Social Media - 2024

ദിവ്യയുടെ മരണത്തെ ആഘോഷമാക്കുമ്പോള്‍ ചിലത് പറയാതെ വയ്യ

ഫാ. ബിബിൻ മഠത്തിൽ 11-05-2020 - Monday

തിരുവല്ലയിൽ സന്യാസാർത്ഥിനി ആയിരുന്ന ദിവ്യ മരിച്ചതിൽ വലിയ ദുഃഖമുണ്ട്. സത്യത്തിൽ ആ സംഭവം അറിഞ്ഞ ശേഷം അതിനെക്കുറിച്ച് എന്തെങ്കിലും എഴുതാനൊ പറയാനോ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഒരു മരണം ആഘോഷിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ല എന്ന് പറയുന്നതാവും ശരി. അതുകൊണ്ടാണു ഇക്കാര്യത്തിൽ എന്തെങ്കിലും എഴുതാൻ കഴിയാതിരുന്നത്. എന്നാൽ ദിവ്യ മരിച്ചത് ആഘോഷമാക്കുന്ന ചിലരെ കാണുമ്പോൾ, അവർ എഴുതുന്ന ചില കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും എഴുതാതിരിക്കുക ഉചിതമല്ല എന്ന് കരുതുന്നു. കൂടുതൽ കാര്യങ്ങൽ എഴുതുന്നതിനു മുമ്പേ ഒരു കാര്യം വ്യക്തമാക്കാം. ദിവ്യ മരിച്ചതിൽ എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണം. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടുകയും വേണം. അതാണു ഇക്കാര്യത്തിൽ എന്റെ നിലപാട്.

ഇനി ചില കാര്യങ്ങളിലേക്ക്. ദിവ്യയെക്കുറിച്ച് ഞാൻ ആദ്യമായി ഒരു പോസ്റ്റ് കണ്ടത് ഡോ. ഷിനു ശ്യാമളന്റെ പേജിലാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു പ്രവാസിയെ പരിശോധിച്ചത് അയാൾക്ക് കോവിഡ് ഉണ്ടായിട്ടും അയാളെ ഗവണ്മെന്റ് കേരളം വിടാൻ അനുവദിച്ചു എൻ പറഞ്ഞു പുലിവാലു പിടിച്ച ആളാണു ഡോ. ഷിനു. എന്നാൽ ആ പ്രവാസി ഹോം ക്വാറന്റീൻ കഴിഞ്ഞ ആളായിരുന്നു എന്നും കോവിഡിനെക്കുറിച്ച് സമൂഹത്തിൽ അനാവശ്യമായി ഭീതി പരത്തി എന്നതുകൊണ്ടു ഡോ.ഷിനുവിനെതിരെ കേസ് എടുത്തു എന്നും ആണു പിന്നീട് മാധ്യമങ്ങളിൽ വന്ന വാർത്ത. ആ ഡോക്ടറാണ് ദിവ്യയുടെ മരണത്തെക്കുറിച്ച് പോസ്റ്റ് എഴുതി പിടിപ്പിച്ചത്. ഡോക്ടറാരാണ് എന്നതല്ലല്ലൊ എന്റെ വിഷയം അതുകൊണ്ട് കാര്യത്തിലേക്ക് വരാം.

ദിവ്യയുടെ മരണത്തെ സി. അഭയയുടെ മരണവുമായി കൂട്ടിക്കെട്ടിയതിനെക്കുറിച്ചാണു എനിക്ക് പറയാനുള്ളത്. ഡോ. ഷിനു പറയുന്നതനുസരിച്ച് അഭയയുടെ മരണം ആത്മഹത്യ ആണെന്ന് എഴുതി തള്ളിയത് പിന്നീട് കൊലപാതകം ആണെന്ന് തെളിഞ്ഞു. സത്യത്തിൽ അങ്ങനെ തെളിഞ്ഞൊ? കേസിന്റെ വിചാരണ ഇനിയും കഴിഞ്ഞിട്ടില്ലല്ലൊ. ഇനി അഭയയുടേത് ആത്മഹത്യ അല്ലെന്നും അതു കൊലപാതകം ആണെന്നും അതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടത് ജോമോൻ പുത്തൻപുരക്കൽ അല്ല. അത് അഭയ അംഗമായിരുന്ന സന്യാസസഭയിലെ സിസ്റ്റേർസ് തന്നെയാണ്. സംശയമുണ്ടെങ്കിൽ കേസിന്റെ നാൾ വഴികൾ നിങ്ങൾക്ക് പരിശോധിച്ച് നോക്കാം. ഇതൊക്കെ കൃത്യമായി ജസ്റ്റിസ് ഹേമ, സി. സെഫിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിപകർപ്പിൽ കൊടുത്തിട്ടുണ്ട്.

ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ആഘോഷം കണ്ടത് മുൻ കന്യാസ്ത്രീ ആയിരുന്ന ലൂസി കളപ്പുരക്കലിന്റെ പ്രൊഫൈലിൽ ആണ്. ഏതാണ്ട് കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ നടന്ന സന്യാസിനിമാരുടെ സമാനമായ മരണങ്ങൾ ഒക്കെ വിവരിച്ച ഒരു പോസ്റ്റ്. ഈ മരണങ്ങളിലെല്ലാം കിണർ ആണു പൊതുഘടകമായി അവർ ചൂണ്ടിക്കാണിച്ചത്. ഇതിലെ മരണങ്ങളെക്കുറിച്ചെല്ലാമൊന്നും ഞാൻ കേട്ടിട്ടില്ല. അതുകൊണ്ട് അതിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ എനിക്ക് കഴിയില്ല.

എങ്കിലും ഒന്ന് ചോദിക്കട്ടെ, ഈ നാട്ടിൽ പോലിസും നിയമവ്യവസ്ഥിതിയുമൊന്നും ഇല്ലേ? ഈ മരണങ്ങളെക്കുറിച്ചൊന്നും അവർ അന്വേഷിച്ചിട്ടില്ലേ? അതിൽ എത്ര മരണങ്ങളിൽ ദുരൂഹത ഉണ്ടെന്ന് ഈ അന്വേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്? അതൊ ഇനി ഇക്കാര്യത്തിലൊക്കെ കേരള പോലിസ് പിടിപ്പുകേടാണു എന്നാണോ നിങ്ങൾ പറയുന്നത്? അങ്ങനെയെങ്കിൽ കേരളപ്പോലിസിനെതിരെ സമരം നടത്തണം ലൂസിച്ചേച്ചി.... കേരള പോലിസിനെതിരെ മാത്രമല്ല, പറ്റുമെങ്കിൽ കഴിഞ്ഞ മുപ്പത് വർഷമായി കേരളം ഭരിച്ച ആഭ്യന്തര മന്ത്രിമാർക്കെതിരെയും കൊടുക്കണം കേസ്.

ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ട് ലൂസി നടത്തിയ മറ്റൊരു കമന്റ് സഭ്യതയുടെ എല്ലാ അതിർവരമ്പുകളെയും ഭേദിക്കുന്നതായിരുന്നു. സന്യാസപരിശീലന ഭവനങ്ങളിൽ രാത്രിയിൽ ചിലരെ ഒക്കെ അർത്ഥിനികളുടെ മുറികളിലേക്ക് വിടുമത്രേ!!! അടുത്ത ദിവസം അവരുടെ ഒക്കെ ശവങ്ങൾ അടുത്തുള്ള കിണറ്റിൽ കാണപ്പെടുമെന്നും അവർ പറയുന്നു. അസത്യം മാത്രമല്ല, അശ്ലീലവും തികച്ചും സ്ത്രീ വിരുദ്ധവുമായ പ്രസ്താവന ആണത്. സ്വന്തം ഭാവനക്ക് അനുസരിച്ച് മറ്റുള്ളവർ പെരുമാറുമെന്ന് വിചാരിക്കുന്ന ജഡില മനസിന്റെ റിഫ്ലക്ഷൻ ആയാണു എനിക്ക് ആ കമന്റ് തോന്നിയത്. ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ടാണു ഈ കമന്റ് പറഞ്ഞതിൽ നിന്നും ദിവ്യയും ഇതുപോലെ ലൈംഗികമായി ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് വിവക്ഷികുകയാണു അവർ. അതീവ സങ്കടകരമായ ഒരു അവസ്ഥയിൽ മരിച്ച ഒരു കുഞ്ഞ് സഹോദരിയെ, സ്വന്തം അജണ്ട പ്രചരിപ്പിക്കാനായി, ഇതുപോലെ അപമാനിക്കുവാൻ അത്രയും അധപതിച്ച ഒരാൾക്കല്ലാതെ ആർക്കാണു കഴിയുക???

