News - 2025

നിക്കരാഗ്വേയിലെ മേജര്‍ സെമിനാരി സ്വേച്ഛാധിപത്യ ഭരണകൂടം കണ്ടുകെട്ടി

പ്രവാചകശബ്ദം 22-01-2025 - Wednesday

മതഗൽപ: നീണ്ട തടവിന് ശേഷം കഴിഞ്ഞ ജനുവരിയില്‍ നാടുകടത്തിയ ബിഷപ്പ് റൊളാൻഡോ അൽവാരെസ് അധ്യക്ഷനായ നിക്കരാഗ്വേയിലെ മതഗൽപ രൂപതയിൽപെട്ട സാൻ ലൂയിസ് ഗോൺസാഗ ഫിലോസഫിയുടെ മേജർ സെമിനാരി സ്വേച്ഛാധിപത്യ ഭരണകൂടം കണ്ടുകെട്ടിയതായി വെളിപ്പെടുത്തല്‍. മനുഷ്യാവകാശ പ്രവര്‍ത്തകയും ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിനയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. മതഗൽപ രൂപതയുടെ ഹൃദയമായാണ് ഈ സെമിനാരിയെ നിരീക്ഷിക്കുന്നത്. വൈദിക രൂപീകരണം പൂർണ്ണമായും നിർത്തലാക്കാനാണ് നിക്കരാഗ്വേയിലെ ഏകാധിപത്യം ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാർത്ത പട്രീഷ്യ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മുതൽ, നിക്കരാഗ്വേയിലെ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം രൂപതയിലെ വൈദികര്‍ക്ക് നേരെയുള്ള നിരീക്ഷണവും കടുപ്പിച്ചിട്ടുണ്ടെന്നും "നിക്കരാഗ്വ: എ പെർസിക്യൂറ്റഡ് ചർച്ച്" എന്ന പ്രസിദ്ധമായ റിപ്പോർട്ടിൻ്റെ രചയിതാവ് കൂടിയായ മാർത്ത പറയുന്നു. ഡാനിയൽ ഒർട്ടെഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണത്തിന് കീഴില്‍ നിക്കരാഗ്വേയിലെ കത്തോലിക്കാ സഭ ആയിരത്തോളം ആക്രമണങ്ങളാണ് നേരിട്ടിരിക്കുന്നത്. ലൂയിസ് ഗോൺസാഗ സെമിനാരി കണ്ടുകെട്ടിയ സമയത്ത് സെമിനാരിയിൽ ഏകദേശം 30 വൈദിക വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരിന്നുവെന്നും വെളിപ്പെടുത്തലുണ്ട്.

2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതില്‍ അസ്വസ്ഥരായ ഭരണകൂടം സഭയ്ക്ക് നേരെ ശക്തമായ നടപടികള്‍ ആരംഭിക്കുകയായിരിന്നു. കത്തോലിക്ക റേഡിയോ ടെലിവിഷന്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയതും വിവിധ സന്യാസിനീ സമൂഹങ്ങളെ പുറത്താക്കിയതും ഉള്‍പ്പെടെ അനേകം സംഭവങ്ങളാണ് രാജ്യത്തു പില്‍ക്കാലത്ത് നടന്നത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »