Events - 2020

കാത്തിരുപ്പു കാലഘട്ടത്തിൽ ബൈബിൾ തീർത്ഥാടനവുമായി യുകെയിലെ മലങ്കര യുവജനങ്ങൾ

21-05-2020 - Thursday

പെന്തക്കുസ്ത തിരുനാളിനൊരുക്കമായുള്ള കാത്തിരുപ്പു കാലത്തിൽ നോട്ടിങ്ഹാം, കോവെന്ററി, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റെർ എന്നീ മലങ്കര കൂട്ടായ്മകളിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ബൈബിൾ തീർത്ഥാടനം സംഘടിപ്പിക്കുന്നു. ലോകമെങ്ങുമുള്ള ക്രൈസ്തവർ മുൻപെങ്ങുമില്ലാത്ത വിധം താല്പര്യത്തോടെ പെന്തക്കുസ്ത തിരുനാളിനായി ആത്മീയമായി ഒരുങ്ങുന്ന ഒരു സമയമാണിത്. ഈ ഒരു പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണിന്റെ പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ കൂട്ടായ്മകളിലെ ആത്മീയനിറവ് വർദ്ധമാനമാക്കാൻ നോട്ടിങ്ങ്ഹാം, കോവെന്ററി, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റെർ എന്നീ മലങ്കര മിഷനുകളിലെ യുവജനങ്ങൾ മുന്നിട്ടിറങ്ങിയത്.

സ്വർഗാരോഹണത്തിരുനാൾ ദിനമായ മെയ്‌ 21, വ്യാഴാഴ്ച രാവിലെ 9ന് ആരംഭിച്ചു പെന്തക്കുസ്ത തിരുനാളിന്റെ തലേന്ന് രാത്രി 10-ന് സമാപിക്കുന്ന രീതിയിൽ ബൈബിൾ ആദ്യാവസാനം പാരായണം ചെയ്യുക എന്നതാണ് ബൈബിൾ തീർത്ഥാടനം കൊണ്ട് അർത്ഥമാക്കുന്നത്. മലങ്കര കത്തോലിക്കാ സഭ, യുവജനകമ്മീഷൻ ചെയർമാൻ, ആബൂൻ വിൻസെന്റ് മാർ പൗലോസ് ബൈബിൾ തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. ഓരോ ദിവസവും 13 മണിക്കൂർ വീതം ദിവ്യകാരുണ്യസന്നിധിയിൽ പ്രാർത്ഥനാപൂർവ്വം ആയിരുന്നു കൊണ്ടാണ് ഇടമുറിയാതെയുള്ള ഈ വചനസപര്യ. ഓൺലൈൻ ആയി നാലു മലങ്കര സമൂഹങ്ങളിലുമുള്ള നൂറിലധികം പേർ ഒൻപതുദിവസങ്ങളിൽ ഈ തീർത്ഥയാത്രയിൽ പങ്കു ചേരും. എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ 5.30 വരെ മലങ്കര ക്രമത്തിലുള്ള വി. കുർബാനയും ബൈബിൾ തീർത്ഥാടനത്തെ കൂടുതൽ മിഴിവുള്ളതാക്കുന്നു.

അനുദിനമുള്ള അഖണ്ഡ വചനവായന കൂടാതെ ഓരോ ദിവസവും ബൈബിൾ സംബന്ധമായ പൊതുഅറിവുകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കു വയ്ക്കാനും കൂടാതെ ഈ ഒൻപതു ദിവസങ്ങളിലും ലോകം മുഴുവനും വേണ്ടി പ്രത്യേകം മധ്യസ്ഥ പ്രാർത്ഥന നടത്താനും യുവജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.നോട്ടിങ്ങ്ഹാം, കോവെന്ററി, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റർ എന്നീ മലങ്കര മിഷനുകളിലെ എംസിവൈഎം ഭാരവാഹികളായ ജോഫി തോമസ് ജിജി, ആൽബിൻ മാത്യു, ജിസ് മരിയ ടിറ്റോ, ജെയ്‌മി മൈക്കിൾ, ജൊഹാൻ മനോഷ്, ജറോം മാത്യു, വിവിയൻ ജോൺസൻ, മിയ മനു ജോർജ്, ഡാനിയേൽ മിൽട്ടൺ, ജ്യൂവൽ ജോസ്, ജോബി ജോസ്, ആൻസി മനു മനോഷ് ജോൺ എന്നിവരുടെ പ്രത്യേക നേതൃത്വത്തിലാണ് ബൈബിൾ തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്.

യുകെയിലെ വിശ്വാസസൗഹൃദമല്ലാത്ത സംസ്കാരത്തിൽ വളരേണ്ടി വരുമ്പോഴും തങ്ങൾക്ക് പൈതൃകമായി ലഭിച്ച മലങ്കരയുടെ ആത്മീയപാരമ്പര്യം അനസ്യൂതം നിലനിർത്താനുള്ള യുവജനസഭയുടെ ശക്തമായ പരിശ്രമം തികച്ചു അഭിനന്ദനാർഹമാണ്. യു കെ മലങ്കര കത്തോലിക്കാ സഭ കോഓർഡിനേറ്റർ ഫാ. തോമസ് മടുക്കുംമൂട്ടിൽ, യുകെ എംസിവൈഎം ഡയറക്ടർ ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ, ഈ നാലു മിഷനുകളുടെയും ചാപ്ലയിൻ ഫാ.മാത്യു നെരിയാട്ടിൽ എന്നിവരുടെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും യുവജനങ്ങളുടെ ഈ സംരംഭത്തിനുണ്ട്. മലങ്കര കത്തോലിക്കാ സഭാ തലവൻ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് ബാവായുടെയും അപ്പസ്തോലിക വിസിറ്റർ മാർ തിയഡോഷ്യസിന്റെയും ആശീർവാദവും ഈ ആത്മീയ ഉദ്യമത്തിനുണ്ട്


Related Articles »