ലൂസിയുടെ ഈ കമന്റ് ഏറ്റുപിടിച്ച കാനഡക്കാരി സുനിത ഷെയർ ചെയ്ത യുക്തിവാദിയായ നിതിൻ വിത്സൺ എന്ന വ്യക്തിയുടെ പോസ്റ്റാണു ഏറ്റവും അവസാനം ഞാൻ ശ്രദ്ധിച്ചത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നേ എന്ന് ഇടക്കിടക്ക് വിക്റ്റിം കാർഡ് കളിക്കുന്ന വ്യക്തിയാണ് സുനിത. അങ്ങനെ ഒരു സ്ത്രീ എത്ര മോശമായാണ് ദിവ്യയുടെ മരണം ഉപയോഗിക്കുന്നത് എന്ന് നോക്കുക. കിണറ്റിൽ നിന്നും ഉയർത്തിയെടുത്ത ദിവ്യയുടെ ശരീരത്തിൽ ഡ്രസ് സ്ഥാനം തെറ്റി കിടക്കുന്നത് കണ്ട് “ചുരിദാറിന്റെ ബോട്ടം” ഇല്ലായിരുന്നു എന്ന് അങ്ങ് അനുമാനിക്കുവാണ്. സാധാരണ ആറു വർഷമൊക്കെ പിന്നിട്ട അർഥിനികൾ ചുരിദാറല്ല ധരിക്കാറുള്ളതെന്ന കാര്യമെങ്കിലും അറിയാമായിരുന്നെങ്കിൽ ഒന്നു അന്വേഷിച്ചിട്ടേ അപവാദപ്രചരണത്തിനു ഇറങ്ങുകയുള്ളായിരുന്നു. അതോ ഇവരൊക്കെ സാരിക്കടിയിലും പാന്റ് ഇടുന്നവരാണോ?

ആ ഡ്രസ് ചുരിദാറാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് അന്വേഷിക്കാനുള്ള മനസ് പോലും അവർ കാണിക്കുന്നില്ല!!! ദിവ്യ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുമാറ് ഇത്തരം പോസ്റ്റുകൾ ചെയ്യുന്നത് എന്തേ ആർക്കും സ്ത്രീവിരുദ്ധമായി തോന്നാത്തത്??? മരിച്ച പെൺകുട്ടിയോടുള്ള ബഹുമാനമൊ സ്നേഹമൊ കൊണ്ടാണെങ്കിൽ, ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനു മുമ്പ് ആ പെൺകുട്ടി ഏതെങ്കിലും തരത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നോ എന്ന് അറിയാനുള്ള ക്ഷമ എങ്കിലും കാണിക്കുമായിരുന്നില്ലേ?

ഇനി കന്യാസ്ത്രീ മഠങ്ങളിൽ എന്തെങ്കിലും നടന്നാൽ അതിന്റെ ഉത്തരവാദികൾ എല്ലാം പുരോഹിതന്മാർ ആണെന്നുള്ള രീതിയിലാണു ചിലരുടെ കമന്റുകൾ!! സുനിതയുടെ പോസ്റ്റിലും ഈ ചിന്ത കാണാം. “പുരോഹിതന്മാർ പീഡിപ്പിച്ചത്രേ!” മരിച്ച വ്യക്തിയോട് ബഹുമാനമോ സ്നേഹമോ ഉള്ളതുകൊണ്ടല്ല ഇവരൊക്കെ ഈ വാർത്ത പ്രചരിപ്പിക്കുന്നതെന്നും പുരോഹിതന്മാരോടും സഭയോടും സന്യാ‍സത്തോടുമൊക്കെ ഉള്ള വിദ്വേഷം കൊണ്ടാണു എന്നും അറിയാൻ ഇതിലും വലിയ തെളിവിന്റെ ആവശ്യം ഇല്ല.

മുകളിൽ പറഞ്ഞ ആളുകളെ കൂടാതെ ഷൈജു ആന്റണിയെ പോലുള്ള കുത്തിത്തിരുപ്പിന്റെ ഉസ്താദുകളുടെ പോസ്റ്റുകളും കമന്റുകളും ശ്രദ്ധയിൽ പെട്ടിരുന്നു. അവയൊന്നും മറുപടി അർഹിക്കുന്നില്ല. അല്ലെങ്കിൽ തന്നെ മുകളിൽ സൂചിപ്പിച്ച വ്യക്തികളുടെ മനസ്ഥിതിയിൽ നിന്നും വ്യത്യസ്ഥമല്ല ഇവരൊന്നും. ഇവർക്കെല്ലാം വേണ്ടത് വ്യക്തമായ മറുപടികളോ മരിച്ച പെൺകുട്ടിക്ക് വേണ്ടിയുള്ള നീതിയോ അല്ല.... സ്വകാര്യ ഇന്ററസ്റ്റുകളാണു അവരെ നയിക്കുന്നത്. ആ ഇന്ററസ്റ്റുകൾക്ക് പിന്നിൽ സഭയുടെ തകർച്ചയും നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെയും മറ്റു താത്പര്യങ്ങൾ ഉള്ളവരുടെ പിന്തുണയും ഒക്കെയാണ്. അതുകൊണ്ട് എന്തൊക്കെ പറഞ്ഞാലും അവർ ഇതൊന്നും അംഗീകരിക്കാൻ പോകുന്നില്ല.

ഒരു കാര്യം പറയാൻ വിട്ടുപോയി. തെളിവിന്റെ ഭാഗമായി ഷൂട്ട് ചെയ്ത വീഡിയൊ ആരാണു പുറത്ത് വിട്ടത്? പോലിസ് എടുത്ത വീഡിയോ ആയിട്ടാണു എനിക്ക് തോന്നിയത്. അങ്ങനെയെങ്കിൽ ആ വീഡിയോ പുറത്തു വിട്ടതിന്റെ പുറകിൽ ഉള്ള പോലിസിന്റെ ഇൻറ്ററസ്റ്റ് എന്താണ്?

ഈ പോസ്റ്റിനടിയിൽ വരാൻ പോകുന്ന ചില കമന്റുകൾക്കുള്ള മറുപടി കൂടി മുൻകൂട്ടി പറഞ്ഞു കൊണ്ട് നിർത്താം. ദിവ്യയുടെ മരണം ആത്മഹത്യ ആണൊ കൊലപാതകമാണോ അതോ മറ്റെന്തെങ്കിലും ആണൊ എന്ന് പോലിസ് അന്വേഷിക്കട്ടെ. കുറ്റവാളികൾ ഉണ്ടെങ്കിൽ അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരട്ടെ. പത്തു വർഷത്തിനു ശേഷവും ദുരൂഹമരണം എന്ന രീതിയിൽ ഈ മരണവും അവതരിപ്പിക്കാനുള്ള ഇട വരാതിരിക്കട്ടെ. അവസാനമായി... മാറുന്ന കാലത്തിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ സന്യാസസഭകൾക്കും സാധിക്കണം. സ്നേഹവും കരുണയും കരുതലുമൊക്കെ സ്വസമൂഹങ്ങൾക്കു പുറത്തുള്ളവരോട് മാത്രം പോരാ. സ്വസമൂഹങ്ങളിൽ ഉള്ളവരോടും വേണം. എല്ലാ സന്യാസസമൂഹങ്ങൾക്കും ഒരു വീണ്ടു വിചാരത്തിനുള്ള അവസരമായി ഇത് മാറട്ടെ. ഇത് എന്റെ മാത്രം ആഗ്രഹമല്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഓരോ ക്രൈസ്തവ വിശ്വാസിയും ഇത് ആഗ്രഹിക്കുന്നുണ്ട്.

More Archives >>

Page 1 of 15