News - 2025

മുന്നോട്ട് എന്തെന്ന് അറിയാതെ ഗാസയിലെ ക്രൈസ്തവര്‍

പ്രവാചകശബ്ദം 22-01-2025 - Wednesday

ഗാസ: വിശുദ്ധ നാട്ടില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന്റെ ആശ്വാസം നിലനില്‍ക്കുമ്പോള്‍ തന്നെ മുന്നോട്ട് എന്തെന്ന് അറിയാതെ ഗാസയിലെ ക്രൈസ്തവര്‍. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി പള്ളിയിൽ അഭയം പ്രാപിച്ച ക്രൈസ്തവരാണ് മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് ആശങ്കയോടെ കഴിയുന്നത്. പ്രദേശത്ത് പുനർനിർമ്മാണം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഗാസ മുനമ്പിലെ ഏക കത്തോലിക്ക ഇടവകയിലെ അംഗങ്ങൾ പള്ളി കോമ്പൗണ്ടിൽ നിന്ന് പുറത്തുകടന്നു തങ്ങളുടെ വീടുകളിൽ അവശേഷിക്കുന്നത് എന്താണെന്ന് കാണാൻ പോയി തുടങ്ങിയിട്ടുണ്ട്.

മാസങ്ങളായി ഹോളി ഫാമിലി ദേവാലയത്തിലും സമീപത്തുള്ള, സ്കൂളുകൾ, റെക്‌ടറി, കോൺവെൻ്റുകൾ എന്നിവ ഉൾപ്പെടുന്ന കോമ്പൗണ്ടിലാണ് ക്രൈസ്തവര്‍ അഭയം തേടിയിരിന്നത്. അക്രൈസ്തവര്‍ക്കും ഇവിടെ അഭയം നല്‍കിയിരിന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വെടിനിർത്തൽ നടപ്പാക്കിയതിനാൽ, ചില അഭയാര്‍ത്ഥികള്‍ അവരുടെ വീടുകൾ പരിശോധിക്കാൻ പുറപ്പെട്ടുവെങ്കിലും കാഴ്ച ഹൃദയഭേദകമായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി വീടുകൾ പൂർണ്ണമായും നശിച്ചതായി കണ്ടെത്തി. മറ്റുള്ളവർക്ക് ഇതുവരെ തങ്ങളുടെ വീടുകള്‍ കണ്ടെത്താനായിട്ടില്ല. അത്രക്ക് ആക്രമണങ്ങളാണ് നടന്നതെന്നും കെട്ടിടങ്ങള്‍ ചാരകൂമ്പാരമായി കിടക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സഹായമെത്തിക്കുന്നുണ്ടെങ്കിലും മുന്നോട്ട് വലിയ ആശങ്കയാണ് നിലനില്‍ക്കുന്നതെന്ന് ഗാസയിലെ ഹോളി ഫാമിലി ചര്‍ച്ച് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു. പ്രാഥമിക ആവശ്യങ്ങൾക്കായി സംഘടനകള്‍ ഒരു പരിധിവരെ ആശ്വാസം നൽകിയിട്ടുണ്ട്. ലത്തീൻ പാത്രിയാർക്കേറ്റിൻ്റെയും മാൾട്ടേസർ ഇൻ്റർനാഷണലിൻ്റെയും ശ്രമങ്ങൾക്ക് നന്ദി, ആയിരക്കണക്കിന് കുടുംബങ്ങളിലേക്ക് ഭക്ഷ്യസഹായം തുടർന്നുകൊണ്ടേയിരിക്കുന്നു. കാരിത്താസിനും മദർ തെരേസയുടെ സഹോദരിമാർക്കുമൊപ്പം, തങ്ങളുടെ കഴിവിനനുസരിച്ച് രോഗികൾക്കും ദരിദ്രർക്കും വൈദ്യസഹായം നൽകി വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതുജീവിതം എങ്ങനെ കെട്ടിപ്പടുക്കുമെന്ന ചിന്തയാണ് പ്രദേശത്തെ സാധാരണക്കാരെ കണ്ണീരിലാഴ്ത്തുന്നത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »