Life In Christ

ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: നൈജീരിയയിൽ അഞ്ചു മാസത്തിനിടെ കൊല്ലപ്പെട്ടത് 620 ക്രൈസ്തവർ

പ്രവാചക ശബ്ദം 19-05-2020 - Tuesday

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ അഞ്ചു മാസത്തിനിടെ കൊല്ലപ്പെട്ടത് 620 ക്രൈസ്തവ വിശ്വാസികള്‍. ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന നൈജീരിയൻ സംഘടനയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫുലാനി ഹെഡ്സ്മാന്‍, ബൊക്കോ ഹറാം തീവ്രവാദികളാണ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾക്ക് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ മൂർച്ചകൂട്ടിയിരിക്കുന്നതെന്ന് സംഘടനയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളില്‍ തകർക്കപ്പെട്ടിരിക്കുന്നത്. നിരവധി വിദ്യാലയങ്ങളും, ക്രൈസ്തവരുടെ ഭവനങ്ങളും തീവ്രവാദികൾ നശിപ്പിച്ചു. ഇത്രയുമൊക്കെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും, നൈജീരിയൻ സർക്കാർ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല എന്ന ഗുരുതരമായ വസ്തുതയാണ് ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോയുടെ അധ്യക്ഷനും ക്രൈസ്തവ വിശ്വാസിയുമായ ഇമേക്ക ഉമിയാഗ്ബലാസി ചൂണ്ടിക്കാണിക്കുന്നത്. ചില രാഷ്ട്രീയ നേതാക്കന്മാരുമായി തീവ്രവാദി സംഘടനകൾക്ക് ബന്ധമുണ്ട് എന്ന ആരോപണവും റിപ്പോർട്ടിലുണ്ട്.

2009ന് ശേഷം 32,000 ക്രൈസ്തവ വിശ്വാസികൾ നൈജീരിയയിൽ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. കാലികളെ മേയ്ക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മുസ്ലിം ഗോത്രവർഗക്കാരായ ഫുലാനികളാണ് ക്രൈസ്തവ നരഹത്യയുടെ സിംഹഭാഗവും നടത്തിയത്. പതിനാറാം നൂറ്റാണ്ടിലാണ് ഇവർ ഇസ്ലാം മതം സ്വീകരിക്കുന്നത്. ക്രൈസ്തവ വിശ്വാസികളായ കൃഷിക്കാരുടെ കൈവശമിരിക്കുന്ന സ്ഥലങ്ങൾ പിടിച്ചടക്കാൻ ഫുലാനികള്‍ നൂറ്റാണ്ടുകളായി പോരാട്ടത്തിലാണ്. അഞ്ചുവർഷം മുമ്പ് നൈജീരിയയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്ന് ബൊക്കോ ഹറാം തീവ്രവാദികളെ സൈന്യം തുരത്തിയെങ്കിലും, ഏതാനും ചില ഗ്രാമങ്ങളിൽ ഇപ്പോഴും അവർക്ക് സാന്നിധ്യമുണ്ട്.

ക്രൈസ്തവ ഗ്രാമങ്ങളിൽ പ്രവേശിച്ച് കുട്ടികളെയും, സ്ത്രീകളെയും തീവ്രവാദ സംഘടന തട്ടിക്കൊണ്ട് പോകുന്നത് തുടർക്കഥയായി മാറിയിരിക്കുകയാണ്. രണ്ടുവർഷം മുമ്പ് ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ ലീ ഷരിബു എന്ന ക്രൈസ്തവ പെൺകുട്ടി ഇപ്പോഴും അവരുടെ പിടിയിലാണ്. ലീയോടൊപ്പം, 108 സ്കൂൾ വിദ്യാർത്ഥിനികളെയാണ് ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയിരുന്നതെങ്കിലും, 104 പേരെ അവർ വിട്ടയച്ചു. ഇതിനിടയിൽ അഞ്ച് വിദ്യാർത്ഥിനികൾ മരണമടഞ്ഞു. തന്റെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തതിനാലാണ് ഷരിബുവിനെ തിരികെ വിടാൻ തീവ്രവാദികൾ വിസമ്മതിച്ചതെന്ന്‍ പിന്നീട് വ്യക്തമായി.

നൈജീരിയയിൽ നടക്കുന്ന കൂട്ടക്കുരുതിയിൽ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയോട്, ഈ വർഷം തുടക്കത്തിൽതന്നെ ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷ്ണൽ എന്ന ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൈജീരിയയിൽ നടക്കുന്ന വംശഹത്യയെകുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും തികഞ്ഞ മൗനത്തിലാണ്. ഓപ്പൺ ഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവ വിശ്വാസികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »