Life In Christ - 2024

ഇടയൻറെ അധികാരം സേവനമാണ്, അതിൽ നിന്നു വ്യതിചലിച്ചാൽ ഇടയൻ സ്വന്തം വിളിയെ ഇല്ലാതാക്കുന്നു: ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകന്‍ 27-04-2020 - Monday

ഇടയൻറെ അധികാരം സേവനമാണെന്നും, അതിൽ നിന്നു വ്യതിചലിച്ചാൽ ഇടയൻ സ്വന്തം വിളിയെ ഇല്ലാതാക്കുകയും, ഇടയൻ ഇടയനല്ലാതാകുകയും വെറും കാര്യസ്ഥനായി മാറുകയും ചെയ്യുമെന്ന് ഫ്രാൻസീസ് പാപ്പാ. വെള്ളിയാഴ്ച ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, യേശു അപ്പവും മീനും വർദ്ധിപ്പിക്കുന്ന സുവിശേഷ ഭാഗം വിശദീകരിച്ചുകൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ജനങ്ങളോടൊപ്പം ആയിരിക്കാൻ ശ്രമിക്കുന്ന യേശു, ജനങ്ങളെ തന്നിലേക്കടുപ്പിക്കാതിരിക്കാൻ ചിലപ്പോൾ ശ്രമിക്കുന്ന ശിഷ്യരെ തിരുത്തുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഇടയന്മാരെ തേടുകയും സമൂർത്തമായ കാര്യങ്ങൾ ഇടയന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്ന ദൈവജനം ഇടയന്മാരെ തളർത്തിയെന്നുവരാം എന്നാൽ, ഇടയന്മാർ ദൈവജനത്തിൻറെ ആവശ്യങ്ങൾ നറവേറ്റിക്കൊടുക്കേണ്ടവരാണെന്നും സദാ അവരുടെ കൂടെ ആയിരിക്കേണ്ടവരാണെന്നും ഓർമ്മിപ്പിച്ചു.

ജനത്തിന് ആഹാരം നല്കിയതിനു ശേഷം യേശു, പിതാവിനോടു പ്രാർത്ഥിക്കാൻ മലയിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഇത് ഇടയനുണ്ടായിരിക്കേണ്ട “ചാരെ ആയിരിക്കുക” എന്ന കടമയുടെ രണ്ടു മാനങ്ങളാണെന്ന് വ്യക്തമാക്കി. അതായത് ഒരേ സമയം ജനത്തിൻറെയും ദൈവപിതാവിൻറെയും ചാരെ ആയിരിക്കണം ഇടയൻ എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഭക്ഷിച്ചു തൃപ്തരായപ്പോൾ ചിലർ യേശുവിനെ രാജാവാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അധികാരമെന്ന പ്രലോഭനമാണ് ഇവിടെ വിവക്ഷ എന്നു വ്യക്തമാക്കി. ഇടയൻറെ അധികാരം സേവനമാണെന്നും, അതിൽ നിന്നു വ്യതിചലിച്ചാൽ ഇടൻ സ്വന്തം വിളിയെ ഇല്ലാതാക്കുകയായിരിക്കും ചെയ്യുകയെന്നും, അവിടെ ഇടയൻ ഇടയനല്ലാതാകുകയും വെറും കാര്യസ്ഥനായി മാറുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു.


Related Articles »