Faith And Reason - 2024

ക്രിസ്തുവില്‍ വിശ്വസിച്ചു: ഉഗാണ്ടയില്‍ മുസ്ലീം യുവതിയുടെ ദേഹത്ത് പിതാവ് തിളച്ച എണ്ണയൊഴിച്ചു

പ്രവാചക ശബ്ദം 29-05-2020 - Friday

കംപാല: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഇസ്ലാം മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുസ്ലീം യുവതിയെ പിതാവ് തിളച്ച എണ്ണയൊഴിച്ച് പൊള്ളലേല്‍പ്പിച്ചു. കഴുത്തിലും, കാലിലും, പുറത്തും ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തിനാലു വയസ്സുള്ള റെഹേമ ക്യോമുഹെന്‍ഡോ ഇപ്പോള്‍ ഉംമ്പാലെയിലെ റീജിയണല്‍ റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മതനിരീക്ഷക സൈറ്റായ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസാണ് വിശ്വാസത്തിന്റെ പേരില്‍ ക്യോമുഹെന്‍ഡോ നേരിട്ട ക്രൂരത പുറം ലോകത്തിന് മുന്നില്‍ എത്തിച്ചത്.

യുവതിയും പിതാവായ ഷെയിഖ് ഹുസൈന്‍ ബ്യാരുഹങ്ക ഹുസൈനും ഉംമ്പാലെ ജില്ലയിലെ നവൂയോ ഗ്രാമത്തിലുള്ള ബന്ധു വീട്ടില്‍ താമസിക്കവേയാണ് സംഭവം നടക്കുന്നത്. ക്രിസ്ത്യന്‍ റേഡിയോ കേള്‍ക്കുന്നത് ക്യോമുഹെന്‍ഡോയുടെ പതിവായിരുന്നുവെന്ന് മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യോമുഹെന്‍ഡോ തന്റെ പിതാവിന്റെ കത്തോലിക്കാ വിശ്വാസിയായ സുഹൃത്തിനെ വിളിച്ചതില്‍ നിന്നുമാണ് സംഭവങ്ങളുടെ തുടക്കം. അവര്‍ തനിക്ക് ക്രിസ്തുവിനെക്കുറിച്ചും, മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗത്തെക്കുറിച്ചും വിവരിച്ചു തന്നുവെന്നും താന്‍ ക്രിസ്തുവിനെ തന്റെ രക്ഷകനായി സ്വീകരിച്ചുവെന്നും ആശുപത്രികിടക്കയില്‍ കിടന്നുകൊണ്ട് ക്യോമുഹെന്‍ഡോ വെളിപ്പെടുത്തി.

പരസ്പരമുള്ള വിശ്വാസ പങ്കുവെക്കലിനിടയില്‍ പിതാവ് ആക്രോശിച്ചുകൊണ്ട് മുറിയിലെത്തുകയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളലേല്‍പ്പിക്കുകയുമായിരുന്നുവെന്ന് ക്യോമുഹെന്‍ഡോ പറയുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് അവളെ ആശുപത്രിയില്‍ എത്തിച്ചത്. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത തന്റെ മകളെ റമദാന്‍ നോമ്പിന്റെ പതിനൊന്നാം ദിവസം കൊലപ്പെടുത്തുമെന്ന് ഷെയിഖ് ഹുസൈന്‍ ബ്യാരുഹങ്ക തന്റെ സഹോദരിയോട്‌ പറഞ്ഞിരുന്നതായി മോര്‍ണിംഗ് സ്റ്റാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഗാണ്ടയില്‍ ക്രൂരമായ മതപീഡനത്തിനിരയാകുന്ന ലക്ഷകണക്കിന് ക്രൈസ്തവരില്‍ ഒരാള്‍ മാത്രമാണ് ക്യോമുഹെന്‍ഡോ. കടുത്ത മതപീഡനമാണ് രാജ്യമെങ്ങും നടക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »