Life In Christ
ഉയര്‍ന്ന ശമ്പളമുള്ള എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് ക്രിസ്തുവിന് സമര്‍പ്പിച്ച ഡീക്കൻ തോമസിന്റെ തിരുപ്പട്ടം ശനിയാഴ്ച
പ്രവാചക ശബ്ദം 04-06-2020 - Thursday
ചിക്കാഗോ: ഉയര്‍ന്ന ശമ്പളമുള്ള എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് ക്രിസ്തുവിന് സ്വയം സമര്‍പ്പിച്ച കോട്ടയം സ്വദേശിയായ ഡീക്കൻ തോമസിന്റെ (ടിമ്മി) തിരുപ്പട്ട സ്വീകരണം ശനിയാഴ്ച (ജൂണ്‍ 6) ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ നടക്കും. പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ജീസസ് യൂത്തിനു വേണ്ടി അമേരിക്കയിൽ നിന്ന് പൗരോഹിത്യം സ്വീകരിക്കുന്ന പ്രഥമ വൈദികന്‍ എന്ന പേരോടു കൂടിയാണ് അദ്ദേഹം പട്ടത്തിനായി ഒരുങ്ങുന്നത്. ജീസസ് യൂത്തിന്റെ അജപാലനശുശ്രൂഷയ്ക്ക് കരുത്തേകാൻ സഭാതനയനെ സമ്മാനിച്ച ചിക്കാഗോ സീറോ മലബാർ രൂപതയ്ക്കും ഇത് ഏറെ ആഹ്ലാദത്തിന്റെ സമയമാണ്.
കോട്ടയത്തു നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ പുളിക്കൽ ജോസ്- ടെസി ദമ്പതികളുടെ മൂന്ന് മക്കളിൽ ഏക ആൺതരിയാണ് ഡീക്കൻ തോമസ്. കുടുംബത്തില്‍ നിന്നു ലഭിച്ച വിശ്വാസ പരിശീലനത്തിന്റെ അടിത്തറയില്‍ ആഴപ്പെട്ട് ജീവിതം മുന്നോട്ട് നീക്കിയപ്പോള്‍ വൈദികനാകുവാന്‍ തെല്ലും അദ്ദേഹം ആഗ്രഹിച്ചിരിന്നില്ല. ജീവിതം കരുപിടിപ്പിക്കാന്‍ ‘ഡ്യുവൽ ഡിഗ്രി പ്രോഗ്രാ’മാണ് തോമസ് തെരഞ്ഞെടുത്തത്. കംപ്യൂട്ടർ സയൻസിലും മാത്തമാറ്റിക്‌സിലും മികച്ച വിജയം നേടി. എന്നാല്‍ പഠനത്തിന് ശേഷം ജോലി അന്വേഷണം തകൃതിയാക്കുന്ന ഘട്ടത്തിലും ഈശോയോട് ചേര്‍ന്നായിരിന്നു ഡീക്കന്‍ തോമസിന്റെ ജീവിതയാത്ര. ഉന്നത നിലയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ജീസസ് യൂത്തിന്റെ ഒരു വര്‍ഷത്തെ ശുശ്രൂഷയില്‍ ഭാഗഭാക്കായി.
ജീസസ് യൂത്തിന്റെ ‘വൺ ഇയർ കമിറ്റ്‌മെന്റ്’ സ്വീകരിക്കുന്ന അമേരിക്കയിൽ നിന്നുള്ള ആദ്യ വ്യക്തി എന്ന പേരോട് കൂടിയായിരിന്നു അദ്ദേഹത്തിന്റെ പ്രവേശനം. യേശുവിന് വേണ്ടി ജീവിതം തീര്‍ത്തും സമര്‍പ്പിച്ച അദ്ദേഹത്തിന് പിന്നീടുള്ള നാളുകള്‍ അനുഗ്രഹത്തിന്റെ ദിവസങ്ങളായിരിന്നു. പ്രതിരോധ വകുപ്പ്, ഫിനാൻഷ്യൽ സർവീസ്, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് എന്നീ മേഖലകളില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലിയുടെ നാളുകള്‍. ആദ്യം കൊളറാഡോയില്‍ പിന്നീട് ഹൂസ്റ്റണിലും അദ്ദേഹം സേവനം ചെയ്തു. തിരക്കേറിയ ജീവിതത്തിനു ഇടയിലും അദ്ദേഹം തന്റെ ആത്മീയ ജീവിതത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയില്ല.
ഉച്ചഭക്ഷണത്തിനുശേഷമുള്ള വിശ്രമസമയം ദിവ്യബലിയിൽ ചെലവിട്ടും വ്യക്തിപരമായി പ്രാര്‍ത്ഥിച്ചു തന്റെ ആത്മീയ പോഷണം അദ്ദേഹം തുടര്‍ന്നു. 2012ലെ സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിന് പതിവുപോലെ ദിവ്യബലിയിൽ പങ്കുകൊണ്ടിരിക്കുമ്പോഴാണ്, തന്നെ പൗരോഹിത്യത്തിലേക്ക് ദൈവം വിളിക്കുന്നു എന്ന ചിന്ത മനസിൽ നിറഞ്ഞതെന്ന് ഡീക്കന്‍ തോമസ് പറയുന്നു. തോമസിനു വിവാഹ ആലോചനയ്ക്കായി മാതാപിതാക്കലും സഹോദരങ്ങളും സജീവമാകുന്ന കാലയളവിലായിരിന്നു ഞെട്ടിക്കുന്ന തീരുമാനം ഉണ്ടായത്. ദൈവഹിതത്തോട് കുടുംബവും ചേർന്നുനിന്നതോടെ ജീസസ് യൂത്തിന്റെ സെൻട്രൽ ഓഫീസ് സ്ഥിതിചെയ്യുന്ന ചിക്കാഗോ ബ്രാഞ്ചിലേക്ക് ട്രാന്‍സ്ഫര്‍ ഏറ്റുവാങ്ങി.
തുടര്‍ന്നു ചിക്കാഗോയിലെ ‘ഹോളി അപ്പസ്തൽ കോളജ് ആൻഡ് സെമിനാരി’യിൽ ഫിലോസഫി പഠനം ആരംഭിക്കുകയായിരുന്നു. പഠനത്തിന്റെ അവസാന നാളുകളിൽ ഓഫീസിൽ രാജിക്കത്ത് സമർപ്പിച്ചപ്പോള്‍ മികച്ച ഒരു ജീവനക്കാരൻ തങ്ങൾക്ക് നഷ്ടമാകാതിരിക്കാൻ ഉപദേശങ്ങളും വാഗ്ദാനങ്ങളുമായി കമ്പനി അധികൃതർ രംഗത്തെത്തി. എന്നാല്‍ പിന്‍മാറുവാന്‍ തോമസ് തയാറായിരിന്നില്ല. ഏറ്റവും ഒടുവിൽ തന്റെ പൗരോഹിത്യവിളി വെളിപ്പെടുത്തിയപ്പോൾ, അദ്ദേഹത്തിന്റെ മാനേജർ നൽകിയ മറുപടി ഏറെ ശ്രദ്ധേയമായിരിന്നു, "ദൈവവുമായി യുദ്ധം ചെയ്യാൻ ഞാനില്ല. നിന്റെ വിളി അതാണെങ്കിൽ സ്വീകരിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ!".
അങ്ങനെ 2015ൽ ഫ്‌ളോറിഡയിലെ സെന്റ് വിൻസന്റ് ഡി പോൾ റീജ്യണൽ സെമിനാരിയിൽ തിയോളജി പഠനം ആരംഭിച്ചു. ഏറ്റവും മികച്ച വിദ്യാർത്ഥിയെന്ന ബഹുമതിയോടെയാണ് തോമസ് പഠനം പൂർത്തിയാക്കിയത്. 2019 മേയ് 16നായിരുന്നു ഡീക്കൻ പട്ടം. തുടർന്ന് ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ രണ്ടു മാസത്തെ അജപാലന പരിശീലനവും പൂർത്തിയാക്കി. ജൂൺ ആറിന് ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിലാണ് തിരുപ്പട്ട സ്വീകരണം. ‘കോവിഡ് പ്രോട്ടോകോൾ’ ഉള്ളതിനാൽ തിരുക്കർമങ്ങളിൽ ചുരുക്കം പേര്‍ മാത്രമേ പങ്കെടുക്കാനാകൂവെന്ന് രൂപതാ നേതൃത്വം അറിയിച്ചു. രാവിലെ 10ന് അർപ്പിക്കുന്ന തിരുക്കർമത്തിൽവെച്ച് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് കൈവെപ്പ് ശുശ്രൂഷയ്ക്ക് കാർമ്മികത്വം വഹിക്കും. സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് വചനസന്ദേശം നൽകും. ചിക്കാഗോ രൂപതയിൽനിന്നുള്ള നാലാമത്തെ വൈദികനായിരിക്കും ഡീക്കൻ തോമസ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക