Life In Christ - 2024

വിഷമഘട്ടങ്ങളില്‍ സഹായിച്ചത് കത്തോലിക്ക വിശ്വാസം: ജെയിംസ് ബോണ്ട്‌ താരം പിയേഴ്സ് ബ്രോസ്നാന്‍

സ്വന്തം ലേഖകൻ 18-05-2020 - Monday

ന്യൂയോർക്ക്: 1995 മുതല്‍ 2002 വരെ ഇറങ്ങിയ ജെയിംസ് ബോണ്ട്‌ സിനിമകളിലൂടെ ലോക പ്രസിദ്ധനായ സിനിമാതാരം പിയേഴ്സ് ബ്രോസ്നാന്‍ തന്റെ കത്തോലിക്ക വിശ്വാസം പരസ്യമാക്കിക്കൊണ്ട് വീണ്ടും രംഗത്ത്. ‘ലേറ്റ് ലേറ്റ് ഷോ’ അവതാരകന്‍ ജെയിംസ് കോര്‍ഡന്റെ ചോദ്യത്തിനുത്തരമായിട്ടാണ് ബ്രോസ്നാന്‍ തന്റെ ശക്തമായ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് വീണ്ടും തുറന്നു പറഞ്ഞത്. ജീവിതത്തിലെ വിഷമസന്ധികളില്‍ തന്നെ കൈപിടിച്ച് നടത്തിയത് തന്റെ ദൈവവിശ്വാസമാണെന്ന് അദ്ദേഹം പറയുന്നു.

ഐറിഷ് കത്തോലിക്കാ കുടുംബത്തിലാണ് താന്‍ ജനിച്ചുവളര്‍ന്നതെന്നും, മീത്ത് കൗണ്ടിയിലെ കത്തോലിക്കാ സ്കൂളിലായിരുന്നു തന്റെ വിദ്യാഭ്യാസമെന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ബ്രോസ്നാന്‍ പറഞ്ഞു. ആത്മഹത്യാ പ്രേരണയുള്ളവരെ അത് മറികടക്കുവാന്‍ സഹായിക്കുന്ന പിയറ്റ ചാരിറ്റി എന്ന ഐറിഷ് സംഘടനയെക്കുറിച്ച് സംസാരിക്കവെ, വൈകാരിക പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്നവര്‍ തങ്ങളുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുവാനും, മനസ്സില്‍ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരിക്കുവാനും, ദൈവത്തിനായി സ്വയം സമര്‍പ്പിക്കുവാനും  ബ്രോസ്നാന്‍ നിർദേശിച്ചു.

സന്തോഷകരമായ ദാമ്പത്യ ജീവിത രഹസ്യത്തെക്കുറിച്ചും ബ്രോസ്നാന്‍ വിവരിച്ചു. പരസ്പരം സഹായിച്ചും, സ്നേഹിച്ചും തുടരുന്ന പ്രവര്‍ത്തിയാണ് ദാമ്പത്യമെന്നാണ് സമീപകാലത്ത് തന്റെ ഇരുപത്തിയാറാമത് വിവാഹ വാര്‍ഷികം ആഘോഷിച്ച ബ്രോസ്നാന്‍ പറയുന്നത്.

തന്റെ കത്തോലിക്കാ വിശ്വാസ സാക്ഷ്യം പരസ്യമായി പ്രഘോഷിക്കുന്ന കാര്യത്തിലും ബ്രോസ്നാന്‍ മുന്നിലാണ്. തന്റെ മുന്‍ഭാര്യയും, ദത്തുപുത്രിയും ഓവറിയന്‍ കാന്‍സര്‍ മൂലം മരണപ്പെട്ടപ്പോള്‍ തന്നെ മുന്നോട്ട് നയിച്ചത് തന്റെ വിശ്വാസമാണെന്ന് 2014-ലും ബ്രോസ്നാന്‍ വെളിപ്പെടുത്തിയിരുന്നു. കത്തോലിക്കാ വിശ്വാസം തന്റെ ഡി.എന്‍.എ യില്‍ ഉള്ളതാണെന്നും ബ്രോസ്നാന്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്.         


Related Articles »