India - 2025
'മദ്യശാല തുറക്കരുത്, കുടുംബം തകര്‍ക്കരുത്' എന്ന മുദ്രാവാക്യവുമായി മലബാറിലെ രൂപതകള്‍
12-05-2020 - Tuesday
തലശേരി: ലോക്ക് ഡൗണ്‍ കാലയളവിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു ബാറുകള്‍ തുറക്കരുതെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. കെസിബിസി മദ്യവിരുദ്ധസമിതി തലശേരി അതിരൂപത, മാനന്തവാടി രൂപത, കണ്ണൂര്‍ രൂപത, കോട്ടയം അതിരൂപതയുടെ മലബാര്‍ റീജണ്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'മദ്യശാല തുറക്കരുത്, കുടുംബം തകര്‍ക്കരുത്' എന്ന മുദ്രാവാക്യവുമായി നടത്തിയ ആശയപ്രചാരണ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 50 ദിവസങ്ങളായി നിലനില്‍ക്കുന്ന മദ്യരഹിത അന്തരീക്ഷം തുടരാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ ഉണ്ടാകണമെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവും കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കുപിന്നില്‍ അടഞ്ഞുകിടക്കുന്ന മദ്യഷാപ്പുകളുടെ പങ്ക് വിസ്മരിക്കരുതെന്ന് കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയും പറഞ്ഞു.
കേരളത്തിലെ കുടുംബങ്ങള്‍ അനുഭവിച്ചുവരുന്ന സമാധാനം തകര്‍ക്കരുതെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയും ജനങ്ങളുടെ ആരോഗ്യവും സാമൂഹ്യാഭിവൃദ്ധിയും പരിഗണിച്ച് ബാറുകള്‍ അടഞ്ഞുതന്നെ കിടക്കാനുള്ള നയം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയും ചൂണ്ടിക്കാട്ടി. ആര്‍ച്ച് ബിഷപ്പ് എമെരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം കേരളജനതയ്ക്കും കുടുംബങ്ങള്‍ക്കും സമാധാനവും സന്തോഷവും പ്രാര്‍ഥനാജീവിതവും ആശംസിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി റീജണല്‍ ഡയറക്ടര്‍ ഫാ. ചാക്കോ കുടിപ്പറമ്പില്‍, ഫാ. തോംസണ്‍ കൊറ്റിയാത്ത്, ഫാ. സണ്ണി മീത്തില്‍, ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക