Life In Christ - 2024

യൂറോപ്പിനെ ക്രിസ്തീയമായി നിലനിര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യം: പോളണ്ടില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് പ്രതിനിധി

പ്രവാചക ശബ്ദം 29-05-2020 - Friday

വാർസോ: യൂറോപ്പിനെ മഹത്തരവും ക്രിസ്തീയവുമായി നില നിര്‍ത്തുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പോളണ്ടില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റംഗമായ ഡൊമിനിക്ക് ടാര്‍ക്ക്സിന്‍സ്കി. ജര്‍മ്മന്‍ വാര്‍ത്താ ചാനലായ ഡിഡബ്ള്യു ന്യൂസിന്റെ ‘കോണ്‍ഫ്ലിക്റ്റ് സോണ്‍’ എന്ന രാഷ്ട്രീയ ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പോളണ്ടിലെ ഭരണകക്ഷിയായ പോപ്പുലിസ്റ്റ് ലോ ആന്‍ഡ്‌ ജസ്റ്റിസ് പാര്‍ട്ടിയംഗമായ ടാര്‍ക്ക്സിന്‍സ്കി ഇക്കാര്യം പരസ്യമാക്കിയത്. പോളണ്ടില്‍ സര്‍ക്കാര്‍ നടത്തിവരുന്ന നവീകരണ നടപടികളെ പിന്തുണച്ചുകൊണ്ട് തങ്ങള്‍ കൈകൊണ്ട നവീകരണ നടപടികള്‍ക്ക് ജനപിന്തുണയുണ്ടെന്നും, അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയം സ്വന്തമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ കീഴിലുള്ള അടിച്ചമര്‍ത്തലുകളെ പോലും അതിജീവിച്ച കത്തോലിക്ക മൂല്യങ്ങളില്‍ അധിഷ്ഠിതമായ രാജ്യമാണ് പോളണ്ട്. ഗർഭഛിദ്രത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ലൈംഗീക വിദ്യാഭ്യാസം കുറ്റകരമാക്കുക തുടങ്ങിയ നടപടികളിലൂടെ രാജ്യത്തെ കത്തോലിക്ക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഭരണകൂടവും നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. അടുത്ത് തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ക്രിസ്തീയ നിലപാട് വ്യക്തമാക്കിയ ടാര്‍ക്ക്സിന്‍സ്കിയുടെ പ്രസ്താവന വരും നാളുകളിൽ വലിയ ചർച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Related Articles »