Faith And Reason - 2024

കുമ്പസാരം മുഖാഭിമുഖം മാത്രം, ഓൺലൈൻ വഴി പാടില്ല: മനില അതിരൂപതയുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ 12-05-2020 - Tuesday

മനില: അനുരഞ്ജന കൂദാശയ്ക്കു, അനുതാപിയും കുമ്പസാരക്കാരനുമായി പരസ്പര സംഭാഷണം ആവശ്യമാണെന്നും, മുഖാമുഖമുള്ള കുമ്പസാരത്തെ ഇന്റർനെറ്റിന് പകരം വയ്ക്കാനാവില്ലെന്നും ഫിലിപ്പിൻസിലെ മനില അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ബ്രോഡെറിക് പബില്ലോ. നിലവില്‍ വിശുദ്ധ കുര്‍ബാനക്കും പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്കും ഇന്‍റര്‍നെറ്റിന്റെ സാധ്യത വിശ്വാസികള്‍ പ്രയോജനപ്പെടുത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ബിഷപ്പ് രംഗത്തെത്തിയിരിക്കുന്നത്. ആത്മീയ ഉപദേശങ്ങൾ നൽകാൻ വൈദികർക്ക് ഇന്‍റര്‍നെറ്റ് അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാമെന്നും കുമ്പസാരമാണ് ഇതു വഴി നിരോധിച്ചിട്ടുള്ളതെന്നും പരിപൂർണ്ണ മനസ്താപം രോഗിയായ ഒരാൾക്ക് കൂദാശയുടെ അഭാവത്തിൽ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച മനില അതിരൂപത പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഓൺലൈൻ അനുരഞ്ജന കൂദാശ നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനം കൂടാതെ പൊതുജന പങ്കാളിത്തതോടെയുള്ള ആരാധനാക്രമങ്ങൾ വീണ്ടും പുനരാരംഭിക്കുവാൻ നടത്തേണ്ട ഒരുക്കങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുമ്പസാരക്കൂടുകൾ സാമൂഹിക അകലം കാത്തു സൂക്ഷിക്കാനാവും വിധം പുനർ സംവിധാനം ചെയ്യുവാനും വൈദികരും കുമ്പസാരത്തിനു അണയുന്നവരും മാസ്ക് ധരിക്കണമെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.

ഇത് സാധ്യമല്ലെങ്കിൽ പുറത്ത് ഒരു മീറ്റർ അകലം പാലിച്ചും, പൊതു കുമ്പസാരക്രമങ്ങൾ അനുസരിച്ചും മുന്നോട്ടു പോകാനും പ്രസ്താവനയില്‍ പറയുന്നു. സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവനായി ആർച്ച് ബിഷപ്പ് ലൂയിസ് അന്റോണിയോ ടാഗിളിനെ മാർപാപ്പ നിയമിച്ചതോടെ മനില അതിരൂപതയുടെ നേതൃ സ്ഥാനം സഹായ മെത്രാന് താത്ക്കാലികമായി കൈവരുകയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »