. ജീവദാതാവും ജീവ സ്രോതസ്സും ആയ പരിശുദ്ധാത്മാവിൽ നിന്ന് എല്ലാം ആരംഭിക്കട്ടെ..!

4. നമുക്കു വേണ്ടി മരിച്ച് ഉത്ഥാനം ചെയ്ത് പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്ന ക്രിസ്തു നമുക്ക് വേണ്ടി എന്ത് ചെയ്യുന്നു? ‍

മരിച്ചവനെങ്കിലും ഉത്‌ഥാനം ചെയ്‌തവനും ദൈവത്തിന്‍െറ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്‌തു തന്നെ (റോമാ 8 : 34 ). "തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു" (ഹെബ്രായര്‍ 7 : 25). രണ്ടായിരം വർഷമായി യേശുക്രിസ്തു നമുക്ക് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന മഹത്തായ ഈ ശുശ്രൂഷയിൽ പങ്കുപറ്റാൻ നമുക്ക് അവകാശവും കടമയും ഉണ്ട്.

സഭയ്ക്കും ലോകത്തിനും മറ്റുള്ളവർക്കും വേണ്ടി നാം ഉയർത്തുന്ന പ്രാർത്ഥന നിലവിളികൾ അനേകരെ പൂർണ്ണമായി രക്ഷിക്കുവാൻ പര്യാപ്തമാണ്.ഓരോ ക്രിസ്തു വിശ്വാസിയും ഈ ദൗത്യത്തിൽ പങ്കുചേരണം. ക്രിസ്തുവിനോടൊപ്പം (എഫേ 2:6) ഈ ശുശ്രൂഷ നാം നിരന്തരം ചെയ്തുകൊണ്ടിരിക്കണം. ഈ നാലു മേഖലകൾ നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറിയാൽ ഈ ദിനങ്ങൾ നമുക്ക് വിശുദ്ധ ദിനങ്ങളാണ്. പാപത്തെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ജീവിതം, സാത്താൻറെ മേൽ ചവിട്ടി നടക്കുകയും അവനെ ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന ജീവിതം; സ്നേഹത്തിൻറെയും ശക്തിയുടേയും ആത്മാവിനാൽ എല്ലാ ഭയങ്ങളിൽ നിന്നും വിമുക്തമായ ജീവിതം; പരിശുദ്ധാത്മാവിനാൽ നിരന്തരം നയിക്കപ്പെടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജീവിതം; യേശുവിനോട് ചേർന്ന് ലോകം മുഴുവനും വേണ്ടി മാധ്യസ്ഥം വഹിക്കുന്ന ജീവിതം.

സ്വന്തമാക്കേണ്ടേ ഈ സൗഭാഗ്യ ജീവിതം?

More Archives >>

Page 1 of 14