Youth Zone - 2024

ഇടവക ജനത്തിന്റെ അവശ്യ വസ്തുക്കള്‍ക്കു വേണ്ടി ബേക്കറി ജീവനക്കാരനായി യുവവൈദികന്‍

സ്വന്തം ലേഖകന്‍ 05-05-2020 - Tuesday

സാന്‍ ജോസ് ( കോസ്റ്റ റിക്ക): ഇടവക ജനത്തിന് വേണ്ട അവശ്യ സാധനങ്ങള്‍ക്ക് വേണ്ടി ബേക്കറി ജീവനക്കാരനാകുന്ന യുവ വൈദികന്‍ മാധ്യമ ശ്രദ്ധ നേടുന്നു. മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റിക്കയില്‍ നിന്നുള്ള ഫാ. ഗീസൺ ജെറാർഡോയാണ് ലോക് ഡൗൺ കാലത്ത് സാമ്പത്തിക പരാധീനതമൂലം ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്കു കൈത്താങ്ങായി മാറുന്നത്. കൊറോണയും ലോക് ഡൗണും മൂലം സാമ്പത്തികമായി തകർന്ന ഇടവകാംഗങ്ങളെ സഹായിക്കാൻ തനിക്ക് എന്തുചെയ്യാനാകും എന്ന ചിന്തയാണ് ഇദ്ദേഹത്തെ ബേക്കറി ജോലിയിലേക്ക് നയിച്ചത്. തന്റെ കുട്ടിക്കാലത്തു സാമ്പത്തിക പരാധീനതമൂലം ക്ലേശിച്ച തന്റെ കുടുംബത്തിന് കൈത്താങ്ങാകാൻ അഞ്ചു വർഷത്തോളം ബേക്കറി ജോലി നോക്കിയ വ്യക്തിയാണ് ഇദ്ദേഹം.

15-ാം വയസിലാണ് അയൽവാസിയുടെ ബേക്കറിയിൽ ജോലിക്കെത്തിയത്. പിന്നീട്, പൗരോഹിത്യവിളി തിരിച്ചറിഞ്ഞ് 21-ാം വയസിൽ സെമിനാരിയിൽ ചേർന്നപ്പോഴും ബേക്കറി നിര്‍മ്മാണത്തിലുള്ള കഴിവ് അദ്ദേഹം വിട്ടുകളഞ്ഞില്ല. ഇന്ന്‍ ഈ ലോക്ക് ഡൌണ്‍ കാലയളവില്‍ വിവിധ ബ്രഡുകള്‍ തയാറാക്കുന്ന അദ്ദേഹം കടകളിൽ വിൽപ്പനയ്ക്ക് നല്‍കി അതില്‍ നിന്നു ലഭിക്കുന്ന തുകകൊണ്ട് അറുപതില്‍ പരം കുടുംബങ്ങൾക്ക് ആവശ്യസാധനങ്ങൾ ലഭ്യമാക്കുകയാണ്. ലിമയിലെ വിശുദ്ധ റോസിന്റെ നാമധേയത്തിൽ നോർത്ത് കോസ്റ്റ റിക്കയിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ വികാരിയാണ് അദ്ദേഹം. എല്ലാ ദിവസവും രാവിലെ മുതല്‍ വൈകീട്ട് വരെ ബ്രഡ് നിര്‍മ്മാണം നടത്തുമെന്നും സായാഹ്നത്തില്‍ വില്‍പ്പനയ്ക്കിറങ്ങുകയാണ് പതിവെന്നും ശേഷം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ദൈവത്തിന് നന്ദി പറയുമെന്നും അദ്ദേഹം പറയുന്നു. ജീവിതത്തില്‍ ഉണ്ടായ കയ്‌പ്പേറിയ അനുഭവങ്ങളാണ് മറ്റുള്ളവർക്കുവേണ്ടി വിവിധ കാര്യങ്ങൾ ചെയ്യാൻ തന്നെ പ്രചോദിപ്പിക്കുന്നതെന്നും അദ്ദേഹം സ്മരിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »