Faith And Reason - 2024

കൊറോണക്കെതിരെ ആത്മീയ പ്രതിരോധം തീര്‍ത്ത് അമേരിക്കയും: പരിശുദ്ധ കന്യകാമാതാവിന് പുനര്‍സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍ 02-05-2020 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിനിടെ ആത്മീയ പ്രതിരോധം തീര്‍ക്കാന്‍ രാഷ്ട്രത്തെ പരിശുദ്ധ കന്യകാമാതാവിന് പുനര്‍സമര്‍പ്പണം നടത്തിക്കൊണ്ട് അമേരിക്കന്‍ മെത്രാന്മാര്‍. ഇന്നലെ (മെയ് 01) ലോസ് ആഞ്ചലസിലെ ‘ഔര്‍ ലേഡി ഓഫ് ദി ഏഞ്ചല്‍സ്’ കത്തീഡ്രല്‍ ദേവാലയത്തില്‍വെച്ച് നടന്ന 37 മിനിറ്റ് നീണ്ട ചടങ്ങില്‍വെച്ച് യു.എസ് മെത്രാന്‍ സമിതിയുടെ തലവനും ലോസ് ആഞ്ചലസ് അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച്. ഗോമസാണ് അമേരിക്കയെ പരിശുദ്ധ കന്യകാമാതാവിന് പുനര്‍സമര്‍പ്പിച്ചത്.

രാഷ്ട്രത്തിന്റെ പ്രാരംഭം മുതല്‍ പരിശുദ്ധ കന്യകാമാതാവ് നമ്മോടൊപ്പമുണ്ടെന്ന് ദൈവമാതാവിനെ അമേരിക്കയുടെ മാധ്യസ്ഥ വിശുദ്ധയായി അവരോധിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഗ്വാഡലൂപ്പ മാതാവിന്റെ മൂടുപടത്തിന് കീഴിലാണ് ആദ്യത്തെ മിഷ്ണറിമാര്‍ അമേരിക്കയിലെത്തിയതെന്ന വസ്തുതയും മെത്രാപ്പോലീത്ത സ്മരിച്ചു. മരിയന്‍ സ്തുതിഗീതങ്ങളും, ദൈവസ്തുതിഗീതങ്ങളും, ജപമാല രഹസ്യങ്ങളും സമര്‍പ്പണത്തിന്റെ ഭാഗമായിരുന്നു. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നില്‍ക്കും എന്ന ലോസ് ആഞ്ചലസില്‍ നിന്നും വിശുദ്ധ പദവിയോടടുത്ത് കൊണ്ടിരിക്കുന്ന ദൈവദാസന്‍ ഫാ. പാട്രിക്ക് പീറ്റണിന്റെ വാക്കുകളും മെത്രാപ്പോലീത്ത പരാമര്‍ശിച്ചു.

മെയ് മാസത്തില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ജപമാല ചൊല്ലണമെന്ന പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിട്ടുള്ള കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത സമര്‍പ്പണ ചടങ്ങിലെ തന്റെ ഹൃസ്വ സന്ദേശം അവസാനിപ്പിച്ചത്. വാഷിംഗ്‌ടണിലെ നാഷ്ണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിലും ഇന്നലെ ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഡി ഗ്രിഗറിയുടെ നേതൃത്വത്തില്‍ സമാനമായ സമര്‍പ്പണ ചടങ്ങുകള്‍ നടന്നു. 1792-ലാണ് അമേരിക്കയെ ആദ്യമായി മാതാവിനായി സമര്‍പ്പിക്കുന്നത്. ഇതിന് ശേഷം നിരവധി പ്രാവശ്യം പുനര്‍സമര്‍പ്പണം നടത്തിയിട്ടുണ്ട്. കൊറോണ വ്യാപനത്തിന് ശേഷം ആഗോള തലത്തില്‍ ഭാരതം അടക്കം അന്‍പതിലധികം രാഷ്ട്രങ്ങളാണ് ദൈവമാതാവിന് സമര്‍പ്പണം നടത്തിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »