India - 2024

ഉപാധികളോടെ ദേവാലയങ്ങൾ തുറക്കാൻ അനുമതി നൽകണം: മുഖ്യമന്ത്രിക്ക് കർദ്ദിനാൾ ആലഞ്ചേരിയുടെ കത്ത്

പ്രവാചക ശബ്ദം 16-05-2020 - Saturday

കൊച്ചി: ഉപാധികളോടെ എല്ലാ ദേവാലയങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും ഇന്റർചർച്ച് കൗൺസിൽ ചെയർമാനുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. ലോക്‌ഡൗൺ നിലവിലെ രീതിയിൽ തുടർന്നാൽ ജനങ്ങളുടെ മാനസിക സംഘർഷം വർദ്ധിക്കുവാൻ കാരണമാകുമെന്നും അത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ആർക്കും തടയാനാകാത്തതായിരിക്കുമന്നും അദ്ദേഹം കത്തിൽ കുറിച്ചു. ഉപാധികളോടെ ദേവാലയങ്ങൾ തുറക്കാൻ വിശ്വാസികൾ ആവശ്യപ്പെടുകയാണെന്നും കത്തിൽ പറയുന്നു.

അതിനാൽ ഇളവുകളുടെ കൂട്ടത്തിൽ ആരാധനാലയങ്ങൾ തുറന്ന് ഉപാധികളോടെ തിരുകർമ്മങ്ങൾ നടത്തുവാനുള്ള അവസരം ഒരുക്കണം. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരിൽ കവിയാത്ത ജനപങ്കാളിത്തത്തോടുകൂടിയുള്ള ആരാധനാ ശുശ്രുഷകൾ ദേവാലയങ്ങളിൽ നടത്താൻ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ വലിയ ഒരാവശ്യമാണ്. സർക്കാർ നിർദേശിക്കുന്ന വിവിധ നിർദേശങ്ങൾക്ക് വിധേയമായി കർമ്മങ്ങൾ നടത്തുന്നതിനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. നിയന്ത്രിതമായ പങ്കാളിത്തത്തോടെയെങ്കിലും ദേവാലയങ്ങളിൽ ആരാധന ശുശ്രൂഷകൾ ആരംഭിക്കണമെന്നാണ് വിശ്വാസികൾ ആവശ്യപ്പെടുന്നതെന്നും അത് തന്നെയാണ് സഭാമേലദ്ധ്യക്ഷമാരുടെ ആവശ്യമെന്നും കത്തിൽ പറയുന്നു. കത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനു വേണ്ടി വിവിധ എപ്പിസ്കോപ്പൽ സഭകളുടെ അധ്യക്ഷന്മാരുടെ പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്.