Social Media - 2025

സമൂഹത്തെയും സഭയെയും ഭിന്നിപ്പിക്കുന്ന ത്രിവിധ കാര്യങ്ങള്‍ പങ്കുവെച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 22-04-2020 - Wednesday

വത്തിക്കാന്‍ സിറ്റി: സമൂഹത്തെയും സഭയേയും ഭിന്നിപ്പിക്കുന്ന ത്രിവിധ കാര്യങ്ങള്‍ പങ്കുവെച്ച് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. പണം, പൊങ്ങച്ചം, പരദൂഷണം എന്നിവയാണ് സമൂഹത്തെയും സഭയെയും ഭിന്നിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ ഇന്നലെ സാന്ത മാര്‍ത്ത ചാപ്പലില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ഒരു സമൂഹത്തെ ഭിന്നിപ്പിക്കുന്ന പല കാര്യങ്ങൾ ഉണ്ട്. അത് ഇടവകയിലെ ക്രിസ്തീയ സമൂഹമാകാം, രൂപതയിലേയോ, വൈദീക - സന്യാസിനീ സന്യാസ സമൂഹമോ ആവാം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ധാരാളം കാര്യങ്ങൾ കടന്നു വരുന്നു. ഞാൻ മൂന്നെണ്ണം കണ്ടെത്തുന്നു.

ആദ്യം പണം. വിശുദ്ധ യാക്കോബ് ശ്ലീഹായും പൗലോസ് ശ്ലീഹായും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വിശുദ്ധ പൗലോസ് പറയുന്നു, പണക്കാർ ഭക്ഷണം കൊണ്ടു വരുന്നു. അവർ കഴിക്കുന്നു, ദരിദ്രരെ വിശന്നു നിറുത്തുന്നു. നിങ്ങൾ നിങ്ങളുടെ കാര്യം നിങ്ങൾക്ക് പറ്റുന്നത് പോലെ നോക്കണമെന്ന് പറയും പോലെ അവരെ അവിടെ നിറുത്തി.പണം ഭിന്നിപ്പിക്കുന്നു. ധനത്തോടുള്ള സ്നേഹം സമൂഹത്തെയും സഭയെയും ഭിന്നിപ്പിക്കുന്നു. സഭാ ചരിത്രത്തിൽ, പല പ്രാവശ്യം പ്രബോധനങ്ങളുടെ വഴിതെറ്റലുകൾ - എപ്പോഴുമല്ല, എന്നാൽ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്.

അതിനു പിന്നിൽ ധനമായിരുന്നു. അധികാരമായ ധനം, അത് രാഷട്രീയ അധികാരമോ, നാണയമോ എന്തായാലും ധനമാണ്. പണം സമൂഹത്തെ ഭിന്നിപ്പിക്കുന്നു. ഇതിനാൽ, ദാരിദ്ര്യമാണ് സമൂഹത്തിന്റെ ജനനി, ദാരിദ്യമാണ് സമൂഹത്തെ സംരക്ഷിക്കുന്ന മതിൽ. പണം വേർതിരിവു സൃഷ്ടിക്കുന്നു, വ്യക്തി താല്പര്യങ്ങൾ ഉണ്ടാക്കുന്നു. എത്ര കുടുംബങ്ങൾ സ്വത്തവകാശത്തിന്റെ പേരിൽ ഭിന്നിച്ചു പോയി? പണം ഭിന്നിപ്പിക്കുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന രണ്ടാമത്തെ ഘടകം പൊങ്ങച്ചമാണ്.

'ഞാൻ മറ്റുള്ളവരെപ്പോലെയല്ലാത്തതിനാൽ നിനക്ക് നന്ദി പറയുന്നു' ഫരിസേയന്റെ പ്രാർത്ഥനയായിരുന്നു. ഞാനാരൊക്കെയോ ആണെന്ന് കരുതി എന്റെ ശീലങ്ങളിൽ, വസ്ത്രധാരണത്തിൽ എന്നെ തന്നെ പ്രദർശിപ്പിക്കുന്നതും പൊങ്ങച്ചമാണ്. എപ്പോഴുമല്ലെങ്കിലും കൂദാശകളുടെ ചടങ്ങുകൾ പോലും പൊങ്ങച്ചത്തിന്റെ ഉദാഹരണമായി തീരുന്നു. ആഘോഷമായ വസ്ത്രം ധരിച്ച് പോകുന്നവരും, പലതും ചെയ്യുന്നവരും, വലിയ ആഘോഷങ്ങളും പൊങ്ങച്ചമാണ്. പൊങ്ങച്ചവും ഭിന്നിപ്പിക്കുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന മൂന്നാമത്തെ ഘടകമായി പാപ്പ ചൂണ്ടിക്കാട്ടിയത് പരദൂഷണമാണ്. ആദ്യമായല്ല ഞാൻ ഇക്കാര്യം പറയുന്നത്, എന്നാൽ അത് സത്യമാണ്.

മറ്റുള്ളവരെക്കുറിച്ച് മോശം പറയേണ്ടത് ഒരാവശ്യമാണ് എന്ന നിലയിൽ ചെകുത്താൻ നമ്മിൽ ഉളവാക്കുന്നതാണ് അത്. എന്നാൽ ആത്മാവ് തന്റെ ശക്തിയോടെ വരുന്നത് ആ പണത്തിന്റെയും, പൊങ്ങച്ചത്തിന്റെയും, പരദൂഷണത്തിന്റെയും ലൗകീകതയിൽ നിന്ന് നമ്മെ രക്ഷിക്കാനാണ്. കാരണം ആത്മാവ് ലൗകികമല്ല അതിനു വിപരീതമാണ്. വലിയ കാര്യങ്ങൾ ചെയ്യാൻ അവൻ കഴിവുള്ളവനാണ്. നമ്മളെ രൂപാന്തരപ്പെടുത്താനും, നമ്മുടെ സമൂഹങ്ങളെയും, ഇടവക സമൂഹത്തെയും, രൂപതയെയും, സന്യസ്ത സമൂഹങ്ങളേയും രൂപാന്തരപ്പെടുത്തുവാനും പരിശുദ്ധാത്മാവിന് വിധേയരാവാനുള്ള അനുഗ്രഹത്തിനായി കർത്താവിനോടു നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ സന്ദേശത്തിനൊടുവില്‍ ഓര്‍മ്മിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »